Current Date

Search
Close this search box.
Search
Close this search box.

ദാരിദ്ര്യം തേടാമോ?!

1994 ജൂലായ് 27-ന് ആത്മാഹുതി നടത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫർ 33 കാരനായ കെവിൻ കാർട്ടറെ പലരും മറന്നു കാണും. അദ്ദേഹത്തെ പ്രശസ്തിയിലേക്കും മരണത്തിലേക്കുമെത്തിച്ചത് 1993 മാർച്ച് 23-ന് തെക്കൻ സുഡാനിലെ അയോദ് എന്ന ഗ്രാമത്തിൽക്കണ്ട ഒരു ദൃശ്യത്തിലേക്ക് ക്യാമറ ചലിപ്പിച്ചതായിരുന്നു സംഭവം.പട്ടിണി കൊണ്ട് എല്ലും തോലുമായി മരണം കാത്തു കിടക്കുന്ന ആഫ്രിക്കൻ കുഞ്ഞും ആ ജീവന്‍റെ ചലനങ്ങള്‍ അവസാനിക്കാന്‍ കാത്തു നില്‍ക്കുന്ന ശവംതീനി കഴുകനും. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങളും കറുത്തവന്റെ സഹനവും ക്യാമറയിലാക്കിയ, ‘ബാങ് ബാങ് ക്ലബ്ബ് ‘ എന്ന നാൽവർ സംഘത്തിലെ അംഗമായിരുന്നു കെവിൻ കാർട്ടർ. ബാക്കിയുള്ളവർ മറ്റു ചിത്രങ്ങൾ പിടിക്കുന്നതിനിടയിലാണ് കെവിൻ തന്റെ ജീവിതത്തെ മാറ്റിമറിച്ച ഫോട്ടോ എടുത്തത്. പ്രശസ്തിയുടെ പുലിറ്റ്സർ പുരസ്കാരവും ആളുകളുടെ കുറ്റപ്പെടുത്തലും വിഷാദവും സൃഷ്ടിച്ച ദുരിതാന്ത്യവും . ആ ചിത്രം മികച്ച ഫോട്ടോഗ്രഫിയുടെ മാത്രമല്ല, ലോകം അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റേയും, ദരിദ്രൻ തീരാൻ കാത്തിരിക്കുന്ന ശവംതീനിയുടേയുമെല്ലാം രൂപകമായി നമ്മുടെ ഗാലറികളിലും മനസ്സുകളിലും ഇന്നുമുണ്ട്. നേഗർ, ചാഡ്,ബുറുണ്ടി ,സിയറ ലിയോൺ,ബുർക്കിനാ ഫാസോ,മാലി എന്നീ അഫ്രിക്കൻ രാജ്യങ്ങളോടൊപ്പം ബംഗ്ലാദേശ്, അഫ്ഗാൻ തൊട്ടടുത്ത് തന്നെയുണ്ട്. മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ (GDP) , മൊത്ത ദേശീയഉത്പാദനം(GNP) പ്രതിശീർഷ വരുമാനം (PCI) എന്നീ കണക്കിലെ കളിയിലാണ് ഇന്ത്യ തൽക്കാലം പിടിച്ചു നിൽക്കുന്നത്. ജീവിതത്തിനാവശ്യമായ സുഖസൗകര്യങ്ങളുടെ (വേണ്ടത്ര ആഹാരം, വസ്ത്രം, പാർപ്പിടസൗകര്യം, ശുദ്ധജലം, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, തൊഴില്, സ്വാതന്ത്ര്യം) ഇല്ലായ്മയും അത്യാവശ്യസാധനങ്ങളുടെ ദൗർലഭ്യതയും ഉളവാക്കുന്ന അവസ്ഥയാണ് ദാരിദ്ര്യമെങ്കിൽ നമ്മുടെ നാടും ദരിദ്രമാണ്. അത്കൊണ്ടാണല്ലോ ഗരീബി ഹഠാവോ മുദ്രാവാക്യത്തിന് അരനൂറ്റാണ്ട് തികയുന്നത് സമുചിതമായി ആഘോഷിക്കാൻ ബൈഠക്കുകൾ തീരുമാനിക്കപ്പെടുന്നത്. അഥവാ മെട്രോ പോളിറ്റൻ നഗരങ്ങളിലുള്ള മഞ്ഞളിപ്പ് കണ്ടിട്ട് “ഇന്ത്യ ഡെവലപ്പിങ്, ഷൈനിങ് ” എന്നൊന്നും നാം തെറ്റുധരിച്ചു പോവേണ്ട.

