Current Date

Search
Close this search box.
Search
Close this search box.

‘അങ്ങിനെ ഒരു ഓര്‍ഡിനന്‍സ് ഇപ്പോള്‍ പരിഗണനയിലില്ല’

പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ പാടില്ല എന്നതാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. കോടതി അതിനെ ഒരു സാമൂഹിക പ്രശ്‌നമായാണ് കാണുന്നത്. അവര്‍ക്കത് തുല്യ നീതിയുടെ വിഷയമാണ്. ഭരണഘടന പ്രകാരം സ്ത്രീകള്‍ക്കും പുരുഷനെ പോലെ ആരാധനാ സ്വാതന്ത്ര്യമുണ്ട്. ശബരിമല അങ്ങിനെയാണ് കലുഷിതമായ പരിണിതിയിലേക്ക് എത്തിപ്പെട്ടത്. അതെസമയം കോടതിയുടെ നിലപാട് തന്നെയാണ് ഈ വിഷയത്തില്‍ കേരളം ഭരിക്കുന്ന മുന്നണിക്കും. അതിനാല്‍ തന്നെ കോടതി വിധി നടപ്പാക്കാന്‍ അവര്‍ മുന്നോട്ട് വന്നു. അത് തെറ്റാണ് എന്ന് പറയാന്‍ കഴിയില്ല. ഒരു ദിവസം കൊണ്ടല്ല കോടതി വിധി പറഞ്ഞത്.വര്‍ഷങ്ങള്‍ എടുത്താണ്.

കോടതി വിധി ഇപ്പോഴും അത് പോലെ നിലനില്‍ക്കുന്നു. അതിന്റെ പേരില്‍ കേരളം പല തവണ ഇളകി മറിഞ്ഞു. സംഘ പരിവാര്‍ അത് മുതലെടുക്കാന്‍ കാര്യമായി രംഗത്ത് വന്നു. വിശ്വാസികളുടെ കൂടെ എന്നതായിരുന്നു ഈ വിഷയത്തില്‍ അവരുടെ നിലപാട്. ഭരണഘടന പ്രകാരം സുപ്രീം കോടതി വിധിയെ മറികടക്കാന്‍ കഴിയുന്ന ഏക വഴി പ്രസ്തുത വിഷയത്തില്‍ പാര്‍ലമെന്റ് ഇടപെടുക എന്നതാണ്. സ്ത്രീകളുടെ പ്രവേശനം റദ്ദാക്കി അവര്‍ക്ക് പുതിയ നിയമം കൊണ്ട് വരാം.

വാസ്തവത്തില്‍ നിയമത്തെ തെരുവില്‍ നേരിട്ട സംഘ പരിവാരിന് അത് പാര്‍ലമെന്റില്‍ നേരിടാമായിരുന്നു. സംഘ പരിവാര്‍ അധികാരത്തില്‍ ഇരിക്കെ അതിനു തീരെ ബുദ്ധിമുട്ടില്ല. എന്നിട്ടും കേന്ദ്രം ഈ വിഷയത്തില്‍ ഇടപെട്ടില്ല. അതിനുള്ള കാരണം കൃത്യമാണ്. സ്ത്രീകളുടെ ആരാധന വിഷയത്തില്‍ ആര്‍ എസ് എസിന് അനുകൂല നിലപാടാണ്. ഇടതു സര്‍ക്കാര്‍ അനുകൂലിച്ചപ്പോള്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സംഘ്പരിവാര്‍ എതിര്‍ത്തു എന്ന് മാത്രം. അതിലെ ഇരട്ടത്താപ്പ് അന്ന് തന്നെ ജനം തുറന്നു കാട്ടിയതാണ്. അന്ന് തന്നെ സര്‍ക്കാര്‍ ഒരു സമവായത്തിന് പോയിരുന്നെങ്കില്‍ ആരാധന സ്വാതന്ത്ര്യത്തിനു വേണ്ടി സംഘ പരിവാര്‍ രംഗത്ത് വരുമായിരുന്നു.

ഇന്ന് ഈ വിഷയം പാര്‍ലിമെന്റില്‍ കേരള എം പി ഉന്നയിച്ചു. വകുപ്പ് മന്ത്രി രവിശങ്കര്‍ കൃത്യമായി മറുപടിയും പറഞ്ഞു ‘അങ്ങിനെ ഒരു ഓര്‍ഡിനന്‍സ് ഇപ്പോള്‍ പരിഗണനയിലില്ല’. അതായത് കേരളം കത്തിക്കാന്‍ സംഘ പരിവാര്‍ ഉയര്‍ത്തി കൊണ്ട് വന്ന വിഷയം ദേശീയ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പരിഗണനയില്‍ പോലുമില്ലെന്ന്. പിന്നെ നാം കണ്ടതെല്ലാം എന്തായിരുന്നു. മറ്റൊന്നുമല്ല ‘കാപട്യം’. വിശ്വാസികളുടെ ഒന്നാമത്തെ ശത്രു ആരെന്നു ചോദിച്ചാല്‍ അത് സംഘ പരിവാര്‍ തന്നെ. ദൈവത്തെ പോലും അവര്‍ തങ്ങളുടെ ഗുണത്തിന് വേണ്ടി ഉപയോഗിക്കും. യഥാര്‍ത്ഥ ഹിന്ദു ഭക്തര്‍ക്ക് സംഘ പരിവാര്‍ ഇരട്ടമുഖം തിരിച്ചറിയാനുള്ള മാര്‍ഗമായി ഇത്തരം നിലപാടുകള്‍ സഹായിക്കും എന്നുറപ്പാണ്.

Related Articles