Current Date

Search
Close this search box.
Search
Close this search box.

യു.എ.പി.എ: കണക്കുകൾ സംസാരിക്കുന്നു

2012 ഓഗസ്റ്റിൽ 38 വയസ്സുകാരനായ മുഹമ്മദ് ഇല്യാസ്, 33 വയസ്സുകാരനായ മുഹമ്മദ് ഇർഫാൻ എന്നിവരെ മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നിയമവിരുദ്ധ പ്രവർത്തന (നിരോധന) നിയമ (UAPA) പ്രകാരം (മറ്റ് ചില കുറ്റങ്ങൾക്കൊപ്പം) തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളതായി ആരോപിച്ച് അറസ്റ്റ് ചെയ്തു. ഒമ്പത് വർഷം ജയിലിൽ കിടന്ന ശേഷം, തെളിവുകളുടെ അഭാവം കാരണം എല്ലാ കുറ്റങ്ങളിൽ നിന്നും കോടതി അവരെ ഒഴിവാക്കി, ജൂണിൽ വിട്ടയച്ചു.

അന്യായമായ അറസ്റ്റിന്റെ പേരിൽ യു.എ.പി.എ ആക്ട് വാർത്തകളിൽ നിറയുന്നത് ഇത് ആദ്യത്തെയോ അവസാനത്തേയോ തവണയല്ല. വാസ്തവത്തിൽ, ഇക്കഴിഞ്ഞ മാസം ത്രിപുരയിലെ മസ്ജിദുകൾക്ക് നേരെയുണ്ടായ സംഘർഷങ്ങളും ആക്രമണങ്ങളും തുറന്ന്കാട്ടിയതിന്റെ പേരിൽ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ 102 സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾക്കെതിരെ ത്രിപുര പോലീസ് യു.എ.പി.എ ചുമത്തിയിരുന്നു. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പോലീസ് നടപടികളിൽ തങ്ങളുടെ നടുക്കം രേഖപ്പെടുത്തി ‘എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ’ ഒരു വാർത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.

2014 നും 2020 നും ഇടയിൽ യു.എ.പി.എ പ്രകാരം ഓരോ വർഷവും ശരാശരി 985 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിൽ തീർപ്പാക്കാത്ത കേസുകളുടെ എണ്ണത്തിൽ ഓരോ വർഷവും 14.38 ശതമാനത്തിന്റെ വർധനവാണുണ്ടായത്. കൂടാതെ, ഏഴ് വർഷത്തിനിടെ ആകെ കേസുകളിൽ നിന്ന് ശരാശരി 40.58% കേസുകൾ വിചാരണയ്ക്ക് അയച്ചപ്പോൾ, അവയിൽ വിചാരണ പൂർത്തിയായത് 4.5% കേസുകൾ മാത്രമായിരുന്നു.

യു.എ.പി.എ പ്രകാരം ഏഴ് വർഷമായി (2014-2020) നടത്തിയ അറസ്റ്റുകൾ, വിചാരണകൾ, കുറ്റപത്രങ്ങൾ, മറ്റു അനുബന്ധ രേഖകൾ എന്നിവ സംബന്ധിച്ച ‘നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ’ ഡാറ്റകൾ ഫാക്റ്റ്ചെക്കർ (സത്യാന്വേഷണ വെബ്‌സൈറ്റ്) വിശകലനം ചെയ്തു. 2010 മുതലുള്ള ഡാറ്റകൾ വിലയിരുത്താനാണ് ഞങ്ങൾ ഉദ്ദേശിച്ചത്. എന്നാൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2010 നും 2013 നും ഇടയിലുള്ള “ക്രൈം ഇൻ ഇന്ത്യ” റിപ്പോർട്ടുകളിൽ ഈ നിയമത്തെ സംബന്ധിച്ച യാതൊരു പരാമർശവും ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചില്ല.

ഈ ഡാറ്റകളുടെ ആഴങ്ങലിലേക്ക് കടക്കുന്നതിന് മുമ്പ്, ഈ നിയമത്തെയും അതിന്റെ പ്രയോഗത്തെയും കുറിച്ച് നമുക്ക് മനസ്സിലാക്കാം.

