Current Date

Search
Close this search box.
Search
Close this search box.

ഭരണകൂടം തല്ലിക്കൊഴിച്ച പന്ത്രണ്ടു മലയാളി ജീവിതങ്ങൾ!

കൈരളിയുടെ പ്രിയങ്കരനായ കവി, സാഹിത്യകാരൻ ശ്രീ.സച്ചിദാനന്ദൻ എഴുതുന്നു: “ഭീകര നിയമങ്ങളുപയോഗിച്ച് തടവിലാക്കിയവരിൽ നിരവധി മലയാളികളുണ്ട്. സ്റ്റാൻ സ്വാമിയുടെ സ്ഥാപനവൽകൃത കൊലപാതകം ഈ ദുരവസ്ഥയെ അടിയന്തരമായി നേരിടണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള ശബ്ദങ്ങളെ തടവിലാക്കി ശ്വാസം മുട്ടിക്കാ നുള്ള ശ്രമത്തെ നാം ഒറ്റക്കെട്ടായി നേരിടണം”
(ബി.ആർ.പി ഭാസ്കർ ചെയർപേഴ്സണും ശ്രീജ നെയ്യാറ്റിൻകര ജനറൽ കൺവീനറു മായ “കേരളത്തിനു പുറത്തുള്ള മലയാളി വിചാരണ തടവുകാരുടെ മോചന സമിതി” ഇറക്കിയ ലഘുലേഖയിൽ നിന്ന്)

പ്രഫ: ഹാനിബാബു (മുംബൈ തലോല ജയിൽ) റോണ വിൽസൺ (മുംബൈ തലോല ജയിൽ) മുൻ എസ്.എഫ്.ഐ നേതാവ്, പത്തനംതിട്ട സ്വദേശി അനൂപ് മാത്യു ജോർജ് (കോയമ്പത്തൂർ ജയിൽ) പരപ്പനങ്ങാടിയിലെ സക്കരിയ (പരപ്പന ആഗഹാര ജയിൽ) ഈരാറ്റുപേട്ടയിലെ ശിബ് ലി (ഭോപാൽ ജയിൽ) വടകരയിലെ ഫിറോസ് ഖാൻ (ലഖ്നൗ ജയിൽ) സിദ്ദീഖ് കാപ്പൻ ( മഥുര ജയിൽ) ആലുവ സ്വദേശി അൻസാർ (ഭോപാൽ ജയിൽ) അബ്ദുന്നാസർ മഅദനി (ബാംഗ്ലൂർ നഗര തടവുകാരൻ ) കൊല്ലം അഞ്ചൽ സ്വദേശി റഊഫ് ശരീഫ് ( മഥുര ജയിൽ) പത്തനംതിട്ടയിലെ അർഷാദ് ബദറുദ്ദീൻ(ലഖ്നൗ ജയിൽ) ഈരാറ്റുപേട്ട സ്വദേശി ശാദുലി (ഭോപാൽ ജയിൽ) എന്നിങ്ങനെ അന്യായമായി യു.എ.പി.എ ചുമത്തപ്പെട്ട് കേരളത്തിനു പുറത്തെ ജയിലുകളിൽ വർഷങ്ങളായി നിത്യ വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന പന്ത്രണ്ടു മലയാളികളുടെയും അവരുടെ കുടുംബങ്ങുടെയും കരളലയിക്കുന്ന കഥകളാണ് ഈ കൊച്ചു രചന വെളിപ്പെടുത്തുന്നത്.

ബി.ആർ.പിയുടെ ആമുഖക്കുറിപ്പിലും ബി.രാജീവൻ, ആനി രാജ, അഡ്വ: കുക്കു ദേവി, അഡ്വ:സുജാത വർമ, ജോളി ചിറയത്ത് എന്നിവരുടെ ലഘു കുറിപ്പുകളിലും തടവുകാരെ കുറിച്ച ഹ്രസ്വ വിവരണങ്ങളിലും കൃത്യമായ ഭരണകൂട ഭീകരത വായിച്ചെടുക്കാം!

