Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ തുരങ്കങ്ങൾ ഇസ്രായേൽ എങ്ങനെ കണ്ടെത്തും?

ഇസ്രായേൽ സൈന്യം ഗസ്സ നഗരം വളയുകയും മുനമ്പിന്റെ തെക്ക് ഭാഗം ഒറ്റപെടുകയും ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഗസ്സയുടെ കേന്ദ്രത്തിന് നേരെ മാരകമായ ആക്രമണം നടന്നതായി തെളിവുകളൊന്നുമില്ല.

ബുധനാഴ്ച, ‘ഗസ്സ നഗരത്തിന്റെ അരികുകൾ’ എന്ന് മാധ്യമപ്രവർത്തകർ വിശേഷിപ്പിച്ച യുദ്ധക്കളത്തിന്റെ ഒരു പ്രദേശത്തേക്ക് ഇസ്രായേൽ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുക്കപ്പെട്ട വിദേശ റിപ്പോർട്ടർമാരെ കൊണ്ടുപോയി. വ്യോമാക്രമണം മൂലമോ വെടിവെപ്പിനാലോ, ടാങ്കുകൾകൊണ്ടോ ബഹുഭൂരിപക്ഷം കെട്ടിടങ്ങളും തകർക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

വീഡിയോകൾ പ്രകാരം മെർകവ ടാങ്കുകൾ ഉയരത്തിലുള്ള മണൽത്തിട്ടകളാൽ ചുറ്റപ്പെട്ട സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നതായി കാണാം. ഈ മണൽ തിട്ടകൾ ഉള്ളത് കൊണ്ട് ഹാമാസ് പോരാളികൾക്ക് ടാങ്കുകൾ എളുപ്പത്തിൽ നശിപ്പിക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ട്.

ഓരോ ബ്ലോക്കുകളിലും തെരുവുകളിലും ഇസ്രായേൽ സൈന്യം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മുന്നേറ്റമാണ് സാവധാനത്തിൽ ആണെങ്കിൽ പോലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഗസ്സ സിറ്റിയിലെ ഏറ്റവും കഠിനമെന്ന് പറയപ്പെടുന്ന ഭൂഗർഭ യുദ്ധം ഇനിയും അത്രകണ്ട് ഗൗരവത്തോടെ ആരംഭിച്ചിട്ടില്ല എന്ന് ഇത് വ്യക്തമാക്കുന്നു. ഇസ്രായേൽ സൈന്യം അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ ചില തുരങ്കങ്ങൾ കണ്ടുപിടിക്കപ്പെടുകയും തുടർന്ന് നശിപ്പിക്കപ്പെടുകയും ചെയ്തേക്കാം. പക്ഷേ അത് നിലവിൽ ഉള്ളതിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്. നിലവിൽ 34 സൈനികർ കൊല്ലപ്പെട്ടു എന്നാണ് ഇസ്രായേൽ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ തുരങ്കത്തിലെ യുദ്ധം ആരംഭിക്കുന്നതോടെ മരണസംഖ്യയിൽ വലിയൊരു കുതിച്ചുചാട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഭൂഗർഭ യുദ്ധത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ പണ്ടേ മറന്നുപോയ ഇസ്രായേലിന് തുരങ്കത്തിലേക്ക് പ്രവേശിക്കാൻ തന്നെ പതിറ്റാണ്ടുകൾ പഴക്കമുള്ള യുദ്ധസൈനിക സമ്പ്രദായങ്ങളെ ആശ്രയിക്കേണ്ടതായി വരും.

പ്രവേശന കവാടങ്ങൾ തിരിച്ചറിയൽ

500ലധികം കിലോമീറ്റർ ഉണ്ടെന്ന് പറയപ്പെടുന്ന തുരങ്കങ്ങളിൽ കയറി യുദ്ധം ചെയ്യാൻ ഇസ്രായേലിന് തങ്ങളാൽ കഴിയുന്നത്ര പ്രവേശന കവാടങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഒരു മാസമായി തുടരുന്ന ബോംബാക്രമണത്തെ തുടർന്ന് തകർക്കപ്പെട്ട കെട്ടിട കൂമ്പാരങ്ങളുടെ അകത്തോ, മാലിന്യ കൂനകൾക്കുള്ളിലോ ഗോഡൗണുകളിലോ വ്യവസായ ശാലകളിലോ വീടുകളിലും ഗരേജുകളിലോ മറ്റോ ആയി മറഞ്ഞിരികുന്നവയാണത്.