എന്താണ് യു.എ.പി.എ?

“വ്യക്തികളുടെയും സംഘടനകളുടെയും ചില നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഫലപ്രദമായി തടയുന്നതിനും, [ഭീകരവാദ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനും], അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി” 1967 ഡിസംബർ 30-നാണ് നിയമവിരുദ്ധ പ്രവർത്തന (നിരോധന) നിയമം ആദ്യമായി നിലവിൽ വരുന്നത്.

പ്രസ്തുത നിയമം നിർവചിക്കുന്നത് പ്രകാരം നിയമവിരുദ്ധ പ്രവർത്തനമെന്നാൽ, ഇന്ത്യാ രാജ്യത്തിനെതിരായ വികാരത്തിന് കാരണമാവുകയോ, ആ ഉദ്ദേശത്തോട് കൂടിയോ, അല്ലെങ്കിൽ ഇന്ത്യ സ്വന്തം ഭൂമിയാണെന്ന് അവകാശപ്പെടുന്ന പ്രദേശ‌ങ്ങൾക്കുമേൽ അവകാശവാദം ഉന്നയിക്കുകയോ, മറ്റൊരാളുടെ വാദത്തെ പിന്തുണക്കുകയോ ചെയ്യുക വഴി, ഇന്ത്യയുടെ പരമാധികാരത്തെ നിരാകരിക്കുകയോ ചോദ്യം ചെയ്യുകയോ തടസ്സപ്പെടുത്തുകയോ, അല്ലെങ്കിൽ രാഷ്ട്രത്തിന്റെ പ്രാദേശിക അഖണ്ഡതയെ തകർക്കാൻ ഉദ്ദേശിക്കും വിധത്തിലുള്ള, പ്രവർത്തനങ്ങളും, സംസാരത്തിലൂടെയോ, എഴുതിലൂടെയോ, അടയാളങ്ങളിലൂടെയോ അല്ലെങ്കിൽ ദൃശ്യാവിഷ്കാരങ്ങളിലൂടെയോ പ്രകടമാക്കുന്ന വാക്കുകളുമാണ്.

വിഘടനവാദത്തെ സംബന്ധിച്ചതും, തീവ്രവാദ വിരുദ്ധ വകുപ്പുകളും ഉൾപെടുത്തി ഇന്ന് കാണുന്ന യഥാർത്ഥ നിയമം പ്രാബല്യത്തിൽ വന്നത് 2004ൽ ആയിരുന്നു. ഈ നിയമം കേന്ദ്രത്തിന് സമ്പൂർണ്ണ അധികാരം നൽകുന്നത് കൊണ്ട് തന്നെ, ഒരു ഔദ്യോഗിക ഗസറ്റ് വഴി ഒരു പ്രവർത്തനം നിയമവിരുദ്ധമായി കണക്കാക്കാനും അത് പ്രഖ്യാപിക്കാനും കേന്ദ്രത്തിന് സാധ്യമാകുന്നു.

2018-ൽ രൂപീകരിച്ച ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ ), കേന്ദ്രത്തിന് കീഴിലുള്ള ഒരു തീവ്രവാദ-വിരുദ്ധ നിയമ നിർവ്വഹണ ഏജൻസിയാണ്. 2019 ജൂലൈ വരെ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ റാങ്കിലോ തത്തുല്യ പദവിയിലോ കുറയാത്ത ഒരു ഉദ്യോഗസ്ഥനാണ് യു.എ.പി.എ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ യോഗ്യതയുണ്ടായിരുന്നത്. എന്നാൽ 2019ൽ നിയമവിരുദ്ധ പ്രവർത്തന (നിരോധന) ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയതിന് ശേഷം, ഇൻസ്പെക്ടർ റാങ്കിലോ, അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥർക്ക് ഇത്തരം കേസുകൾ അന്വേഷിക്കാനുള്ള യോഗ്യത ലഭിച്ചു.

