Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ സ്വത്തവകാശവും ശരീഅത്തും

ഏറെ തെറ്റിദ്ധരിക്കപ്പെട്ടതാണ് ഇസ് ലാമിക ശരീഅത്ത് (നിയമ വ്യവസ്ഥ) സമർപ്പിക്കുന്ന സ്ത്രീ സ്വത്തവകാശം. യഥാർഥത്തിൽ സ്ത്രീക്ക് ഇസ് ലാം പൂർണമായ സ്വത്തവകാശം നൽകുന്നുണ്ട്. വിവാഹത്തിന് മുമ്പും പിമ്പും സ്ത്രീക്ക് തൻ്റെ സമ്പത്തിന്മേൽ അവകാശമുണ്ട്. സ്വത്ത് വാങ്ങാനും വിൽക്കാനും ജോലി ചെയ്ത് സമ്പാദിക്കാനും വ്യാപാര ലാഭം, ഭൂവരുമാനം തുടങ്ങിയവയെല്ലാം കൈപ്പറ്റാനും അവൾക്ക് സാധ്യമാണ്.

എന്നാൽ അനന്തര സ്വത്ത് വിഭജനത്തിൽ സ്ത്രീക്കും ഇസ് ലാം അവകാശം നൽകിയിട്ടുണ്ടെങ്കിലും പുരുഷനെപ്പോലെ തുല്യാവകാശം ലഭിക്കുന്നില്ല എന്നതാണ് ഗുരുതരമായ തെറ്റായി പ്രചരിപ്പിക്കപ്പെടുന്നത്. പ്രത്യക്ഷത്തിൽ ശരിയാണെന്ന് തോന്നുന്ന ഈ സംശയം ഇസ് ലാമിൻ്റെ കുടുംബ ഘടനയും അതിലെ ചുമതലകളും പഠിക്കുന്നതോടെ നീങ്ങിപ്പോകും.

ആദ്യമായി മനസ്സിലാക്കേണ്ടത് ഏകരൂപരാഹിത്യം (Unindeticeleness) ഒരിക്കലും അസമത്വം (uneQuality) അല്ലാ എന്നതാണ്. ഇസ് ലാമിലെ സ്ത്രീ ഒരു കാരണവശാലും അവഗണിക്കപ്പെടുന്നില്ല. കുടുംബ ഘടനയിൽ സ്ത്രീക്കും പുരുഷനും റോളുകൾ വ്യത്യസ്തമാണല്ലോ. അതിനാൽ തന്നെ പുരുഷപ്രകൃതത്തെയും സ്ത്രീ പ്രകൃതത്തെയും കൃത്യമായി പരിഗണിക്കുന്ന ലിംഗനീതിയും പ്രായോഗീക സമത്വവുമാണ് ഇസ് ലാം മുന്നോട്ടു വെക്കുന്നത്. സ്ത്രീക്ക് ഒരിക്കലും കുടുംബഭാരം ചുമക്കേണ്ടതില്ല. ഇണയും മക്കളുമുള്ള കുടുംബത്തിന് സാമ്പത്തികം ഉൾപ്പെടെയുള്ള സംരക്ഷണം നൽകേണ്ടത് ശരീഅത്തിൽ പുരുഷൻ്റെ ബാധ്യതയാണ്. ഒപ്പം മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും ചെലവ് നൽകേണ്ടതും പുരുഷൻ്റെ ഉത്തരവാദിത്തമാകുന്നു. സ്വന്ത വരുമാനം എത്രമേലുണ്ടെങ്കിലും സ്വമേധയാ നൽകിയാലല്ലാതെ സ്ത്രീക്ക് ഒരു ചില്ലിക്കാശുപോലും കുടുംബച്ചെലവിലേക്ക് നൽകാൻ ബാധ്യതയില്ല! ഇണയുടെ ( ഭാര്യ) ഭക്ഷണം, വസ്ത്രം, ഭവനം, ചികിത്സ, തുടർപഠനം… തുടങ്ങിയവയെല്ലാം തുണയുടെ ( ഭർത്താവ്) ബാധ്യതയത്രെ!