ചെറിയ ചില ഉദാഹരണങ്ങൾ:

അനൂപ് മാത്യു ജോർജ് കഴിഞ്ഞ 6 വർഷമായി കോയമ്പത്തൂർ ജയിലിൽ നരകയാതന അനുഭവിക്കുന്നു. മാവോവാദി നേതാവ് രൂപേഷിനെ അറസ്റ്റ് ചെയ്യുമ്പോൾ കൂടെ ഉണ്ടായി എന്നത് മാത്രമാണ് ഈ മുൻ എസ്.എഫ്.ഐ നേതാവ് ചെയ്ത “കുറ്റം!” നേരത്തേ ഒരറ്റ കേസുപോലും ഇല്ലാതിരുന്ന അനൂപിൻ്റെ മേൽ ഇപ്പോഴുള്ളത് കെട്ടിച്ചമച്ച 16 കേസുകൾ! അവിവാഹിതനാണ് ഈ ചെറുപ്പക്കാരൻ.

ശിബ് ലി, ശാദുലി എന്നീ സഹോദരങ്ങളും (ഈരാറ്റുപേട്ട ) ആലുവയിലെ അൻസാറും തങ്ങൾ തന്നെ കേട്ടിട്ടില്ലാത്ത ഒട്ടേറെ കള്ളക്കേസുകളിൽ (അഹ്മദാബാദ് സ്ഫോട നം, ഹുബ്ലി ഗൂഢാലോചന, വാഗമൺ ഗൂഢാലോചന, ഇൻഡോർ ഗൂഢാലോചന, പാനായിക്കുളം ഗൂഢാലോചന… ) പ്രതിചേർക്കപ്പെട്ട് ജയിലിലാണ്. ഇപ്പോൾ ഇവർ ഉള്ളത് വ്യാജ ഏറ്റുമുട്ടൽ കൊലക്ക് ഖ്യാതി കേട്ട ഭോപാൽ ജയിലിൽ! ഉപര്യുക്ത കള്ളക്കേസുകൾ കൊണ്ട് തൃപ്തിപ്പെടാതെ ജയിൽ ചാടാൻ തുരങ്കം ഉണ്ടാക്കി എന്ന പേരി ൽ ഏറക്കുറെ ആറു വർഷം മുമ്പ് മറ്റൊരു കേസും ഇവർക്കു മേൽ ചുമത്തിയിട്ടുണ്ട്!

തടവറയിൽ യഥാവിധി ഭക്ഷണം പോലും ലഭിക്കുന്നില്ല! ചപ്പാത്തി ചോദിച്ചാൽ “വന്ദേ മാതരം” മുഴക്കാൻ നിർബന്ധിക്കുന്നു! സൂര്യപ്രകാശം പോലും ലഭിക്കാത്ത ലോക്കപ്പിലാണ് മുഴുസമയവും!

അൻസാറിനെ കാണാൻ പോകുന്നതിന്നിടയിൽ പിതാവ്, ഹൃദ്രോഗി കൂടിയായ അബ്ദു റസാഖ് എന്ന വൃദ്ധൻ ഉത്തരേന്ത്യയിലെ ഏതോ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണ് അന്ത്യശ്വാസം വലിച്ചു!

ശിബ് ലിക്ക് മൂത്ത പെൺകുട്ടി ഉൾപ്പെടെ നാല് വിദ്യാർത്ഥികളായ മക്കൾ. ശാദുലി അവിവാഹിതനാണ്. അൻസാർ വിവാഹം കഴിച്ച്, മധുവിധുവിൻ്റെ ഇരുപത്തി ഒന്നാം നാളിലാണ് പൊലീസ് കൊണ്ടു പോകുന്നത്!

പരപ്പനങ്ങാടിയിലെ സക്കറിയ എന്ന പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള കൗമാരക്കാരൻ പാവപ്പെട്ട കുടുംബത്തിൻ്റെ അത്താണിയും മൊബൈൽ ഷോപ്പ് ജീവനക്കാരനുമായിരുന്നു. യാതൊരു തെളിവുമില്ലാതെ “ബാംഗളൂർ സ്ഫോടനത്തിന് ആവശ്യമായ ചിപ്പുകൾ നിർമ്മിച്ചു നൽകി ” എന്ന കുറ്റം ചുമത്തപ്പെട്ട സക്കരിയ ജയിലിൽ 12 വർഷം പിന്നിടുന്നു!
ഇതിനിടയിൽ മാനസികമായി തകർന്ന വൃദ്ധ മാതാവ് ബിയ്യുമ്മ ഇപ്പോൾ ശരീരത്തിൻ്റെ ഒരു വശം തളർന്ന് എഴുനേൽക്കാൻ പറ്റാത്ത അവസ്ഥയിലാണ്!

Related Articles