ന്യൂഡല്‍ഹി: മുത്വലാഖ് ചെയ്യപ്പെട്ട മുസ്ലിം സ്ത്രീകളുടെ ചെറിയ കുട്ടികളെ ദത്തെടുക്കാന്‍ ആര്.എസ്.എസിന്റെ പോഷക സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് ആലോചിക്കുന്നതായി റിപോര്‍ട്ട്. വെള്ളി, ശനി ദിവസങ്ങളില്‍ റൂര്‍ക്കിയില്‍ നടക്കുന്ന മഞ്ചിന്റെ യോഗം ഈ വിഷയം ചര്‍ച്ച ചെയ്തേക്കുമെന്നും എകണോമിക് ടൈംസ് റിപോര്‍ട്ട് വ്യക്തമാക്കുന്നു. വിവിധ ജില്ലകളില്‍ നിന്നായി ഇത്തരം കുട്ടികളുടെ ഒരു പട്ടിക മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ബംഗാള്‍ ഘടകം തയ്യാറാക്കിയിട്ടുണ്ടെന്നും അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കാന് നിര്‍ദേശം വെച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. മുത്വലാഖിന്റെ ഇരകളായ സ്ത്രീകളുടെ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും രാഷ്ട്രീയ മഞ്ച് ഒരു ഫണ്ട് സ്വരൂപിക്കാന്‍ ശ്രമിക്കുകയാണെന്ന് അതിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന കണ്‍വീനര്‍ ഷാഹിദ് അഖ്തര്‍ പറഞ്ഞു.