അബൂദാബി: പശ്ചിമേഷ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇറാനു പിന്നാലെ യു.എ.ഇയിലും കൊറോണ ബാധിച്ചവരുടെ എണ്ണം 11 ആയി. വെള്ളിയാഴ്ച രണ്ടു പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. 34കാരനായ ഫിലിപ്പീനി പൗരനും 39കാരനായ ബംഗ്ലാദേശ് പൗരനുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് പൗരനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇരുവരുടെയും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ ടൂറിസം ബിസിനസ് ഹബ് ആണ് യു.എ.ഇ. വൈറസ് ഭീഷണി ഈ മേഖലക്ക് തിരിച്ചടിയായേക്കും. ജനുവരി 28നാണ് രാജ്യത്ത് ആദ്യത്തെ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് കുടുംബത്തിലെ നാല് പേര്‍ക്കാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ബീജിംഗ് ഒഴികെയുള്ള മറ്റു ചൈനീസ് പ്രവിശ്യകളിലേക്കുള്ള വിമാന സര്‍വീസുകളെല്ലാം യു.എ.ഇ നിര്‍ത്തിവെച്ചിരിക്കുകയാണ്. യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധയേറ്റത് ചൈനീസ് പൗരന്മാര്ക്കാണ്. ഇതില്‍ നേരത്തെ വൈറസ് ബാധിച്ചവര്‍ പൂര്‍ണമായും സുഖപ്പെട്ടിട്ടുണ്ട്.