Current Date

Search
Close this search box.
Search
Close this search box.

സന്തുലിതത്വം : ഇസ്ലാമിക് സാന്പത്തിക ശാസ്ത്രത്തിന്റെ അടിത്തറ

സാമൂഹികവും, രാഷ്ട്രീയവും, സാംസ്‌കാരികവുമായ ലോകക്രമത്തിലെ നിലവിലുള്ള മുഖ്യചര്‍ച്ച സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ്. വിവിധങ്ങളായ രാഷ്ട്രങ്ങളുടെയും, ബാങ്കുകളുടെയും സാമ്പത്തിക ബജറ്റിന് ഭീഷണിയുയര്‍ത്തുന്ന തലത്തിലേക്ക് അത് ഉയര്‍ന്നിരിക്കുകയാണ്. ഇതിന്റെ കാരണങ്ങളെയും പരിഹാരങ്ങളെയും പരിശോധിക്കുന്ന സെമിനാറുകളും, സമ്മേളനങ്ങളും ലോകത്തിന്റെ പലഭാഗങ്ങളിലും നടന്ന് കൊണ്ടേയിരിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന കാലത്ത് മാനവകുലത്തിന് ഭീഷണിയായ സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങള്‍ ലോകത്ത് പ്രകടമായിത്തുടങ്ങിയപ്പോള്‍ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയില്‍ പരിഹാരം തേടേണ്ടതിന്റെ അനിവാര്യതയെ സംബന്ധിച്ച് ചില പാശ്ചാത്യര്‍ സൂചിപ്പിച്ചിരുന്നു. അതിനും മുമ്പ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് റഷ്യ സാമ്പത്തികമായി പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ അവര്‍ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് പഠിക്കാന്‍ നാഷണല്‍ ബാങ്ക് ഡയറക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ അസ്ഹറിലെ പണ്ഡിത ഗവേഷണ വിഭാഗത്തിലേക്ക് അയക്കുകയുണ്ടായി. ഉടമാവകാശം, മാര്‍ക്കറ്റിംഗ്, നാണയ രാഷ്ട്രീയം, രാഷ്ട്ര സാമ്പത്തിക വ്യവസ്ഥ തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കാനായിരുന്നു അത്. അവ പഠിച്ച് മനസ്സിലാക്കിയ റഷ്യന്‍ ദേശീയ ബാങ്ക് ഡയറക്ടര്‍ അസ്ഹറിലെ പണ്ഡിതരോട് ചോദിച്ചുവത്രെ ‘ഇത്രയും നിര്‍മ്മാണാത്മകമായ സാമ്പത്തിക വ്യവസ്ഥ കയ്യിലുള്ള നിങ്ങള്‍ എന്ത് കൊണ്ട് പിന്നോക്കാം പോയി? സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങള്‍ രംഗത്ത് വന്നതോടെ ‘ഇസ്‌ലാമിക് ഫൈനാന്‍സ്’ എന്ന തലക്കെട്ടില്‍ 2008-ല്‍ ഫ്രാന്‍സ് ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. വിശുദ്ധ ഖുര്‍ആില്‍ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് വന്ന നിയമങ്ങള്‍ പഠിക്കുകയും, അവതെ വിലമതിക്കുകയുമാണ് യൂറോ-അമേരിക്കന്‍ ബാങ്കുകള്‍ ചെയ്യേണ്ടതെന്ന് ഒടുവില്‍ അവര്‍ തീരുമാനത്തിലെത്തി.
യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ പാശ്ചാത്യരെ ആകര്‍ഷിച്ചത് അതിലെ സന്തുലിതത്വം തന്നെയാണ്. മറ്റ് സാമ്പത്തിക പ്രത്യശസാത്രങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിയാത്ത കൃത്യവും സന്തുലിതവുമായ സാമ്പത്തിക സംവിധാനമാണ് ഇസ്‌ലാമിലുള്ളത്. ഈ സന്തുലിതത്വ നയത്തെ താഴെ പറയുന്ന രൂപത്തില്‍ നമുക്ക് വിശദീകരിക്കാവുന്നതാണ്.

സമൂഹ നിര്‍മ്മാണത്തില്‍ സന്തുലിതത്വം
സമ്പത്തിന്റെയും മറ്റ് ഭൗതിക മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ നിലകൊള്ളുന്ന ധാരാളം സമൂഹങ്ങളുണ്ട്. മനുഷ്യാസ്തിത്വത്തെയും, മാനവചരിത്രത്തെയും ഇത്തരത്തില്‍ പൂര്‍ണ്ണമായും ഭൗതിമായി വ്യാഖ്യാനിച്ചും വിലയിരുത്തിയുമാണ് മാര്‍ക്‌സിസം രംഗപ്രവേശം ചെയ്തത്. ചരിത്രത്തിന്റെ ഭൗതികവ്യാഖ്യാനം എന്നപേരിലാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍ ഇസ്‌ലാമിക ദര്‍ശനത്തില്‍ സമൂഹനിര്‍മാണത്തിന്റെ അടിസ്ഥാനം ഭൗതികമോ, സാമ്പത്തികമോ -സാമ്പത്തികം ജീവിതത്തിന്റെ അടിസ്ഥാനമാണെന്നതോടൊപ്പം- അല്ല. മറിച്ച് സമഗ്രമായ വീക്ഷണമാണ് ഇസ്‌ലാമിനുള്ളത്. മൂല്യബോധമുള്ള സമൂഹത്തിന്റെ നിര്‍മാണമാണത്. കേവലം സമ്പത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന സമൂഹത്തിന് മൂല്യവും ധര്‍മ്മവും അന്യമായിരിക്കും.

വ്യക്തിയുടമാവകാശത്തിനും, പൊതു ഉടമാവകാശത്തിനും മദ്ധ്യേ
നിലവിലുള്ള ലോകക്രമത്തില്‍ പരസ്പരം പോരടിച്ച് കൊണ്ടിരിക്കുന്ന മനുഷ്യനിര്‍മ്മിത പ്രത്യയശാസ്ത്രങ്ങള്‍ രണ്ട് ചേരിയിലാണുള്ളത്. തന്റെ ഉടമസ്ഥാവകാശത്തിലുള്ളവയെ സ്വേഛാനുസാരം കൈകാര്യം ചെയ്യാനുള്ള പരമാധികാരം വ്യക്തിക്ക് വകവെച്ച് കൊടുക്കുന്ന മുതലാളിത്ത വ്യവസ്ഥയാണ് പ്രഥമമായത്. പൊതു സമൂഹത്തിനാണ് അല്ലങ്കില്‍ രാഷ്ട്രത്തിനാണ് സമ്പത്തിന്റെ ഉടമാവകാശം, ഭരണകൂടമാണ് അത് വീതിക്കേണ്ടത് എന്ന് സിദ്ധാന്തിക്കുന്ന കമ്മ്യൂണിസമാണ് മറുവശത്ത്.
എന്നാല്‍ ഇസ്‌ലാമിന് ഇക്കാര്യത്തില്‍ മധ്യമ നിലപാടാണ് ഉള്ളത്. തന്റെ ഉടമാവകാശത്തിലുള്ള സ്വത്തിന്റെ കൈകാര്യകര്‍തൃത്വത്തിനുള്ള അധികാരം അത് വ്യക്തിയില്‍ നിന്നും അടര്‍ത്തിയെടുക്കുകയോ, അവന് പരമാധികാരം നല്‍കുകയോ ഇസ്‌ലാം ചെയ്യുന്നില്ല. മറിച്ച് അധികാരം നല്‍കുന്നതോടൊപ്പം പരിധികള്‍ നിര്‍ണ്ണയിക്കുകയാണ് അത് ചെയ്തത്. വ്യക്തിയുടെ സ്വത്തില്‍ സമൂഹത്തിന് അവകാശം നിശ്ചയിച്ചു. അദ്ധ്വാനിക്കാന്‍ കല്‍പിക്കുകയും, അത് നിര്‍ബന്ധമാണെന്ന് അനുശാസിക്കുകയും ചെയ്തു. സമൂഹത്തിന് ദുരന്തം സൃഷ്ടിക്കുന്ന തൊഴിലുകള്‍ നിഷിദ്ധമാണെന്ന് പ്രഖ്യാപിച്ചു. ഉദാഹരണമായി മദ്യക്കച്ചവടം.

സമ്പത്ത് വിതരണത്തിലെ സന്തുലിതത്വം
ഉടമാവകാശത്തില്‍ മാത്രമല്ല സമ്പത്തിന്റെ വിഭജനത്തിലും ഇസ്‌ലാം സന്തുലിതത്വം കാത്ത് സൂക്ഷിച്ചു. സാമ്പത്തികമായ അങ്ങേയറ്റത്തെ ഏറ്റവ്യത്യാസത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ന്യൂനപക്ഷം പൊതു സമൂഹത്തിന്റെ സ്വത്ത് സ്വായത്തമാക്കി വെക്കുന്നതോ, വ്യക്തികളുടെ സമ്പത്ത് ശേഖരിച്ച് തുല്യമായി സമൂഹത്തില്‍ വീതിക്കുന്നതോ ഇസ്‌ലാമിന്റെ നയമല്ല. വൈവിധ്യങ്ങളെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നതോടൊപ്പം ഭീമമായ അന്തരത്തെയും, ഒരു വിഭാഗത്തിന്റെ ആധിപത്യത്തെയും അത് നിരാകരിക്കുന്നു.

ഇസ്‌ലാമിക് ഫൈനാന്‍സിംഗ് വ്യവസ്ഥയുടെ സന്തുലിതത്വം
എല്ലാ സാമ്പത്തിക പ്രത്യയശാസ്ത്രങ്ങള്‍ക്കും സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവിധ രൂപത്തിലുള്ള ഫൈനാന്‍സിംഗിന്റെയും ബാങ്കിങ്ങിന്റെയും സംവിധാനങ്ങളുണ്ട്. അവര്‍ക്കിടയില്‍ പലതരത്തിലുള്ള അന്തരങ്ങളുമുണ്ട്. ഉദാഹരണമായി കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ബാങ്കിങ്ങ് സംവിധാനമല്ല മുതലാളിത്ത രാഷ്ട്രത്തിലേത്. മനുഷ്യനിര്‍മ്മിത പ്രത്യയ ശാസ്ത്ര വ്യവസ്ഥയില്‍ സമ്പത്തിന്റെ കച്ചവടം ആശ്രയിച്ചിരിക്കുന്നത് സമൂഹത്തെയല്ല മറിച്ച് സ്വകാര്യവ്യക്തികളെയാണ്. അതിനാലാണ് ‘ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു’ വെന്ന നയം അവര്‍ക്കിടയില്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ ഇസ്‌ലാമിക് ഫൈനാന്‍സിങ്ങില്‍ സമ്പത്ത് അല്ലാഹുവിന്റെതാണ്, അവന്റെ താല്‍പര്യത്തിനനുസരിച്ച് അവ കൈകാര്യം ചെയ്യാനുള്ള ബാധ്യതയാണ് മനുഷ്യനുള്ളതെന്നും അത് വ്യക്തമാക്കുന്നു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles