Current Date

Search
Close this search box.
Search
Close this search box.

ലോകമെമ്പാടും സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളുടെ അളവെത്ര ?

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള അന്താരാഷ്ട്ര ദിനാചരണമാണ് കഴിഞ്ഞ നവംബര്‍ 25ന് കടന്നുപോയത്.
‘സ്ത്രീകള്‍ക്കെതിരായ അതിക്രമം’ എന്ന പദം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ പുരുഷ അതിക്രമങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്. ഇതില്‍ തന്റെ അടുപ്പമുള്ള പങ്കാളിയുടെ പീഡനം, ലൈംഗിക പീഡനം, മനുഷ്യക്കടത്ത്, സ്ത്രീ ജനനേന്ദ്രിയം ഛേദിക്കല്‍, ശൈശവ വിവാഹം എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ആദ്യം കോവിഡ് 19 പാന്‍ഡെമിക് ആരംഭിച്ചതു മുതല്‍, തങ്ങളോ തങ്ങള്‍ക്ക് അറിയാവുന്നവരോ ഏതെങ്കിലും തരത്തിലുള്ള പീഡനം അനുഭവിച്ചിട്ടുണ്ടെന്നാണ് മൂന്നില്‍ ഒരു സ്ത്രീകളും പറയുന്നത്. 13 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 വരെ നീളുന്ന 16 ദിവസത്തെ ക്യാംപയിന് കൂടിയാണ് വ്യാഴാഴ്ച തുടക്കമായത്. ‘Orange the World: End Violence against Women Now!’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ലോകമെമ്പാടും സ്ത്രീകള്‍ക്കെതിരായ പുരുഷ അതിക്രമങ്ങള്‍ എത്രത്തോളം പ്രബലമാണെന്നാണ് ചുവടെയുള്ള അഞ്ച് ഇന്‍ഫോഗ്രാഫിക്‌സുകള്‍ കാണിക്കുന്നത്.

ഏറ്റവും അടുത്ത പങ്കാളിയുടെ ചൂഷണം

ലോകത്തെ ഏകദേശം മൂന്നിലൊന്ന് സ്ത്രീകളും അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിലവിലെയോ അല്ലെങ്കില്‍ മുന്‍ പങ്കാളിയില്‍ നിന്നോ ശാരീരികമായോ ലൈംഗികമായോ വൈകാരികമായോ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് യു.എന്നിന്റെ ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.

ഇതില്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളാണ് ഏറ്റവും മോശം. 15 വയസ്സിന് മുകളിലുള്ള 34 ശതമാനം സ്ത്രീകളും പെണ്‍കുട്ടികളും ഭര്‍ത്താവിനാല്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാണ് യു എന്‍ വുമണ്‍സ് ഷോ വിശകലനം ചെയ്ത ഡാറ്റ കാണിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ത്രീകളും പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്ന 10 രാജ്യങ്ങളില്‍ അഞ്ചെണ്ണവും ആഫ്രിക്കയിലാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ (ഡി.ആര്‍.സി) 15 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 32 ശതമാനം സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ അടുത്ത പങ്കാളികളാല്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീഹത്യ (Femicide)

United Nations Office on Drugs and Crime (UNODC) റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ 87,000 സ്ത്രീകളാണ് പുരുഷ പീഡനത്താല്‍ കൊല്ലപ്പെട്ടത്. അടുപ്പമുള്ള പങ്കാളി/കുടുംബവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളുടെ നിരക്ക് ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍.

തട്ടിക്കൊണ്ടുപോകല്‍ (Trafficking)

UNODC റിപ്പോര്‍ട്ട് പ്രകാരം മനുഷ്യക്കടത്തിന് ഇരയായവരില്‍ ഭൂരിഭാഗവും സ്ത്രീകളും പെണ്‍കുട്ടികളുമാണ്, യഥാക്രമം 46, 19 ശതമാനം വരുമിത്. 77 ശതമാനം സ്ത്രീകളും ലൈംഗിക ചൂഷണത്തിനായാണ് കടത്തപ്പെടുന്നത്. 14 ശതമാനം പേരെ നിര്‍ബന്ധിത ജോലിക്ക് വേണ്ടിയാണ് കടത്തപ്പെടുന്നത്.

പെണ്‍കുട്ടികളില്‍ 72 ശതമാനം പേരെയും ലൈംഗിക ചൂഷണത്തിനായാണ് കടത്തപ്പെടുന്നത്, 21 ശതമാനം പേരെ നിര്‍ബന്ധിത ജോലിക്ക് വേണ്ടിയും കടത്തപ്പെടുന്നു.

നിര്‍ബന്ധിത ശൈശവ വിവാഹങ്ങള്‍

ആഫ്രിക്കയിലുടനീളമുള്ള നിരവധി പ്രദേശങ്ങളിലും ദക്ഷിണേഷ്യയിലും ശൈശവവിവാഹം സര്‍വസാധാരണമാണ്. ആഫ്രിക്കയിലെ നൈജറിലാണ് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്നത്. ഇന്ന് ഇവിടെ 20 നും 24 നും ഇടയില്‍ പ്രായമുള്ള 76 ശതമാനം സ്ത്രീകളും 18 വയസ്സിന് മുമ്പ് വിവാഹിതരായവരാണ്.

ദക്ഷിണേഷ്യയിലും ശൈശവവിവാഹത്തിന്റെ അനുപാതം ഉയര്‍ന്നതാണ്. ഇവിടെ 28 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരാകാന്‍ നിര്‍ബന്ധിതരായവരാണ്. ഏഴ് ശതമാനം 15 വയസ്സിന് മുന്‍പ് വിവാഹിതരാകാന്‍ നിര്‍ബന്ധിതരായവരുമാണ്.

ലൈംഗിക അതിക്രമം

2020 ജനുവരി മുതലുള്ള സായുധ സംഘട്ടന പ്രദേശങ്ങളെ അടിസ്ഥാനമാക്കി ഇവന്റ് ഡാറ്റ പ്രോജക്റ്റിന്റെ കണക്കുകള്‍ പ്രകാരം സംഘര്‍ഷമേഖലകളില്‍ സിവിലിയന്മാര്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ 638ല്‍ 550ഉം സ്ത്രീകള്‍ക്കെതിരെയാണ്. ഇതില്‍ യുദ്ധത്തിനിടെയും സംഘര്‍ഷത്തിനിടെയുമുള്ള ലൈംഗികാതിക്രമവും യുദ്ധകാല ബലാത്സംഗവും സായുധരും സംഘടിതരുമായി ആളുകള്‍ നടത്തുന്ന കുറ്റകൃത്യങ്ങളും ഉള്‍പ്പെടുന്നു.

376 സംഭവങ്ങളുമായി ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്നത്. ആഫ്രിക്കയില്‍ തന്നെ ഡി ആര്‍ സിയില്‍ ആണ് ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്. ഇതില്‍ 135 സംഭവങ്ങള്‍ ‘അജ്ഞാത സായുധ സംഘങ്ങള്‍’ നടത്തിയതാണ്.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Related Articles