എന്നാൽ 2014 മുതൽ ഗസ്സയിലേക്ക് നുഴഞ്ഞുകയറിയും തുരങ്കങ്ങൾ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേൽ. ഹമാസ് നേതാക്കളുടെ ഡാറ്റാബേസുകളും സോഫ്റ്റ്‍വെയറുകളും ഡ്രോണുകളും ഉപയോഗിച്ചുകൊണ്ട് ഇതിന് വേണ്ടി നിരന്തരമായ നിരീക്ഷണങ്ങൾ നടത്തുകയും തുരങ്കങ്ങളിലേക്കുള്ള നൂറോളം പ്രവേശന കവാടങ്ങൾ കണ്ടെത്തുകയും ചെയ്തതായി വെളിപ്പെടുത്തി.

തുരങ്കങ്ങളെ അടയാളപ്പെടുത്തൽ

ഹമാസിനെ സംബന്ധിച്ചിടത്തോളം ആക്രമിക്കപ്പെട്ടാലും ഉപയോഗശൂന്യമായി പോകുന്ന ഒന്നല്ല തുരങ്കങ്ങൾ. ഓരോ തുരങ്കത്തിനും ഒന്നിലധികം പ്രവേശന കവാടങ്ങൾ ഉണ്ടാകും. അതുകൊണ്ടുതന്നെ ചില പ്രവേശന കവാടങ്ങൾ എപ്പോഴും തുറന്നിരിക്കും. തുരങ്കങ്ങളുടെ നിർമാതാക്കളായ ഹമാസിനാണ് അതിന്റെ ശൃംഖലകളെ കുറിച്ച് ധാരണ ഉള്ളത്. തുരങ്കങ്ങളുടെ അകത്തെ ചലനങ്ങൾ നിരീക്ഷിക്കാൻ പാറ്റേണുകളും സോഫ്റ്റ്‌വെയറുകളും ഇസ്രയേലി സൈന്യം ഉപയോഗിക്കുന്നുണ്ടെങ്കിലും അതുപയോഗിച്ച് ഭൂഗർഭ വഴികളോ അതിന്റെ അകത്തെ ദിശകളോ കണ്ടുപിടിക്കാൻ കഴിയുന്നില്ല.

തുരങ്കങ്ങളുടെ അളവും വലിപ്പവും ഒക്കെ മനസ്സിലാക്കാൻ ഇസ്രായേലി സൈന്യം വലിയ അപകടങ്ങളും വെല്ലുവിളികളും അഭിമുഖീകരിച്ച് അകത്തു കയറുക എന്നത് അല്ലാതെ മറ്റു വഴികൾ ഒന്നുമില്ല. ഒന്നാമത്തെ പ്രശ്നം ടെക്നോളജി ആണ്. സാറ്റലൈറ്റ് സിഗ്നലുകൾക്ക് മണ്ണിലേക്ക് തുളച്ചുകയറാൻ കഴിയാത്തതിനാൽ ജി.പി.എസ് ഘടിപ്പിച്ച ഉപകരണങ്ങൾ ഉപയോഗശൂന്യമാണ്. മാഗ്നറ്റിക് സെൻസറുകളും ചലനങ്ങളെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളും ആണ് നിലവിൽ അവർ ഉപയോഗിക്കുന്നത്.

തുരങ്കങ്ങളുടെ ഉൾഭാഗം

ഭൂഗർഭ അറകളും തുരങ്കങ്ങളുമായതു കൊണ്ട് തന്നെ അതിന്റെ ഉൾഭാഗം നിരീക്ഷിക്കുന്നതിനു വേണ്ടി 100 വർഷം മുമ്പുള്ള സാങ്കേതിക വിദ്യകൾ ആണ് ഇസ്രായേലി സൈന്യത്തിന് ഉപയോഗിക്കേണ്ടി വരുന്നത്. ഇത് ഇസ്രായേലിന്റെ മുന്നേറ്റത്തെ മന്ദഗതിയിൽ ആക്കുകയാണ് ചെയ്യുന്നത്. പ്രത്യാക്രമണങ്ങളെ പ്രതിരോധിക്കാൻ തുരങ്കങ്ങളുടെ അകത്ത് എപ്പോഴും ഓരോ ചെറിയ സൈന്യങ്ങളെ നിർത്തേണ്ടി വരാറുണ്ട്. പ്രവേശന കവാടങ്ങൾ തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന പ്രത്യേകം പോയിന്റുകൾ കണ്ടെത്തുമ്പോൾ അവർ അവരുടെ പണി താൽക്കാലികമായി നിർത്തുകയും തുരങ്കങ്ങളിൽ നിന്ന് പുറത്തേക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. തുരങ്കങ്ങൾക്ക് പുറത്തുള്ള സൈനികർ അവിടെ മറ്റു പ്രവേശന മുഖങ്ങൾ കണ്ടെത്തുകയും അവിടം സുരക്ഷിതമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇസ്രായേലിന്റെ നിയന്ത്രണത്തിലല്ലാത്ത പ്രദേശത്താണെങ്കിൽ അത് അവരെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് നയിക്കും.

ഉൾഭാഗം അതിജീവിക്കൽ

വൈദ്യുതി, ഇൻ്റർനെറ്റ്, ടെലിഫോൺ, സൈനിക സന്ദേശങ്ങൾ എന്നിവ വഹിക്കുന്ന കേബിളുകളും വയറുകളും ഉപയോഗിച്ച് തുരങ്കങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഇസ്രായേലികൾ എവിടെയാണെന്ന് മനസ്സിലാക്കാൻ ഹമാസിന് നിരീക്ഷണ ഉപകരണങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ വിദൂരത്തിരുന്ന് പോലും ഹമാസിന് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യാം.

ഇസ്രായേൽ സൈന്യത്തിന് എല്ലാ വയറുകളും മുറിക്കാൻ കഴിയില്ല. കാരണം സിനിമകളിലെ പോലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമ്പോൾ സ്ഫോടക വസ്തുക്കൾ പ്രവർത്തനക്ഷമമാകും. ഖനനവുമായി ബന്ധമുള്ളവർക്ക് അറിയാവുന്നതുപോലെ ചെറിയ തുരങ്കങ്ങളിൽ ഉണ്ടാകുന്ന സ്ഫോടനങ്ങൾ ഉപരിതലത്തേക്കാൾ വളരെയധികം മാരകമാണ്. അത് കൂടുതലായി വ്യാപിക്കുകയും ഓക്സിജൻ വലിച്ചെടുക്കുകയും ചെയ്യും. അതുമൂലം തുരങ്കത്തിനകത്ത് വിഷപ്പുക നിറയുകയും ഇസ്രായേലി സൈന്യത്തെ പുറത്തിറക്കുകയും ചെയ്യാം. തുടർന്നും തുരങ്കങ്ങൾ ഉപയോഗപ്രദമായി നിലനിൽക്കുകയും ചെയ്യും.

തുരങ്കങ്ങളുടെ ഉള്ളിൽ സ്ഫോടനങ്ങൾ ഉണ്ടാകുമ്പോൾ ശ്വസന പ്രക്രിയകൾക്ക് വേണ്ടി മാസ്ക്കുകളും എയർ ടാങ്കുകളും ഉപയോഗിക്കാറുണ്ടെങ്കിലും അവ ആശയവിനിമയത്തെയും പോരാട്ടത്തെയും കൂടുതൽ ദുഷ്കരമാക്കുകയാണ് ചെയ്യുക. തുരങ്കങ്ങളിൽ യുദ്ധം ചെയ്യുന്നത് ഒഴിവാക്കാനാണ് ഇരുകൂട്ടരും താല്പര്യപ്പെടുന്നത്. സാങ്കേതികവിദ്യയിലും ആയുധബലത്തിലും ഭൂമിയിൽ തങ്ങളാണ് ശക്തർ എന്ന് ഇസ്രായേലിന് അറിയാം. അതിനാൽ തുരങ്കങ്ങളിൽ യുദ്ധം ചെയ്യാതെ സാധാരണ രീതിയിൽ യുദ്ധം ചെയ്ത് ഹമാസിനെ തുരത്താനാണ് അവർ താൽപര്യപ്പെടുന്നത്.

ടണലുകളിൽ വെള്ളപ്പൊക്കം സൃഷ്ടിച്ച് അതിൽ നിന്ന് ആളുകളെ പുറത്തിറക്കാൻ ശ്രമം നടത്തിയിരുന്നു. പക്ഷേ ഗസ്സയിൽ ആവശ്യത്തിനു വെള്ളമില്ല. തുരങ്കങ്ങളിലേക്ക് ഈജിപ്ത് മലിനജലം ഒഴുക്കിയതായും പറയപ്പെടുന്നു.

ഹമാസിനെ ഇല്ലാതാക്കൽ

തുരങ്കങ്ങളിലെ ഏറ്റുമുട്ടലുകൾ വളരെ വെല്ലുവിളി നിറഞ്ഞതും സവിശേഷതയുള്ളതുമാണ്. സാധാരണ ആയുധങ്ങൾ വളരെ പരിമിതമായ സ്ഥലത്ത് ഉപയോഗിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. വിയറ്റ്നാമിലെ അമേരിക്കൻ ടണൽ സൈന്യങ്ങൾ വെറും തോക്കുകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ വെടിയുതിർക്കുമ്പോൾ ഉണ്ടാകുന്ന ഫ്ലാഷ് വളരെക്കാലം അവരുടെ കാഴ്ചയെ ഇല്ലാതാക്കി. അതിനാൽ സൗണ്ട് പ്രസ്സറുകൾ ഉള്ള ചെറിയ ആയുധങ്ങൾ ഇസ്രായേലിൻറെ കയ്യിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇസ്രായേൽ തെരഞ്ഞെടുക്കുന്ന ആയുധങ്ങൾ ഏത് രീതിയിലുള്ളതായാലും തുരങ്കങ്ങളിലെ പോരാളികൾക്ക് വളരെ പരിമിതമായ ബൗദ്ധിക വ്യവഹാരങ്ങളെ ഉണ്ടാകൂ. തുരങ്കത്തിന്റെ അകത്ത് രണ്ടുപേരിൽ കൂടുതൽ ഒരേ സമയം നിൽക്കാൻ കഴിയില്ല. തുരങ്കങ്ങളിൽ പോരാട്ടങ്ങൾ നടക്കുമ്പോൾ ഒരാൾ മുട്ടുകുത്തി നിന്നും ഒരാൾ നിവർന്നുനിന്നുമാണ് വെടിവെപ്പുകൾ നടത്തുന്നത്.

തുരങ്കങ്ങൾ എന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ആശയം ആയതിനാൽ തന്നെ കത്തി പോലുള്ള ആയുധങ്ങൾ കൊണ്ടും അവർ സജ്ജരായിരിക്കും. തുരങ്കങ്ങളുടെ അകത്ത് നായകളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇസ്രായേൽ സൈന്യത്തിനിടയിൽ ചർച്ചകൾ നടന്നിട്ടുണ്ട്. പക്ഷേ പലപ്പോഴും ഈ ആശയം നിരസിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

ഹമാസിന് തുരങ്കങ്ങൾ ആവശ്യമാണ്. ശത്രുക്കളെ തന്ത്രപരമായി തടയാൻ അവയിൽ ചിലത് കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ സ്ഫോടനങ്ങൾ നടത്തി തുരങ്കങ്ങളെ നശിപ്പിക്കാനും അവർ ഉദ്ദേശിക്കുന്നില്ല. എന്നാൽ തുരങ്കങ്ങളെ നശിപ്പിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നുണ്ട്. സ്പോഞ്ച് ബോംബ് പോലെയുള്ള സംഗതികളെക്കുറിച്ചും ഇസ്രായേൽ ആലോചിച്ചിട്ടുണ്ട്. അതിന് ഏതാനും ചില പ്രവേശന കവാടങ്ങൾ കണ്ടെത്തുന്നതിന് പകരം മുഴുവൻ തുരങ്കങ്ങളും അവർക്ക് കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്. യുദ്ധസമയത്ത് ഇത്തരം വലിയ എൻജിനീയറിംഗ് സംവിധാനങ്ങൾ ആരംഭിക്കുന്നതിൽ പ്രായോഗിക തടസ്സമുണ്ട്. അതിനാൽ ആദ്യം ഹമാസ് പോരാളികളെ മുഴുവനും നശിപ്പിച്ച ശേഷം തുരങ്കങ്ങൾ തകർക്കാനാണ് ഇസ്രായേൽ കണ്ടിട്ടുള്ളത്. ഈ അവസാന ഘട്ടത്തിലേക്ക് എത്താൻ മാസങ്ങൾ വേണ്ടി വന്നേക്കും. പക്ഷേ അതിന് ആദ്യം ഭൂഗർഭയുദ്ധത്തിൽ ജയിക്കണം. അതിന് സമയമെടുക്കും.

 

വിവ: മുഷ്‍താഖ് ഫസൽ

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles