Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹം പൂത്തുലയുന്ന പെരുന്നാള്‍ മൈതാനങ്ങള്‍….

മനുഷ്യന്റെ ജീവിതത്തില്‍ ഉല്ലാസത്തിനും ആഹ്ലാദത്തിനുമായും ചില വേളകള്‍ അനിവാര്യമാണ്. അതിനാല്‍ തന്നെ ഇസ്‌ലാം രണ്ട് ആഘോഷങ്ങള്‍ ദീനിന്റെ ഭാഗമായി നിശ്ചയിച്ചു തന്നിരിക്കുന്നു. നനവില്ലാത്ത കേവലം വരണ്ട ഒരു ദര്‍ശനത്തെയല്ല അത് മാനവ സമൂഹത്തിന് സമര്‍പ്പിക്കുന്നത്.  ഈദുല്‍ ഫിത്‌റിന്റെയും ഈദുല്‍ അദ്ഹയുടെയും ദിവസം ദൈവ പ്രീതിക്കായി നോമ്പെടുക്കുന്നു എന്ന് തീരുമാനിക്കല്‍ പോലും നിഷിദ്ധമാത്തീരുന്നത് അതു കൊണ്ടാണ്.

ആഘോഷം നിശ്ചയിക്കുന്നതോടൊപ്പം ആഘോഷത്തിന് ചില രീതികളും നിശ്ചിയിച്ചു. അത് ദൈവിക പ്രകീര്‍ത്തനങ്ങളാല്‍ മുഖരിതമാണ്. ദൈവത്തിന് കീഴ്‌വണക്കം അര്‍പ്പിച്ചു കൊണ്ടാണ് ആഘോഷത്തിന് നാന്ദി കുറിക്കുന്നത്. നമസ്‌കാരവും ഖുതുബയും ഈദുകളുടെ ഭാഗമായി പ്രവാചകന്‍ മാതൃകായി കാണിച്ചു. അതിനായി സാധാരണ നമസ്‌കരിക്കാറുള്ള പള്ളികള്‍ക്ക് പകരമായി തുറന്ന മൈതാനം തെരഞ്ഞെടുത്തു. അവിടേക്ക് മുഴുവന്‍ മുസ്‌ലിം ജനാവലിയെയും വിളിച്ചു കൂട്ടി. പുരുഷന്മാരെയും കുട്ടികളെയും സ്ത്രീകളെയും പങ്കെടുപ്പിച്ചു. നമസ്‌കാരത്തിന് ഇളവുള്ള ആര്‍ത്തവാകാരികള്‍ വരെ പെരുന്നാള്‍ ആഘോഷാരാധനയില്‍ പങ്കെടുപ്പിച്ചു. നമസ്‌കാരത്തില്‍ പങ്കെടുക്കാതെ മാറി നിന്നിട്ടാണെങ്കിലും ഖുതുബ ശ്രവിക്കാനും സൗഹാര്‍ദ്ദവും സന്തോഷവും കൈമാറാനുള്ള അവരുടെ അവസരം പ്രവാചകന്‍ അവര്‍ക്ക് നിഷേധിച്ചില്ല.

പെരുന്നാള്‍ നമസ്‌കാരത്തിനായി പ്രത്യേകം തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഈദ്ഗാഹ്. ഈദ് എന്ന അറബി പദവും ഗാഹ് എന്ന പേര്‍ഷ്യന്‍ പദവും ചേര്‍ന്നാണ് ഈ വാക്കുണ്ടാവുന്നത്. ഹദീസില്‍ മുസ്വല്ല എന്ന പദമാണ് ഇതിനായി പ്രയോഗിച്ചത്. ഈ രീതിയിലുള്ള വിശാലമായ സ്ഥലങ്ങളെ മൈദാനുസ്സ്വലാത്ത് എന്നും അറബിയില്‍ പ്രയോഗിക്കുന്നു. പെരുന്നാള്‍ നമസ്‌കാരം പള്ളിയില്‍ വെച്ച് നിര്‍വ്വഹിക്കാമെങ്കിലും പ്രത്യേകം തയ്യാറാക്കിയ മൈതാനിയില്‍ വെച്ച് നിര്‍വ്വഹിക്കുന്നതാണ് പ്രവാചകചര്യ. പ്രതിബന്ധങ്ങളൊന്നുമില്ലെങ്കില്‍ മൈതാനത്ത് വെച്ച് നിര്‍വ്വഹിക്കുന്നതാണ് ഉത്തമമെന്നാണ് കര്‍മ്മശാസ്ത്ര പണ്ഡിതരും അഭിപ്രായപ്പെടുന്നത്.

ഒരിക്കല്‍ മാത്രമായിരുന്നു പ്രവാചകന്‍ പള്ളിയില്‍ വെച്ചുള്ള പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ചത്. അബൂ ഹുറൈറ ഉദ്ദരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ‘ മഴയുള്ള ഒരു പെരുന്നാള്‍ ദിവസം പ്രവാചകന്‍ ഞങ്ങളെയും കൊണ്ട് പള്ളിയില്‍ വെച്ച് നമസ്‌കരിച്ചു.’ (അബൂ ദാവൂദ്)

അബൂ സഈദില്‍ ഖുദ്‌രിയില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച ഹദീസില്‍ ചെറിയ പെരുന്നാളിനും ബലി പ്രവാചകന്‍ (സ) മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നു. ഇതനുസരിച്ച് ഓരോ നാട്ടിലും പെരുന്നാള്‍ നമസ്‌കാരം അനുഷ്ടിക്കപ്പെടണമെന്ന് ശാഫിഈ മദ്ഹബിലെ പ്രഭത്ഭ പണ്ഡിതനായ ഇമാം നവവി പറയുന്നു. മക്കയുടെ പവിത്രതയും കഅ്ബയുടെ സാന്നിദ്ധ്യവും പരിഗണിച്ച് മക്കയില്‍ മസ്ജിദുല്‍ ഹറാമിലൊഴികെയുള്ള സ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്‌കാരം തുറസ്സായ പ്രദേശത്ത് നിര്‍വ്വഹിക്കലാണ് ശ്രേഷ്ഠമെന്നാണ് മാലികി മദ്ഹബിന്റെ അഭിപ്രായം. ഹനഫീ, ഹമ്പലീ മദ്ഹബിലും ഈ വീക്ഷണം തന്നെയാണുള്ളത്.

ഈദുഗാഹുകള്‍ക്ക് പള്ളിയുടെ മാനദണ്ഡമില്ലാത്തതിനാല്‍ തഹിയ്യത്ത് നമസ്‌കാരം ആവശ്യമില്ല. ചെറിയ പെരുന്നാളിന് ഈദ്ഗാഹിലേക്ക് പുറപ്പെടും മുമ്പ് അല്‍പം ഭക്ഷണം കഴിക്കല്‍ സുന്നത്താണ്. ബലിപെരുന്നാളിന് ശേഷം കഴിക്കുന്നതാണ് നബിചര്യ. പെരുന്നാള്‍ ദിനം കുളിച്ച് പുതിയ വസ്ത്രമെടുത്ത് സുഗന്ധം പൂശി തക്ബീര്‍ മുഴക്കി പെരുന്നാള്‍ മൈതാനിയിലേക്ക് പുറപ്പെടാനാണ് പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്. മാത്രമല്ല ഈദ്ഗാഹിലേക്ക് ഒരു വഴിയിലൂടെയും മടങ്ങി വരുന്നത് മറ്റൊരു വഴിയിലൂടെയും വരുവാനാണ് നിര്‍ദ്ദേശിച്ചത്. തൊട്ടടുത്ത സ്ഥലങ്ങളിലേക്ക് പോലും വാഹനങ്ങളില്‍ ചീറിപ്പായുമ്പോള്‍ നഷ്ടമാവുന്ന വഴിയിലെ സൗഹാര്‍ദ്ദപുതുക്കലുകളാണ്.

കേരളത്തില്‍ ഇന്ന് ഈദ്ഗാഹുകള്‍ സര്‍വ്വസാധാരണമാണ്. മുഗള്‍ ഭരണകാലത്തും ബ്രീട്ടിഷ്  ഭരണകാലത്തുമാണ് ഇത്തരം ഈദ്ഗാഹുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടത്.  1930 കളില്‍ തലശ്ശേരിയില്‍ ന്യായാധിപനായി വന്ന മിര്‍സൈനുദ്ദിന്‍ സാഹിബ് ഇവിടെ ഈദ്ഗാഹ് സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള ആശയം തദ്ദേശീയരായ മുസ്ലികളുമായി പങ്കുവച്ചു. മുസ്ലീം ക്ലബ്ബ് ഈദ് ഗാഹ് നടപ്പാക്കാന്‍ പ്രതിബന്ധത പ്രകടിപ്പിച്ചു.

1932 ലാണ് കേരളത്തില്‍ ആദ്യമായി ഈദ്ഗാഹ് നടന്നത്. തലശ്ശേരിയിലെ പഴയ ജുമുഅത്ത് പള്ളിക്ക് കീഴിലായിരുന്നു ഈ ഈദ്ഗാഹ്.   ക്ലബ്ബിന്റെ നേത്യത്വത്തില്‍ 1933 ല്‍ ഈദ് ഗാഹ് കമ്മിറ്റി രൂപീകരിച്ചു.  സത്താര്‍ സേട്ട് സാഹിബായിരുന്നു പ്രസിഡണ്ട്. കെ.എം.സീതിസാഹിബ് സെക്രട്ടറിയും.

ആദ്യത്തെ ഈദ്ഗാഹിന് നേത്യത്വം നല്‍കിയത് ഖാസി കുടുംബത്തിലെ മുതിര്‍ന്ന അംഗമായിരുന്ന കുഞ്ഞിക്കോയ തങ്ങളായിരുന്നു. ടാറ്റാ മൂസ്സ എന്ന പേരില്‍ പ്രശസ്തമായ പുതുവാച്ചേരി മുസാ സാഹിബ് തുടക്കം മുതല്‍ ദീര്‍ഘകാലം ഈദ്ഗാഹ് സംഘടിപ്പിക്കുന്നതില്‍ നേതൃത്വം നല്‍കിക്കൊണ്ടിരുന്നു.
വന്‍ജനാവലിയോടെയാണ് കേരളത്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഈദുഗാഹുകള്‍ നടക്കുന്നു. പലയിടങ്ങളിലും സംഘടനാ പക്ഷപാദിത്യങ്ങള്‍ക്കതീധമായ മുസ്‌ലിം ജനകൂട്ടായ്മകള്‍ രൂപപ്പെട്ടും സംഘടനകള്‍ പരസ്പരം സഹകരിച്ചും ഈദ്ഗാഹുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത് വലിയ സന്ദേശമാണ് നല്‍കുന്നത്.

ഈദുഗാഹുകള്‍ പിരിയുമ്പോള്‍ പരസ്പരം സൗഹാര്‍ദ്ദം പുതുക്കിയും ആലിംഗനം ചെയ്തും ആശംസകളും സന്തോഷങ്ങളും കൈമാറിയുമുള്ള എത്രമാത്രം സന്തോഷകരമാണ്. വിശാലമായ മൈതാനികള്‍ ഒരേ സമയം മനസ്സുകള്‍ക്കിടയിലും വിശാലമായ മൈതാനങ്ങള്‍ തീര്‍ക്കുന്നു.

വര്‍ണ്ണവൈവിധ്യങ്ങളോടെയുള്ള വസ്ത്രങ്ങളണിഞ്ഞ് എല്ലാവരും ഒരേ സമയം സുജൂദും റുകൂഉം നിര്‍വ്വഹിക്കുന്ന നമസ്‌കാരക്കാഴ്ച എത്ര സുന്ദരമാണ്. പെരുന്നാള്‍ സംഗമങ്ങള്‍ പൊതു സമൂഹത്തിന് സമ്മാനിക്കുന്നത് വലിയൊരു അനുഭവമാണ്. ഈസ്‌ലാമിന്റെ ആരാധാനാ സൗന്ദര്യം ഏറ്റവും സുന്ദരമായി അവതരിപ്പിക്കുകയാണ് ഈദ്ഗാഹിലൂടെ. ആരാധനയും ആഘോഷവും മേളിക്കുന്ന ഈദുഗാഹുകള്‍ അങ്ങനെയാണ് സമൂഹത്തില്‍ ശ്രദ്ധേയമാകുന്നത്.

Related Articles