Current Date

Search
Close this search box.
Search
Close this search box.

പോകാൻ മനസ്സില്ല!

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുസ് ലിം സാന്നിധ്യം അദ്വിതീയമാണെന്ന കാര്യം അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്. ചില ചരിത്ര ഗ്രന്ഥങ്ങൾ പ്രകാരം രാഷ്ട്ര സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷ്യം വരിച്ചത് അഞ്ചുലക്ഷം മുസ് ലിംകളാണ്! “സ്വാതന്ത്ര്യ സമരത്തിൽ വീരമൃത്യു വരിച്ച പതിനായിരം മുസ് ലിംകളുടെ പേരുവിവരം ഞാൻ തരാം. ഒരൊറ്റ ആർ.എസ്.എസുകാരൻ്റെ പേര് തരാമോ?” എന്ന സ്വാമി അഗ്നിവേഷിൻ്റെ പ്രസ്താവന ഓർക്കുക.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തില്ലെന്നു മാത്രമല്ല, ബ്രിട്ടീഷുകാർക്ക് പലവട്ടം മാപ്പെഴുതിക്കൊടുത്ത് സാമ്രാജ്യത്വ പാദസേവ തെരഞ്ഞെടുത്ത സവർക്കർമാരാണ് സംഘ് ഫാഷിസത്തിൻ്റെ മാതൃകാ രൂപങ്ങൾ. ഈ ഒരു പശ്ചാത്തലത്തിൽ വേണം അസം വെടിവെപ്പും വെടിയേറ്റു വീണ ആളുടെ മുകളിൽ കയറി മൃതശരീരം ചവിട്ടിമെതിച്ച സംഭവവും വായിച്ചെടുക്കാൻ.

പൗരത്വ വിവേചന ബില്ലിൻ്റെ പ്രഥമ പരീക്ഷണ കേന്ദ്രമായി ഫാഷിസ്റ്റുകൾ കണ്ടത് അസം ആയിരുന്നു. എന്നാൽ തങ്ങൾ ഉദ്ദേശിച്ച രീതിയിലല്ല പൗരത്വ പട്ടിക തയ്യാറായത് എന്നതും ഭരണഘടന മുൻനിർത്തി ജാതി / മത / മതേതര / മതമുക്ത ഭേദമന്യേ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളും ബി.ജെ.പിയെ പുതിയൊരു പരീക്ഷണത്തിനു പ്രേരിപ്പിച്ചു. അതു കൊണ്ടാണ് പാവപ്പെട്ട കർഷക തൊഴിലാളികളായ മുസ് ലിംകൾ താമസിക്കുന്ന പ്രദേശങ്ങൾ തെരഞ്ഞുപിടിച്ച് “അനധികൃത കുടിയേറ്റക്കാർ” “കുടിയൊഴിപ്പിക്കൽ” തുടങ്ങിയ പൊതു സ്വീകാര്യ പേരുകൾ വിളിച്ച് ഫാഷിസ്റ്റ് ഒളിയജണ്ട മറ്റൊരു രീതിയിലൂടെ നടപ്പാക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നത്.

അതിർത്തി പ്രദേശമായതിനാൽ അസമിൽ അന:ധികൃത കുടിയേറ്റക്കാർ ഉണ്ടാവാനുള്ള സാധ്യത തളളിക്കളയുന്നില്ല. എന്നാൽ അത്തരക്കാരെപ്പോലും ഒഴിപ്പിക്കേണ്ടത് ഇത്തരം ഭീകരവൃത്തികളിലൂടെയാണോ? തദ്വിഷയകമായി ഗുഹാവതി ഹൈക്കോടതി ഉത്തരവു പോലും നിലനിൽക്കുന്നുണ്ട്. അവയെല്ലാം മറികടന്നു കൊണ്ടുള്ള വംശ വെറിയാണ് ഹിമന്ത ബിശ്വ ശർമയുടെ ബി.ജെ.പി സർക്കാർ അനുവർത്തിക്കുന്നത്.

ഒരു കാര്യം തീർച്ച: കുടിയിറക്കാൻ വന്ന സായുധ പൊലീസ് / സംഘ് ഭീകരർക്കു മുമ്പിൽ മുട്ടുവിറക്കാതെ പിറന്ന മണ്ണിൽ നിന്ന് പോകാൻ മനസ്സില്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് രണ്ടു ഗ്രാമീണർ വെടിയേറ്റുവാങ്ങിയത് നെഞ്ചിലാണ്! അസമിലെ മനുഷ്യർ ഈ ധീര പ്രവൃത്തിയിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും ഇന്ത്യയിലെ ഓരോ മുസ് ലിമിനും ഒപ്പം സംഘ് ഫാഷിസം ശത്രുക്കളായി പ്രഖ്യാപിച്ച മറ്റു മനുഷ്യർക്കും നൽകുന്ന ഒരു സന്ദേശമുണ്ട്: “മരിച്ചു വീണാലും പിറന്ന മണ്ണിൽ നിന്ന് പോകാൻ മനസ്സില്ല! ” എന്ന വിപ്ലവ സന്ദേശം!

ബ്രിട്ടീഷുകാരൻ്റെ മുഖത്തു നോക്കി “ഒന്നുകിൽ സ്വാതന്ത്ര്യം; അല്ലെങ്കിൽ ആറടിമണ്ണ് “എന്നു ഗർജ്ജിച്ച മൗലാനാ മുഹമ്മദലിയുടെ വാക്കുകളിലെ സമാനതകളില്ലാത്ത സമരശേഷി പേറുന്ന പിൻമുറക്കാരിൽ നിന്ന് മറ്റെന്താണു പ്രതീക്ഷിക്കേണ്ടത്!

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles