Current Date

Search
Close this search box.
Search
Close this search box.

കോണ്‍ഗ്രസ്-ഇടതുപക്ഷ താരതമ്യത്തിനുള്ള സമയമല്ലിത്

തെങ്ങിനും കവുങ്ങിനും ഒരേ ‘തളപ്പ്’ പറ്റില്ല എന്നൊരു ചൊല്ലുണ്ട്. അത് പോലെ തന്നെ കേന്ദ്ര തിരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പും ഒരേ നിലയില്‍ കണക്കാക്കരുത്. കേന്ദ്രത്തിലെ ഫാസിസ സര്‍ക്കാരിനെ പുറത്താക്കുക എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇപ്പോഴത്തെ അജണ്ട. അതിനു സാധ്യമാകുന്നത് ആര്‍ക്കെന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരമാണ് നമ്മുടെ സമ്മതിദാനാവകാശം. കോണ്‍ഗ്രസ്സും ഇടതു പക്ഷവും തമ്മിലുള്ള ഒരു താരതമ്യത്തിനുള്ള സമയമല്ലിത്. ഇന്ത്യയുടെ വര്‍ത്തമാന സാഹചര്യത്തില്‍ ഒരിക്കലും സാധ്യമാവാത്ത ഒന്നാണ് ആ താരതമ്യം.

ഇന്ത്യയില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ ഒഴികെ മറ്റെല്ലായിടത്തും കോണ്‍ഗ്രസ്സിന് ജനപ്രതിനിധികളുണ്ട്. അതെ സമയം എട്ടു സംസ്ഥാനങ്ങളില്‍ മാത്രമാണ് സി പി എം പ്രതിനിധികളുള്ളത്. അതും കാര്യമായി കേരളത്തിലാണ്. കോണ്‍ഗ്രസ്സിന് ഏകദേശം 870 എം എല്‍ മാര്‍ ഇന്ത്യയിലുണ്ട്. സി പി എമ്മിന് ഏകദദേശം 107 പേരും. അതില്‍ പകുതിയില്‍ കൂടുതല്‍ കേരളത്തില്‍ നിന്നാണ് താനും. കേരളത്തിന് പുറത്തു പാര്‍ട്ടിയുടെ ജനപ്രതിനിധികളുടെ എണ്ണം 45 പേരാണ്. ബംഗാള്‍ ത്രിപുര എന്നിവടങ്ങിലാണ് കൂടുതലും. അപ്പോള്‍ കേരളത്തിന് പുറത്തു കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് 845 ജനപ്രതിനിധികളുണ്ട്. അപ്പോള്‍ രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം 845 : 45 എന്നാണു. ഒരു പാര്‍ട്ടിയില്‍ നിന്നും മറ്റൊരു പാര്‍ട്ടിയിലേക്ക് കൂറുമാറുക എന്നത് കേരളത്തില്‍ അത്ര സാധാരണയല്ല. ജനത്തിന്റെ ചൂടറിയും എന്നത് തന്നെയാണ് അതിനു പിന്നിലെ മുഖ്യ കാരണം. അതെ സമയം കേരളത്തിന് പുറത്തു സ്ഥിതി അങ്ങിനെയല്ല. ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കൂടു മാറാം. ഒപ്പം പോകാന്‍ അണികള്‍ അപ്പോഴും തയ്യാറാണ്.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ചടത്തോളം പരീക്ഷണ നാളുകളാണ് കഴിഞ്ഞു പോയത്. ഇന്ത്യയുടെ ഹൃദയ ഭൂമികളില്‍ നിന്ന് തന്നെ അവര്‍ പറിച്ചെറിയപ്പെട്ടിരുന്നു. അടുത്ത് മാത്രമാണ് അവര്‍ അവിടെ തിരിച്ചു വന്നത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പി കഠിന ഹിന്ദുത്വം പറയുമ്പോള്‍ കോണ്‍ഗ്രസ്സ് മൃദു ഹിന്ദുത്വം പറയുന്നു എന്നൊക്കെയാണ് ആരോപണം . പലപ്പോഴും അത് ശരിയാണ് താനും. പലപ്പോഴും അധികാരം ഒന്ന് മാത്രമാണ് ആളുകളെ പാര്‍ട്ടികളുമായി ചേര്‍ത്ത് നിര്‍ത്തുന്നത്. അത് കിട്ടാന്‍ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറുക എന്നത് ഒരു സാധാരണ സംഭവം മാത്രം. സി പി എമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള ദേശീയ അനുപാതം 20 :1 എന്നതാണ്. അത് കൊണ്ട് തന്നെ ഇരുപതു കോണ്‍ഗ്രസ്സുകാര്‍ കാലുമാറിയാല്‍ ഒരു സി പി എം പ്രതിനിധി മാറിയാല്‍ മതിയാകും.

ദേശീയ രാഷ്ട്രീയത്തില്‍ സംഘ പരിവാറിനെ തടയാന്‍ കഴിയുന്ന പാര്‍ട്ടികളില്‍ ഒന്നാം സ്ഥാനത്ത് കോണ്‍ഗ്രസ്സ് തന്നെയാണ്. കേരളത്തില്‍ അവരുടെ സാന്നിധ്യം സജീവമാണ് എന്നത് കൊണ്ട് അവരുടെ മുന്നണിക്ക് വോട്ടു നല്‍കുക എന്നതാണ് ഫാസിസത്തെ എതിര്‍ക്കുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുക. ജനാധിപത്യം മതേതരത്വം എന്നീ വിഷയങ്ങളില്‍ നിലവിലുള്ള ഇടതു വലതു മുന്നണികളില്‍ ആര്‍ക്കും സന്ദേഹമില്ല. കേരളത്തില്‍ നിന്നും ജയിച്ചു പോയവര്‍ കളം മാറിച്ചവിട്ടും എന്ന ഭയവും നമുക്കില്ല. ഇടതു പക്ഷം മോശമാണ് എന്ന അര്‍ത്ഥത്തിലല്ല. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ അവര്‍ക്കു ഒന്നും ചെയ്യാനില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ആ ചിന്ത വരുന്നതും. 543 അംഗ സഭയില്‍ നിലവിലെ സാഹചര്യത്തില്‍ അഞ്ചു ശതമാനം പോലും ഇടതു സാന്നിധ്യം കാണില്ല എന്നാണു പഠനം പറയുന്നത്. അതായത് കാര്യമായ ഒരു ഭാഗവും അവര്‍ക്കു ഈ വരുന്ന സഭയില്‍ ഇല്ലെന്നു സാരം.

എന്ത്‌കൊണ്ട് കോണ്‍ഗ്രസ്സ് മുന്നണി എന്ന ചോദ്യത്തിന് നല്‍കാവുന്ന മറുപടിയും അത് തന്നെയാണ്. വടക്കന്‍ സംസ്ഥാനങ്ങളില്‍ യു പി ഒഴികെ മറ്റെല്ലാ സ്ഥലത്തും കോണ്‍ഗ്രസ്സും ബി ജെ പിയും തമ്മിലാണ് മത്സരം. പടിഞ്ഞാറന്‍ ഇന്ത്യയിലും അവര്‍ ശക്തരാണ്. മഹാരാഷ്ട്രയില്‍ സഖ്യവും നില നില്‍ക്കുന്നു. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ദുര്‍ബലമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഏകദേശം കോണ്‍ഗ്രസ്സും ബി ജെ പിയും തമ്മില്‍ തന്നെ മത്സരിക്കുന്നു. അവിടെ എവിടെയും ഇടതു പക്ഷത്തെ നാം കാര്യമായി കണ്ടില്ല. അത് കൊണ്ട് തന്നെയാണ് ഫാസിസത്തെ അകറ്റലാണ് ഉദ്ദേശമെങ്കില്‍ കോണ്‍ഗ്രസ്സ് മുന്നണിക്ക് വോട്ടു ചെയ്യണം എന്ന് പറഞ്ഞു വരുന്നതും. സംസ്ഥാന തിരഞ്ഞെടുപ്പിന്റെ അവസ്ഥയില്‍ നാം ഈ തിരഞ്ഞെടുപ്പിനെ കാണരുത്.

Related Articles