മാത്രമല്ല, കുടുബ രൂപ വത്കരണത്തിൻ്റെ അടിത്തറ വിവാഹമാണല്ലോ. വിവാഹ വേളയിൽ മഹ്ർ (വിവാഹമൂല്യം ) നൽകേണ്ടത് പുരുഷൻ്റെ കടമയാണ്. ഈ ഇനത്തിൽ നല്ലൊരു മുതൽക്കൂട്ട് സ്ത്രീക്ക് ലഭിക്കുന്നു (മഹ്ർ ഒരു ഇരുമ്പു മോതിരം മുതൽ സ്വർണക്കൂമ്പാരം വരെ ആവശ്യപ്പെടാൻ സ്ത്രീക്ക് അവകാശമുണ്ട്! ) ഉപര്യുക്ത ന്യായങ്ങളാണ് ദായധനത്തിൽ പാലിക്കപ്പെടുന്ന അടിസ്ഥാനം.

ഇനി ഭർത്താവിൻ്റെ അഭാവത്തിൽ സ്ത്രീ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രയാസത്തിലാണെങ്കിൽ, അഗതികളും വിധവകളുമാകുന്ന അത്തരം വനിതകളെ സഹായിക്കൽ സഹോദരങ്ങൾ ഉൾപ്പെടെയുള്ള രക്ത ബന്ധുക്കളുടെ ബാധ്യതയാണ്. ( ശരീഅത്തിൽ വലിയ്യുകൾ എന്ന പേരിൽ ഇവർ അറിയപ്പെടുന്നു )

ഒതുക്കിപ്പറഞ്ഞാൽ കുടുംബത്തിൻ്റെ ബാധ്യതകൾ വെച്ചളന്നാൽ ദായധന വിഭജനത്തിൽ ഒരനീതിയും ഇല്ലെന്നു മാത്രമല്ല, അന്തിമ വിശകലനത്തിൽ സ്ത്രീകൾക്കാണ് നേട്ടം എന്നു കാണാം. മറിച്ച്, അനന്തരാവകാശ ധനത്തിൽ തുല്യാവകാശം സ്ത്രീക്കും വേണമെന്നാണ് ശഠിക്കുന്നതെങ്കിൽ പുരുഷനെപ്പോലെ സ്ത്രീക്കും കുടുംബ ബാധ്യത സ്വന്തം ചുമലിൽ വരും. അതാവട്ടെ സ്ത്രീക്ക് കടുത്ത ഭാരമായിത്തീരും! അഥവാ സ്ത്രീ സ്വത്തവകാശത്തിൽ മുറവിളി കൂട്ടുന്നവർ പ്പോലും ഉദ്ദേശിക്കുന്നത് ഇസ് ലാമിനുനേരെ കല്ലെറിയൽ (ഇസ് ലാ മോഫോബിയ) മാത്രമാണ്!

കുറിപ്പ്: പതിനാല് നൂറ്റാണ്ടുകൾക്കപ്പുറത്തെ തമസ്സിൽ, പെൺകുട്ടികളെ ജീവനോട കുഴിച്ചുമൂടിയ കാലഘട്ടത്തിൽ, പരിഷ്കൃതമെന്നു കരുതപ്പെടുന്ന സമൂഹങ്ങളിൽപ്പോലും സ്ത്രീ അവഗണിക്കപ്പെട്ട വേളയിലാണ് ഇവ്വിധം സ്ത്രീകൾക്ക് ശരീഅത്ത് സ്വത്തവകാശം നൽകുന്നത്. ബ്രിട്ടൻ്റെ കാര്യമെടുക്കാം: 1870 ലെ “വിവാഹിതകളുടെ സ്വത്തവകാശ നിയമം” മുതൽക്കുള്ള നിയമ പോരാട്ട പരമ്പരകളിലൂടെയാണ് സ്ത്രീക്ക് സ്വത്തവകാശം സാധ്യമാകുന്നത്!

അധിക വായനക്ക്:
ശരീഅത്തും ഇന്ത്യൻ മുസ് ലിംകളും (വി.എ.കബീർ ) ലിംഗനീതി ഇസ് ലാമിൽ (ഡോ: ജമാൽ ബദവി ) സ്ത്രീ ഖുർആനിലും മുസ് ലിം ജീവിതത്തിലും ( റാശിദുൽ ഗന്നൂശി ) യുക്തിവാദികളും ഇസ് ലാമും (ഒ.അബ്ദു റഹ്മാൻ ) മുസ് ലിം സ്ത്രീക്ക് രക്ഷകരെ ആവശ്യമുണ്ടോ?( ലൈലാ അബൂ ലുഗ്ദ്)..

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles