Current Date

Search
Close this search box.
Search
Close this search box.

സലാം ശാലോം

അമേരിക്കയിലെ നാഷ്‌വില്ലെ ചാര്‍ട്ടര്‍ സ്‌കൂളില്‍ സമയം ഒരു മണിയായി. നമസ്‌കരിക്കാന്‍ പോകണമെന്ന് പറഞ്ഞുകൊണ്ട് കുറച്ച് വിദ്യാര്‍ഥികള്‍ കൈ ഉയര്‍ത്തി. ഇതൊരു മുസ്‌ലിം സ്‌കൂള്‍ അല്ലെങ്കിലും അവര്‍ക്ക് നമസ്‌കരിക്കാനായി ഒരു മുറി സൗകര്യപ്പെടുത്തിയിട്ടുണ്ടെന്ന് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അറിയാമായിരുന്നു. ഞാന്‍ സമ്മതം മൂളിയപ്പോള്‍ അഞ്ചോ ആറോ വിദ്യാര്‍ഥികള്‍ വുദു എടുക്കാനായി ക്ലാസില്‍ നിന്ന് ഇറങ്ങി. സ്‌കൂളില്‍ മുസ്‌ലിം കുട്ടികള്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമൊരുക്കിയിട്ട് രണ്ട് വര്‍ഷമായി. നല്ല അഭിപ്രായങ്ങളാണ് ഈയൊരു തീരുമാനത്തെ കുറിച്ച് വന്നത്.

ആദ്യമൊക്കെ നമസ്‌കരിക്കാന്‍ കുട്ടികളെ അയക്കുന്ന കാര്യത്തില്‍ ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായിരുന്നു. പിന്നെ നമസ്‌കരിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളോട് കൈ ഉയര്‍ത്താന്‍ പറയാന്‍ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ എന്നോട് നിര്‍ദേശിച്ചു. ആദ്യദിവസങ്ങളിലൊക്കെ നമസ്‌കരിക്കാന്‍ പോകുന്ന കുട്ടികളുടെ എണ്ണം ലഭിക്കാന്‍ ഞാന്‍ ഈ രീതി പിന്തുടര്‍ന്നു. ആദ്യമായി ഈ ചോദ്യം ചോദിച്ചപ്പോള്‍ ചില കുട്ടികള്‍ അമര്‍ത്തി ചിരിച്ചു. ചിലര്‍ പരിഹാസസ്വരത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോവുകയോ എന്ന് ചോദിച്ചു. എന്നാല്‍ എന്റെ ചോദ്യത്തിന് മറുപടിയായി കുറേ കുട്ടികള്‍ കൈ ഉയര്‍ത്തിയപ്പോള്‍ അവരൊക്കെ നിശബ്ദരായി. അവരില്‍ അമുസ്‌ലിം കുട്ടികളും ഉണ്ടായിരുന്നു എന്നതില്‍ ഞാന്‍ ആകെ ആശ്ചര്യപ്പെട്ടു. മുസ്‌ലിം കുട്ടികളുടെ പ്രാര്‍ത്ഥനയാണല്ലോ ഞാന്‍ ഉദ്ദേശിച്ചത് എന്ന അര്‍ഥത്തില്‍ ഞാന്‍ കുട്ടികളുടെ മുഖത്ത് നോക്കി. അല്ല രക്ഷിതാക്കളുടെ അനുമതിയോടു കൂടി തന്നെയാണോ നിങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ സമയം ചോദിക്കുന്നത്, ഞാന്‍ സംശയരൂപേണ അമുസ്‌ലിം കുട്ടികളെ നോക്കി ചോദിച്ചു. അപ്പോള്‍ കുറച്ച് കൈകള്‍ താഴ്ന്നു. പെട്ടെന്ന് എനിക്ക് തോന്നി, മുസ്‌ലിം കുട്ടികള്‍ പ്രാര്‍ത്ഥിക്കുന്ന സ്ഥലത്ത് അമുസ്‌ലിം കുട്ടികള്‍ പ്രാര്‍ത്ഥിക്കരുത് എന്നാണല്ലോ ഞാന്‍ പറയാതെ പറഞ്ഞത്. ആര്‍ക്കു വേണമെങ്കിലും പ്രാര്‍ത്ഥിക്കാന്‍ പോകാം, ഒരു ജാള്യതയോടെ ഞാന്‍ തിരുത്തി.

വേറെ കുറേ ക്ലാസുകളിലും അമുസ്‌ലിം കുട്ടികള്‍ മുസ്‌ലിം കുട്ടികളോടൊപ്പം പ്രാര്‍ഥനക്കായി സമയം ചോദിച്ചിരുന്നു. ഇങ്ങനെയുള്ള മതാന്തര കാര്യങ്ങള്‍ സ്‌കൂളിന് ഒരു പുതുമയായിരുന്നു. മതാന്തര പ്രാര്‍ഥനാ മുറികള്‍ എന്ന സങ്കല്‍പത്തിന് വലിയ സ്വീകാര്യത ലഭിച്ചു. മുസ്‌ലിം കുട്ടികളുടേത് പോലെ തങ്ങളുടെ കുട്ടികള്‍ക്കും പ്രാര്‍ഥനാ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി രക്ഷിതാക്കള്‍ ഫോണിലൂടെയും ഇമെയിലിലൂടെയും പ്രിന്‍സിപ്പാളിനെ ബന്ധപ്പെട്ടു തുടങ്ങി. പല മതത്തില്‍ പെട്ട കുട്ടികള്‍ ഒരേ സമയം ഒരേ പ്രാര്‍ത്ഥനാ മുറിയില്‍ പ്രാര്‍ത്ഥിക്കുന്നു. വളരെ മഹത്തായ ഒരാശയം. മുറിയുടെ ഒരു ഭാഗത്ത് ക്രിസ്ത്യന്‍ കുട്ടികള്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്നു, തൊട്ടപ്പുറത്ത് മുസ്‌ലിം കുട്ടികള്‍ നമസ്‌കാരം നിര്‍വഹിക്കുന്നു. പക്ഷേ, മുതിര്‍ന്നവരെ പോലെ എന്റെ മതം നിന്റെ മതം എന്ന തരംതിരിവ് കുട്ടികളുടെ മനസ്സിലില്ല. എന്നാല്‍, ഒരു ദിവസം ഒരു മുസ്‌ലിം പെണ്‍കുട്ടി ‘ഇതെന്താ മുസ്‌ലിംകളും ക്രിസ്ത്യാനികള്‍ ഒരുമിച്ച്’ എന്ന് ഒച്ചയിടുന്നത് കേട്ടു. എനിക്ക് അത് തികച്ചും അസഹിഷണുതാപരമായാണ് തോന്നിയത്. എന്നാല്‍ സ്‌കൂള്‍ രക്ഷാധികാരികള്‍ കുട്ടികളെ വിളിച്ച് മാന്യമായി സംസാരിക്കണമെന്നും പരസ്പരം ബഹുമാനിക്കണമെന്നും സഹിഷ്ണുത വെച്ചുപുലര്‍ത്തണമെന്നുമൊക്കെ ഉപദേശിച്ചു. മുസ്‌ലിം കുട്ടികള്‍ നമസ്‌കരിക്കുമ്പോള്‍ മറ്റ് കുട്ടികള്‍ മുന്നിലൂടെ നടക്കരുത്, മറ്റ് കുട്ടികള്‍ പ്രാര്‍ഥിക്കുമ്പോള്‍ മുസ്‌ലിം കുട്ടികള്‍ നിശ്ബദരായിരിക്കുകയും വേണം, അവര്‍ അറിയിച്ചു.

ഈ സാംസ്‌കാരിക മൃദുത്വ പരിശീലനം വളരെ ഗുണഫലങ്ങള്‍ ഉണ്ടാക്കി. പ്രാര്‍ത്ഥനാ മുറിക്കടുത്തുള്ള സ്റ്റാഫ് റൂമില്‍ ഇരുന്നു കൊണ്ട് ഞാന്‍ കുട്ടികളെ നിരീക്ഷിച്ചു. നമ്മുടെ സ്‌കൂളിന് നല്ല അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടും, കാരണം ഇവിടെ കുറെ പ്രാര്‍ത്ഥിക്കുന്ന കുട്ടികള്‍ ഉണ്ടല്ലോ, ഒരു ടീച്ചര്‍ അഭിപ്രായപ്പെട്ടു. രണ്ട് മുസ്‌ലിം ആണ്‍കുട്ടികള്‍ നമസ്‌കരിച്ച് കഴിയുന്നതു വരെ കുറച്ച് അമുസ്‌ലിം കുട്ടികള്‍ കാത്തുനില്‍ക്കുന്നത് കണ്ടു. അവരുടെ നമസ്‌കാരം കഴിഞ്ഞപ്പോള്‍ ക്രിസ്ത്യന്‍ കുട്ടികള്‍ പതുക്കെ  അവരുടെ മുന്നിലൂടെ പ്രാര്‍ത്ഥനക്കായി നീങ്ങി. നാം സഹിഷ്ണുതയും ബഹുമാനവും കരസ്ഥമാക്കിയിരിക്കുന്നു. ഈ കുട്ടികളെയൊക്കെ മുതിര്‍ന്നവരായി ഞാന്‍ സങ്കല്‍പിച്ചു. വളര്‍ന്നു കഴിഞ്ഞാലും ഈ സഹിഷ്ണുത അവര്‍ക്ക് പുലര്‍ത്താന്‍ സാധിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതെ അവര്‍ക്ക് തീര്‍ച്ചയായും സാധിക്കും.

ഒരു ദിവസം ഒരു ഈദാശംസ കേട്ട് ഞാന്‍ പുറത്തേക്ക് എത്തിച്ചു നോക്കി. ഒരു ജൂത പെണ്‍കുട്ടി ഒരു മുസ്‌ലിം പെണ്‍കുട്ടിയോട് ഈദാംശംസ അറിയിക്കുകയാണ്. മുസ്‌ലിം പെണ്‍കുട്ടി ആശ്ചര്യത്തോടെ അവളോട് നന്ദി പറഞ്ഞു. രണ്ടുപേരും ഉള്ളുതുറന്ന് ചിരിച്ചുകൊണ്ട് കടന്നുപോയി. അതെ, സമയം ഒരു മണിയായി. മുസ്‌ലിം പെണ്‍കുട്ടി നമസ്‌കാരത്തിന് വുദു എടുക്കാനാണ് പോകുന്നത്. ജൂത പെണ്‍കുട്ടി പ്രാര്‍ത്ഥനാ ഹാളിലേക്കും. ചെറിയ ഒരു ആശംസയാണെങ്കിലും വിവിധ വിശ്വാസങ്ങളെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനുമുള്ള ഒരു മനസ്സായിരുന്നു അത്.

ഈ കുട്ടികള്‍ എനിക്ക് വിലയേറിയ പാഠങ്ങളാണ് പകര്‍ന്നു തന്നത്. നമ്മള്‍ ഒരു മതവിഭാഗത്തെ ഉള്‍കൊള്ളാനുള്ള മനസ്സ് കാണിക്കുമ്പോള്‍ നാം അവരുടെ വിശ്വാസങ്ങളെ കൂടി ബഹുമാനിക്കുകയാണ് ചെയ്യുന്നത്. മതവിശ്വാസങ്ങള്‍ സാഹോദര്യത്തിന് വഴിമാറുന്ന അപൂര്‍വ കാഴ്ച.

വിവ: അനസ് പടന്ന

Related Articles