Current Date

Search
Close this search box.
Search
Close this search box.

“വിചാരധാര” തൊട്ടു പിറകിൽ എണ്ണിയത്?

മുസ് ലിം, ക്രിസ്ത്യൻ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് താൽക്കാലിക ഇലക് ഷൻ രാഷ്ട്രീയ ലാഭത്തിനു ശ്രമിച്ചവർ ഒരു വേള ഇത്രയും മാരകമായ പ്രത്യാഘാതം പ്രതീക്ഷിച്ചു കാണില്ല.

അതേയവസരം മുഖ്യമന്ത്രി പിണറായി വിജയൻ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ വിഷലിപ്ത പ്രസ്താവനയെ തള്ളിപ്പറഞ്ഞത് ശ്ലാഘനീയമാണ്. “ലഹരിക്ക് ഏതെങ്കിലും മതത്തിൻ്റെ നിറമുണ്ടെന്ന് കരുതരുത്. അതിൻ്റെ നിറം സാമൂഹിക വിരുദ്ധതയുടേതാണ് ” എന്നത്രെ മുഖ്യമന്തി പറഞ്ഞത്. “നാർകോട്ടിക് ജിഹാദ് എന്ന പദം ആദ്യമായി കേൾക്കുകയാണ് ” എന്ന അതിശയോക്തിയും മുഖ്യമന്ത്രി പങ്കുവെച്ചു. (ബിഷപ്പിൻ്റെ പ്രസ്താവന അതിരു കടന്നതാ ണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശ നും വിലയിരുത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾക്ക് ജാതിയോ മതമോ ഇല്ല)

എന്നാൽ മുഖ്യമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ചും പാലാ ബിഷപ്പിനെ ന്യായീകരിച്ചും രംഗത്തു വന്നിരിക്കുന്നത് “ദീപിക”യാണ്!
ചെറു ന്യൂനപക്ഷമാണെങ്കിലും ക്രൈസ്തവ സമൂഹത്തിൽ തീവ്ര വലതു പക്ഷ രാഷ്ട്രീയം സ്വാധീനമുറപ്പിക്കുന്നതിൻ്റെ പ്രത്യക്ഷ ലക്ഷണങ്ങളിൽ ഒന്നായി ദീപിക ലേഖനത്തെ വായിച്ചെടുക്കാം (ബി.ജെ.പി ബിഷപ്പിനെ ശക്തമായി അനുകൂലിക്കുന്നത് ഇതിനോട് ചേർത്തു വായിക്കുക )

ആർ.എസ്.എസിൻ്റെ “വിചാരധാര” മുസ് ലിംകൾക്കു തൊട്ടു പിറകിൽ ക്രിസ്ത്യാനികളെയാണ് എണ്ണിയതെന്ന വസ്തുത സഭാപിതാക്കളും ജോസ് കെ.മാണിയുമൊക്കെ വിസ്മരിക്കുന്നത് അദ്ഭുതപ്പെടുത്തുന്നു!

ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റൈൻസും കുടുംബവും മുതൽ ഫാദർ സ്റ്റാൻ സ്വാമി വരെയുള്ളവരെ നമുക്ക് മറക്കാം. അതേയവസരം കാണ്ഡമാൽ വംശഹത്യ മുതൽ വടക്കെ ഇന്ത്യയിൽ ക്രൈസ്തവ സമൂഹം, വിശിഷ്യ പ്രേഷിതർ വ്യാപകമായി ആക്രമിക്കപ്പെടുന്നതും പ്രാർത്ഥനാലയങ്ങൾ കയ്യേറ്റം ചെയ്യപ്പെടുന്നതും കണ്ടില്ലെന്നു നടിക്കാമോ?

കാണ്ഡമാൽ (ഒഡീഷ്യ) ക്രിസ്ത്യൻ വംശഹത്യയിൽ മാത്രം നൂറോളം പേരെ കൊന്നൊടുക്കുകയും മുന്നൂറോളം ചർച്ചുകൾ ചുട്ടുകരിക്കപ്പെടുകയും കന്യാസ്ത്രീകളടക്കം നാൽപ്പതോളം സ്ത്രീകൾ മാനഭംഗത്തിനിരയാവുകയും 6,500 ഭവനങ്ങൾ നശിപ്പിക്കറ്റെടുകയും ചെയ്തിരുന്നു! ആർ.എസ്.എസ്, വി.എച്ച്.പി, ബജ്രംഗ്ദൾ തുടങ്ങിയ സംഘടിത സായുധ കാക്കി പ്രസ്ഥാനങ്ങൾ ഒഡീഷ്യയിൽ അഴിഞ്ഞാടിയതായി ടീസ്റ്റ സെറ്റിൽ വാദിനെപ്പോലുള്ള മനുഷ്യാവകാശ പ്രവർത്തകർ വിളിച്ചു പറഞ്ഞപ്പോഴാണ് ലോകം അറിഞ്ഞത്! (മുഖ്യധാര അതൊക്കെ തമസ്കരിക്കുകയായിരുന്നു!)

ദൂരെ എങ്ങും പോകേണ്ടതില്ല, രണ്ടു ദിവസം മുമ്പ് ഛത്തീസ്ഗഢ് ബതാഗാവിൽ ഒരു ക്രൈസ്തവ പാസ്റ്ററെയും രണ്ടു സഹപ്രവർത്തകരെയും സംഘ് ഗുണ്ടകൾ ആക്രമിച്ച വാർത്ത വന്നിരുന്നല്ലോ!

കേരളം ഇക്കാര്യത്തിൽ സുരക്ഷിതമാണെന്നും കരുതേണ്ടതില്ല. ഒളവണ്ണയും മാമ്പുഴക്കാടും നാം മറന്നിട്ടില്ല!

(അതേയവസരം ജലന്ധർബിഷപ്പ് ഫ്രാങ്കോ മുളക്കൽ, അഭയ കേസ് പ്രതികളായ കോട്ടൂരച്ചൻ സിസ്റ്റർ സെഫി, കൊട്ടിയൂർ പീഡനത്തിലെ പ്രതി ഫാദർ റോബിൻ വടക്കുംചേരി, ഭൂമി കച്ചവട പ്രതി മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ആലഞ്ചേരി പോലുള്ളവർക്കുവേണ്ടി സഭയും പ്രസിദ്ധീകരണങ്ങളും അഹമഹമകയാ രംഗത്തു വരുന്നുമുണ്ട്! സിസ്റ്റർ ജസ്മിയുടെ “ആമേൻ” ലൂസി കളപ്പുരയുടെ “കർത്താവിൻ്റെ നാമത്തിൽ ” എന്നിവ വായിച്ചവരോട് കൂടുതൽ പറയേണ്ടതില്ല! )

ക്രൈസ്തവ സഹോദരങ്ങളെ താൽക്കാലിക നേട്ടങ്ങൾക്കു വേണ്ടി സംഘ് ഫാഷിസത്തിൻ്റെ ആലയിലേക്ക് തെളിക്കരുതെന്നും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കരുതെന്നുമാണ് ബന്ധപ്പെട്ടവരോടെല്ലാം ഉണർത്താനുള്ളത്!

Related Articles