റിയാദ്: സിറിയയിലെ യു.എസ് സൈന്യത്തിന് ഖത്തര്‍ സഹായം നല്‍കിയില്ലെങ്കില്‍ അമേരിക്കയുടെ പിന്തുണ ലഭിക്കില്ലെന്ന് സൗദി. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ആണ് കഴിഞ്ഞ ദിവസം ഖത്തറിന് മുന്നറിയിപ്പ് നല്‍കിയത്.
സിറിയയില്‍ സാന്നിധ്യമുള്ള യു.എസ് സൈനിക സഖ്യത്തിന് സഹായം നല്‍കണമെന്നും ഇല്ലെങ്കില്‍ ഖത്തറിന് അമേരിക്കയുടെ സംരക്ഷണമുണ്ടാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. വാഷിങ്ടണിന്റെ പിന്തുണ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യു.എസ് സൈന്യത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജുബൈറിന്റെ പ്രസ്താവന സൗദി പ്രസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
സിറിയയിലെ തങ്ങളുടെ സൈന്യത്തിന്റെ ചിലവിനായി പശ്ചിമേഷ്യയിലെ സമ്പന്ന രാജ്യങ്ങള്‍ സഹായിക്കണമെന്ന ട്രംപിന്റെ പ്രസ്താവന പുറത്തു വന്നതിനു പിന്നാലെയാണ് ഖത്തറിനു നേരെ സൗദിയുടെ മുന്നറിയിപ്പ്. മധ്യേഷ്യയിലെ സമ്പന്ന രാജ്യങ്ങള്‍ തങ്ങള്‍ക്ക് സംഭാവനകള്‍ ചെയ്യേണ്ടതുണ്ട്. അവര്‍ അത് ചെയ്തില്ല. വളരെയേറെ പ്രാധാന്യമുള്ള വിഷയമാണിതെന്നും കുറച്ചു കാലം മുന്‍പ് ഞങ്ങള്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയമാണിതെന്നും അവരുടെ സാമ്പത്തിക സഹായമാണ് വേണ്ടതെന്നുമാണ് ട്രംപ് പറഞ്ഞിരുന്നത്.