2014 മുതലുള്ള കേസുകൾ

ക്രൈം റെക്കോർഡുകൾ പ്രകാരം, 2014 നും 2020 നും ഇടയിൽ 6900 യു.എ.പി.എ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് ഓരോ വർഷവും ശരാശരി 985 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഏഴ് വർഷത്തിനിടയിൽ, 2019-ലാണ് ഏറ്റവും കൂടുതൽ കേസുകൾ. 1226 കേസുകൾ ഈ വർഷം രജിസ്റ്റർ ചെയ്തപ്പോൾ, തൊട്ട്പിന്നിലായി 1182 കേസുകളാണ് 2018ൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ സംഖ്യ 2020-ൽ 35% കുറഞ്ഞ് 796 ആയി.
ശ്രദ്ധിക്കുക: ഓരോ കേസിലും ഒന്നിലധികം കുറ്റാരോപിതർ ഉണ്ടാകാം.

അന്വേഷണം കാത്തുക്കിടക്കുന്ന കേസുകളുടെ എണ്ണം പ്രതിവർഷം ശരാശരി 14.38% എന്ന നിരക്കിൽ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം നടത്താതെ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം 2014ൽ 1857 ആയിരുന്നു. എന്നാൽ 2015ൽ, 37 ശതമാനത്തിന്റെ വർധനവോടെ (ഏറ്റവും ഉയർന്ന ഒരു വർഷത്തെ കുതിച്ചുചാട്ടം) 2549 കേസുകളായി ഉയർന്നു. ഏറ്റവും പുതിയ ഡാറ്റയനുസരിച്ച്, 2020ൽ ഈ സംഖ്യ 4021 ആയിട്ടുണ്ട്.

2014 മുതൽ 2020 വരെയുള്ള ഏഴ് വർഷ കാലയളവിൽ കുറ്റപത്രം സമർപ്പിച്ച കേസുകളുടെ വിവരങ്ങൾ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ടിട്ടുണ്ടെങ്കിലും, 2014, 2015, 2016 വർഷങ്ങളിലെ മൊത്തം ഡാറ്റയിൽ നിന്ന് നടപ്പ് വർഷവും മുൻവർഷങ്ങളിലുമായി റിപ്പോർട്ട്‌ ചെയ്ത കേസുകളിൽ, കുറ്റപത്രം സമർപ്പിച്ച കേസുകൾ വേർതിരിച്ച് രേഖപ്പെടുത്തിയിട്ടില്ല. 2017 നും 2020 നും ഇടയിൽ, ഓരോ വർഷവും ശരാശരി 165 കേസുകൾക്കാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനർത്ഥം, ഈ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളുടെ ശരാശരിയുടെ 16% കേസുകൾക്ക് മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്.

യു.എ.പി.എ കേസുകളിൽ കുറ്റം തെളിയുന്നതിന്റെ നിരക്ക്

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ വിചാരണയിലിരിക്കുന്ന കേസുകളെ രണ്ടായി തരംതിരിക്കുന്നു:

1. മുൻ വർഷത്തെ വിചാരണ തീർപ്പാക്കാത്ത കേസുകളുടെയും, ഈ വർഷം വിചാരണയ്ക്ക് അയച്ച കേസുകളുടെയും എണ്ണം.

2. വിചാരണ പൂർത്തിയാക്കിയ കേസുകൾ, വിചാരണ കൂടാതെ തീർപ്പാക്കപ്പെട്ടവ, വർഷാവസാനം വിചാരണ കാത്തിരിക്കുന്നവ എന്നിവയുടെ എണ്ണം.

ഏഴു വർഷ കാലയളവിൽ (2014-2020), ശരാശരി 1834 കേസുകൾ വിചാരണക്കായി അയച്ചു. ഇത് ശരാശരി വാർഷിക കേസുകളുടെ 40.58% ആണ് (4250). എന്നാൽ, ഓരോ വർഷവും ശരാശരി 4.5% കേസുകൾ മാത്രമേ വിചാരണ പൂർത്തീകരിക്കുന്നുള്ളൂ.

ഈ കേസുകളിൽ, കുറ്റാരോപിതനായ വ്യക്തി ഒന്നുകിൽ കുറ്റവാളിയെന്ന് തെളിയുകയോ, നിരപരാധിയെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ വെറുതെ വിടുകയോ അല്ലെങ്കിൽ തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കുകയോ ചെയ്യാം. എന്നാൽ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ച വ്യക്തിയെ കൂടുതൽ അന്വേഷണത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്യാവുന്നതാണ്, കാരണം തെളിവുകളുടെ അഭാവം മൂലം വിട്ടയക്കുക എന്നത് സാധാരണയായി അർത്ഥമാക്കുന്നത് പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ല എന്നാണ്.

2014 നും 2020 നും ഇടയിൽ, വിചാരണ പൂർത്തിയായ മൊത്തം കേസുകളിൽ, ശരാശരി 72.4% കേസുകളിലും കുറ്റാരോപിതരുടെ നിരപരാധിത്വം തെളിയുകയോ, തെളിവുകളുടെ അഭാവം കാരണം വിട്ടയക്കുകയോ ചെയ്തപ്പോൾ, 27.5% കേസുകളില്‍ മാത്രമാണ് പ്രതികള്‍ കുറ്റം ചെയ്തതായി കോടതിയില്‍ തെളിഞ്ഞത്.

അറസ്റ്റുകൾ സംസ്ഥാനടിസ്ഥാനത്തിൽ

2014 നും 2020 നും ഇടയിൽ യുഎപിഎ പ്രകാരം ആകെ 10,552 പേർ അറസ്റ്റിലാവുകയും, 253 പേർ കുറ്റവാളികളാണെന്ന് തെളിയുകയും ചെയ്തു. ഇതിനർത്ഥം, ഓരോ വർഷവും ശരാശരി 1507 പേരെ പിടികൂടുകയും, ശരാശരി 36 പേർ ശിക്ഷക്ക് വിധേയരാവുകയും ചെയ്തു. ശിക്ഷക്ക് വിധിക്കപ്പെട്ടവർ, അതേ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് കേസുകളിൽ നിന്നോ മുൻ വർഷങ്ങളിൽ തീർപ്പുകൽപ്പിക്കാത്ത കേസുകളിൽ നിന്നോ കുറ്റം തെളിഞ്ഞവരുമാകാം.

2015ൽ ഉണ്ടായ ആകെ യു.എ.പി.എ അറസ്റ്റുകളിൽ 61.3 ശതമാനവും മണിപ്പൂരിൽ നിന്നായിരുന്നു. ക്രമേണ ഈ അനുപാതം 2019-ൽ 19.81% ആയി കുറഞ്ഞു. സമാനമായി, രാജ്യത്ത് നടന്ന മൊത്തം UAPA അറസ്റ്റുകളിൽ 11.34% ആസാമിൽ നിന്നായിരുന്നു. അത് 2020ൽ 5.75% ആയി താഴ്ന്നു. എന്നാൽ ജമ്മു കശ്മീരിൽ ഇത് നേർവിപരീതമാണ്: 2015-ൽ 0.8% ഉണ്ടായിരുന്നത് 2019-ൽ 11.6% ആയി ഉയർന്നു.

ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയാണ് യു.എ.പി.എ അറസ്റ്റിൽ മുൻപന്തിയിലുള്ള മറ്റ് സംസ്ഥാനങ്ങൾ. 2015 നും 2019 നും ഇടയിൽ 7050 പേരെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ 30.6% മണിപ്പൂരിലും 19.8% ഉത്തർപ്രദേശിലും 14.22% അസമിലും 8.04% ബിഹാറിലും 7.31% ജാർഖണ്ഡിലും 7.16% ജമ്മു കശ്മീരിലും നിന്നുള്ളവരാണ്. കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്ത് നടന്ന മൊത്തം അറസ്റ്റിന്റെ 87 ശതമാനത്തിലധികം ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ഇത് സൂചിപ്പിക്കുന്നു.

കെട്ടിക്കിടക്കുന്ന കേസുകളുടെ നിരക്കുയരുമ്പോൾ

2014 മുതൽ 2020 വരെയുള്ള കാലയളവിൽ, ഓരോ വർഷവും ശരാശരി 4250 യു.എ.പി.എ കേസുകളാണ് അന്വേഷണം കാത്ത് കിടന്നിരുന്നത്. ഓരോ വർഷത്തിന്റെയും അവസാനത്തിൽ ശരാശരി 3579 കേസുകൾ, അഥവാ 85% കേസുകളാണ് അന്വേഷണം പൂർത്തിയാവാതെ ഉണ്ടായിരുന്നത്.