ഇന്ത്യയിലെ 32.7 ശതമാനം ആളുകൾ അന്താരാഷ്ട്ര ദാരിദ്ര്യ രേഖക്കു താഴെയാണ്. ഇവരുടെ ദൈനിക വരുമാനം ഏതാണ്ട് 1.25 അമേരിക്കൻ ഡോളറിനു തുല്യമായ തുകയിലും കുറവാണ്. അതേ സമയം 68.7% ആളുകൾ 2 അമേരിക്കൻ ഡോളറിൽ താഴെയുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഒരു ദിവസത്തേക്ക് നിശ്ചിത കലോറി ഭക്ഷണം വാങ്ങാനുള്ള ഒരാളുടെ സാമ്പത്തികശേഷിയെ ആണ് ദാരിദ്ര്യത്തിന്റെ അളവുകോൽ ആയി കണക്കാക്കുന്നത്. ഗ്രാമങ്ങളിൽ ഇത് 2100 കലോറി ആണ്, നഗരങ്ങളിൽ ഇതിന്റെ അളവ് 2400 കലോറി ആണ് .ലോകത്തിലെ തന്നെ 138 ശതകോടീശ്വരന്മാരുള്ള നാട്ടിൽ പട്ടിണിപ്പാവങ്ങളുടെ വിശപ്പ് ശമിപ്പിക്കാൻ പൊതു വിതരണ കേന്ദ്രങ്ങൾക്ക് മുമ്പിൽ മഹാമാരിക്കാലത്തും വരി നില്കേണ്ടിവരുന്നത് നമ്മുടെ രാജ്യം സ്ഥിതിസമത്വം(മുസാവാത്ത്) അംഗീകരിക്കാത്തത് കൊണ്ടല്ല, തന്റെ ധനത്തിൽ അഗതിക്കും ദരിദ്രനും അവകാശമുണ്ടെന്ന വിശ്വോത്തര മാനവിക സമഭാവന (മുവാസാത്ത്) അംഗീകരിക്കാത്തത് കൊണ്ടാണ്.

Also read: ഞാനൊരു മാതൃകയാണോ?

നബിയുടേയും ആദ്യ കാല ഖലീഫമാരുടേയും കാലത്തെ ധന വിതരണത്തിലെ ഗവർണനൻസ് നടപ്പിലാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ മുസാവാത്ത് എന്ന ഉട്ടോപ്യക്ക് പകരം മുവാസാത്ത് എന്ന ടാർജറ്റ് നേടാൻ ഏതു തരം രാജ്യത്തിനും കഴിയുമെന്നതിന്റെ മാതൃകയാണ് ആധുനിക തുർക്കി. ധനികന്റെ ധനത്തിൽ ധനമില്ലാത്തവന്റെ അവകാശമുണ്ടെന്ന് ബോധ്യപ്പെട്ട പൗരൻ അഹമഹമികയാ അതിന് വേണ്ടി മുന്നോട്ട് വരും. ആദ്യകാല ഇസ്ലാമിക സമൂഹം അതുപോലെ ആയതിന്റെ മെച്ചം അറേബ്യൻ ഉപദ്വീപ് കടന്ന് ആഫ്രിക്കയിലേക്കും മറ്റും പരൊന്നൊഴുകിയത്. സകാത്ത് / സ്വദഖ സംവിധാനങ്ങളുടെ ആദ്യ ഉപഭോക്താക്കൾ ദരിദ്രരും അഗതികളുമാണ് (9:60).

പരിവ്രാജകത്വത്തെ പ്രൊമോട്ട് ചെയ്യുന്ന സ്വൂഫി ഇസ്ലാം , ദാരിദ്ര്യത്തെ പ്രോത്സാഹിപ്പിക്കുന്ന, അതിനെ ചോദിച്ചു വാങ്ങുന്നയർഥത്തിലുള്ള ചില വാചകങ്ങൾ/പ്രാർഥനകൾ ആധികാരികങ്ങളായി കൊണ്ട് നടക്കുന്നത് കൊണ്ടാണ് ദാരിദ്ര്യം എങ്ങിനെയും മാറ്റി അബൂബക്റ് (റ) , ഉസ്മാൻ (റ) , അബ്ദുർറഹ്മാനി ബ്നു ഔഫ് (റ) എന്നിവരെപ്പോലെ ആവുകയാണ് എന്റെയാഗ്രഹം എന്നു പറയുന്നവർ നമ്മുടെ സമുദായത്തിൽ വേരറ്റുപോവുന്നത്. അടിയന്തിര ഘട്ടത്തിൽ ഉള്ളതെല്ലാം എടുത്തുകൊടുക്കാൻ ദുൻയാവ് മറക്കാത്ത ,സ്വർഗവും ഉറപ്പായ അത്തരക്കാർ സമൂഹത്തിന്റെ സമതുലിതാവസ്ഥക്ക് അനിവാര്യമാണ്. ഉള്ള വിഭവങ്ങളും ശമ്പളവും തൃപ്തിപ്പെടലാണ് ഖനാഅത്തെന്ന് വിശ്വസിക്കുവോളം വാങ്ങുന്ന കയ്യാവാനേ സമുദായത്തിനാവൂ എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. ദാരിദ്ര്യം ചിലപ്പോൾ സമ്പന്നതയേക്കാൾ തെറ്റുകൾക്ക് പ്രേരിപ്പിക്കാൻ സാധ്യതയുണ്ട്. ഫഖ്റ് കുഫ്റാവാം എന്ന ഒരാപ്തവാക്യം നിലവിലുള്ളത് ആ അർത്ഥത്തിലാവാം. യഥാർഥത്തിൽ അല്ലാഹു തന്നെയാണ് സമ്പന്നൻ. നാമേവരും അവന്റെ കാരുണ്യത്തിന് ആവശ്യക്കാർ തന്നെ. ആലങ്കാരികമായല്ല; ഭാഷാർഥത്തിൽ തന്നെ.
وَٱللَّهُ ٱلۡغَنِیُّ وَأَنتُمُ ٱلۡفُقَرَاۤءُۚ47:38

(ജൂൺ 28: ലോക ദാരിദ്ര്യ ദിനം)

Related Articles