അന്വേഷണം തീർപ്പാക്കാത്തതിന്റെ പേരിൽ യു.എ.പി.എ കേസുകൾ എത്ര കാലത്തോളം നീണ്ടുനിൽക്കുന്നുവെന്ന വസ്തുത ഈ ഡാറ്റകൾ വ്യക്തമാക്കുന്നു. 2020-ന്റെ അവസാനത്തിൽ, 4101 കേസുകളാണ് അന്വേഷണം കാത്ത്കിടന്നിരുന്നത്. എന്നാൽ അവയിൽ 44.33%, അഥവാ 1818 കേസുകൾ മൂന്ന് വർഷത്തിലേറെയായി അന്വേഷണം കാത്തിരിക്കുന്നവയും, 34.01% അഥവാ 1395 കേസുകൾ ഒന്ന് മുതൽ മൂന്ന് വർഷം വരെയായി അന്വേഷണം കാത്തിരിക്കുന്നവയുമാണ്. കഴിഞ്ഞ നാല് വർഷ കാലയളവിൽ, പ്രതിവർഷം അന്വേഷണം കാത്ത്കിടക്കുന്ന കേസുകളിലെ, ശരാശരി 42.42% കേസുകൾ ഒരു വർഷം മുതൽ മൂന്ന് വർഷം വരെ പഴക്കമുള്ളവയും, 33.4% മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയുമാണ്.

2020 ൽ യു.എ.പി.എ പ്രകാരമുള്ള 398 കേസുകൾക്കാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ 63.56% ഒരു വർഷത്തിനുള്ളിലും, 27.88% ഒന്ന് മുതൽ രണ്ട് വർഷത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചവയുമാണ്. കഴിഞ്ഞ നാല് വർഷങ്ങളിലായി (2017-2020) സമർപ്പിച്ച കുറ്റപത്രങ്ങളിൽ 25% ഒന്ന് മുതൽ രണ്ട് വർഷത്തിനുള്ളിൽ സമർപ്പിച്ചവയും, 29.3% രണ്ട് മുതൽ മൂന്ന് മാസത്തിനുള്ളിൽ സമർപ്പിച്ചവയുമാണ്.

സമാനമായി, 2014-നും 2020-നുമിടയിൽ, ഓരോ വർഷവും ശരാശരി 1834 കേസുകൾ വിചാരണക്കായി അയച്ചപ്പോൾ, 95.4% അഥവാ ശരാശരി 1748 കേസുകളാണ് വർഷാവസാനത്തിൽ വിചാരണ തീർപ്പാക്കാത്തെ ഉണ്ടായിരുന്നത്. എന്നാൽ 2017 മുതലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം, കഴിഞ്ഞ നാല് വർഷത്തിനിടയിൽ, തീർപ്പാക്കാത്ത കേസുകളിൽ 43.02% ഒന്ന് മുതൽ മൂന്ന് വർഷം വരെയും, 17.2% മൂന്ന് മുതൽ അഞ്ച് വർഷം വരെയും, 9.31% കേസുകൾ അഞ്ച് വർഷത്തിൽ കൂടുതലായും ഒരു അന്തിമ തീരുമാനം കാത്ത്കിടക്കുകയാണ്.

പ്രസ്തുത നിയമം സുപ്രീം കോടതി ജഡ്ജിമാരുടെ വിമർശനത്തിന് നിരവധി തവണ വിധേയമായിട്ടുണ്ട്. യു.എ.പി.എ നിലവിലെ രൂപത്തിൽ തുടരരുതെന്ന് മുൻ സുപ്രീം കോടതി ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞിരുന്നു. “എതിർസ്വരങ്ങളെ അടിച്ചമർത്താൻ യു.എ.പി.എ ദുരുപയോഗം ചെയ്യരുത്” എന്നായിരുന്നു മറ്റൊരു സുപ്രീം കോടതി ജസ്റ്റിസായ ഡി.വൈ ചന്ദ്രചൂഡിന്റെ വാക്കുകൾ.

വിവ: മുബഷിർ മാണൂർ

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles