Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് സുന്നത്ത് ക്രോഡീകരിച്ചില്ല?

ഇസ്‌ലാമിനെകുറിച്ച പഠനങ്ങളിലൂടെയും എഴുത്തിലൂടെയും ചില മുസ്‌ലിം മനസ്സുകളെ സ്വാധീനിക്കുന്നതില്‍ ഇക്കാലത്ത് ധാരാളം ഓറിയന്റലിസ്റ്റുകള്‍ വിജയം കണ്ടെത്തിയിട്ടുണ്ട്. ഓറിയന്റലിസ്റ്റുകളുടെ ഗവേഷണങ്ങള്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവും സൂക്ഷ്മതയോടെ നിര്‍വഹിച്ചതുമാണെന്ന ധാരണയില്‍ അവര്‍ അതിനെ പിന്‍പറ്റുകയും ചെയ്യുന്നു. യാതൊരു തെളിവും നിരത്താതെ അവര്‍ സ്ഥാപിച്ച കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. പലപ്പോഴും അവര്‍ പറഞ്ഞതിനും അപ്പുറത്തേക്ക് അധികരിപ്പിക്കുകയും ചെയ്യുന്നു. ഗവേഷണം, പഠനം, നിരൂപണ സ്വാതന്ത്ര്യം എന്നൊക്കെ പേരിട്ട് അതില്‍ വിഷം കലര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ ശരിയായ വിജ്ഞാനത്തില്‍ നിന്നും ചൊവ്വായ ഗവേഷണത്തില്‍ നിന്നും ശുദ്ധമായ നിരൂപണത്തില്‍ നിന്നും എത്രയോ അകലെയാണ് അവയെല്ലാം.

അതുകൊണ്ട് തന്നെ ഓറിയന്റലിസ്റ്റ് ശിഷ്യന്‍മാരായിരുന്നവര്‍ തങ്ങളുടെ എഴുത്തില്‍ ഇസ്‌ലാമിനെയാണ് അവരുടെ മുഖ്യവിഷയമായി തെരെഞ്ഞെടുത്തിരിക്കുന്നത്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവരുടെ പ്രത്യേക താല്‍പര്യം കേന്ദ്രീകരിച്ചിരിക്കുന്നത് ഹദീസിലാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനങ്ങളില്‍ സംശയവും ആശങ്കകളും ജനിപ്പിക്കുന്നവയാണ് അവരുടെ രചനകള്‍. യഥാര്‍ത്ഥത്തില്‍ അവരെ സ്വാധീനിച്ചിരുന്ന ഓറിയന്റലിസ്റ്റുകളുടെ ചിന്തയുടെ പ്രതിധ്വനിയും കണ്ണാടിയുമായിരുന്നു ഇത്തരം രചനകള്‍.

ഹദീസുകളെ ഉപേക്ഷിച്ച് ഖുര്‍ആന്‍ മാത്രം അവലംബിച്ചാല്‍ മതിയെന്ന് വാദിച്ചിരുന്ന ഡോ. തൗഫീഖ് സ്വിദ്ഖി ഇവരില്‍ ഒരാളായിരുന്നു. ‘ഇസ്‌ലാം എന്നത് ഖുര്‍ആന്‍ മാത്രമാണ്’ എന്ന പേരില്‍ ഇയാള്‍ അല്‍-മനാര്‍ മാഗസിനില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഹദീസിനെ സംബന്ധിച്ച ചിന്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി ‘ഫജ്‌റുല്‍ ഇസ്‌ലാം’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഒരു അധ്യായം തന്നെ മാറ്റിവെച്ച അഹ്മദ് അമീന്‍ തുടര്‍ന്ന് വന്ന മറ്റൊരാളായിരുന്നു. ഓറിയന്റലിസ്റ്റുകളിലേക്ക് ചേര്‍ത്ത് പറയാതെ തന്നെ അവരുടെ ചിന്തകളും അഭിപ്രായങ്ങളും ഉദ്ധരിക്കുകയാണതില്‍. തുടര്‍ന്ന് അതിനെ ഏറ്റെടുത്തത് ‘അദ്‌വാഉന്‍ അല സുന്നത്തില്‍ മുഹമ്മദിയ്യ’ എന്ന പുസ്തകം രചിച്ച മഹ്മൂദ് അബൂ റയ്യയായിരുന്നു. ഹദീസുകളെ പറ്റിയുള്ള ആരോപണങ്ങളും കുതര്‍ക്കങ്ങളുമാണ് അതില്‍ പ്രചരിപ്പിക്കുന്നത്. അദ്ദേഹത്തിന് മുമ്പ് കഴിഞ്ഞുപോയ ഓറിയന്റലിസ്റ്റുകളുടെയും മുസ്‌ലിംകളുടെയും ശൈലിയും കൂട്ടികലര്‍ത്തിയാണത് രചിക്കപ്പെട്ടിട്ടുള്ളത്. ഹദീസുകളെയും അതിന്റെ വക്താക്കളെയുംകുറിച്ച് സംശയം ജനിപ്പിക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളുടെ മിശ്രിതമായിട്ടാണ് പ്രസ്തുത പുസ്തകം ഇറങ്ങിയത്. ഹദീസുകളെ ഭിന്നിപ്പും വൈരുദ്ധ്യവും മാറ്റത്തിരുത്തലുകളും നിറഞ്ഞ ഒന്നായിട്ടാണ് പരിചയപ്പെടുത്തുന്നത്.

ഇസ്‌ലാമിക ശരീഅത്തിലെ രണ്ടാം പ്രമാണമായ ഹദീസിനെ കുറിച്ച് സംശയങ്ങള്‍ ഉണ്ടാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സുന്നത്തിന്റെ പ്രാമാണികതക്കെതിരെ ആരോപണമുന്നയിച്ചും, മുസ്‌ലിംകളെപോലും ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് തടയുന്ന തരത്തിലുള്ള സംശയങ്ങള്‍ ഇളക്കിവിടുകയുമാണവര്‍ ചെയ്യുന്നത്.

ഓറിയന്റലിസ്റ്റുകളുടെ വാലുകളായവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള ഒരു തെറ്റിദ്ധാരണയാണ്, ‘സുന്നത്ത് അനിവാര്യമായ ഒന്നായിരുന്നെങ്കില്‍ ഖുര്‍ആനെ പോലെ അതിനെയും അല്ലാഹു സംരക്ഷിക്കുമായിരുന്നു.’ അല്ലാഹു പറയുന്നു: ‘നിശ്ചയം നാമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും.’ നബി(സ) ഖുര്‍ആന്‍ രേഖപ്പെടുത്താന്‍ കല്‍പ്പിച്ച പോലെ സുന്നത്തും രേഖപ്പെടുത്താന്‍ കല്‍പ്പിക്കുമായിരുന്നു.

‘അറിയുക, ഖുര്‍ആനും അതോടൊപ്പം അതുപോലുള്ളതും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു’ എന്ന നബി(സ)യുടെ വാക്കുകളുദ്ധരിച്ചു കൊണ്ട് അവര്‍ പറയുന്നു: ‘ഈ ഹദീസ് ശരിയാണെങ്കില്‍ സുന്നത്ത് ക്രോഡീകരിക്കുന്നത് നബി(സ) ഒരിക്കലും വിലക്കിയിട്ടില്ല. മറിച്ച് ഖുര്‍ആന്‍ ക്രോഡീകരിച്ച പോലെ അതും ക്രോഡീകരിക്കാന്‍ കല്‍പ്പിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് ബോധനം നല്‍കപ്പെട്ടതില്‍ പകുതി രേഖപ്പെടുത്താതെ ജനങ്ങളില്‍ ഉപേക്ഷിച്ചു പോവുകയെന്നത് അസംഭവ്യമാണ്. അപ്പോള്‍ അദ്ദേഹം തന്റെ സന്ദേശം പൂര്‍ണ്ണമായി ആളുകളിലേക്ക് എത്തിക്കുകയും ദൗത്യം നിര്‍വഹിക്കുകയും ചെയ്തിട്ടില്ല. എന്തുകൊണ്ട് സഹാബിമാര്‍ വഹ്‌യിന്റെ പകുതി രേഖപ്പെടുത്തിയില്ല? അതിനോട് കാണിച്ചിരിക്കുന്ന അവഗണന അവരെയെല്ലാം കുറ്റക്കാരാക്കിയിരിക്കുന്നു.’

ആരോപണത്തിന് മറുപടി
അല്ലാഹു ഈ ശരീഅത്തിന്റെ സംരക്ഷണവും നില്‍നില്‍പ്പും ഉദ്ദേശിച്ചപോലെ തന്നെ അവയുടെ സംരക്ഷണത്തിന് അവന്റെ അടിമകള്‍ കൂടുതല്‍ പ്രയാസപ്പെടരുതെന്നും അവന്‍ ഉദ്ദേശിച്ചിട്ടുണ്ട്. അറബികള്‍ നിരക്ഷരരായിരുന്ന ഒരു സമൂഹമായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എഴുതാനറിയുന്നവര്‍ അവരില്‍ ചുരുക്കമായിരുന്നു. അതുപോലെ തന്നെ എഴുതാനുള്ള ഉപകരണങ്ങളും വളരെ അപൂര്‍വ്വവും വിരളവുമായിരുന്നു. ഖുര്‍ആന്‍ തന്നെ എഴുതിയിരുന്നത് ഈന്തപ്പനയുടെ തണ്ടിലും എല്ലിന്‍ കഷ്ണങ്ങളിലും തോലിലുമാണ്. പ്രവാചകത്വത്തിന് ശേഷം നബി തിരുമേനി(സ) അനുചരന്‍മാര്‍ക്കിടയില്‍ 23 വര്‍ഷം ജീവിച്ചു. അതുകൊണ്ട് തന്നെ ഹദീസ് രേഖപ്പെടുത്തണമെന്ന് കല്‍പ്പിച്ചിരുന്നുവെങ്കില്‍ അത് വളരെയധികം പ്രയാസകരമാകുമായിരുന്നു. കാരണം നബി(സ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും അംഗീകാരവുമെല്ലാം സുന്നത്തില്‍ പെടുന്നു. അതിനാല്‍ സഹാബികളില്‍ വലിയൊരു വിഭാഗം തന്നെ അതിനായി വിട്ടുനില്‍ക്കേണ്ടി വരുമായിരുന്നു. അതോടൊപ്പം സഹാബിമാര്‍ക്ക് അവരുടെ ഉപജീവനത്തിനായും പ്രവര്‍ത്തിക്കേണ്ടിയിരുന്നു. മാത്രമല്ല അവരെല്ലാവരും എഴുത്ത് വശമുണ്ടായിരുന്നവരും ആയിരുന്നില്ല. എഴുതാനറിയുന്ന ചുരുങ്ങിയ സഹാബികള്‍ തന്നെ ഖുര്‍ആന്‍ രേഖപ്പെടുത്തുന്നതിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. തങ്ങള്‍ക്ക് ശേഷമുള്ളവര്‍ക്ക് അതില്‍ നിന്ന് ഒരക്ഷരം പോലും നഷ്ടപ്പെടാതെ കൈമാറുന്നതിന് അത് അനിവാര്യമായിരുന്നു. അതുകൊണ്ട് ഘട്ടംഘട്ടമായി അവതരിച്ച ഖുര്‍ആന്‍ രേഖപ്പെടുത്തുക എന്ന ഉത്തരവാദിത്വത്തില്‍ ചുരുക്കി.

ആളുകള്‍ക്കിടയില്‍ ഖുര്‍ആനും മറ്റുള്ളവയുമായി കൂടികലരുന്ന അവസ്ഥ ഭയന്നതും സുന്നത്ത് രേഖപ്പെടുത്തതിനെ വിലക്കിയതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. വഹ്‌യ് അവതരിച്ചുകൊണ്ടിരുന്ന ആദ്യഘട്ടത്തില്‍ അതിന് സാധ്യതയേറെയുമായിരുന്നു.
സഹാബികളുടെ കാലത്ത് ഖുര്‍ആന്‍ മനഃപാഠമാക്കുന്നവര്‍ക്ക് സംഭവിച്ചത് ഹദീസ് മനഃപാഠമാക്കിയവര്‍ക്ക് സംഭവിച്ചില്ല. സഹാബികളില്‍ നിന്നും ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നവര്‍ കൂടുതലായി കൊല്ലപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഹദീസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്ന സഹാബികളുടെ എണ്ണം വളരെയധികം ഉണ്ടായിരുന്നു. അവരില്‍ നിന്ന് താബിഈകളിലേക്ക് അത് എത്തുന്നതിന് മുമ്പ് അവര്‍ കൊല്ലെപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നില്ല.

ഓരോ പ്രദേശങ്ങളില്‍ നടന്ന സംഭവങ്ങളും സുന്നത്തിന്റെ ഭാഗമായിരുന്നതിനാല്‍ അതുകൊണ്ട് തന്നെ അവയെല്ലാം സൂക്ഷ്മമായി രേഖപ്പെടുത്തുകയെന്നത് സാധ്യമല്ല. സഹാബികള്‍ അവര്‍ക്ക് ലഭ്യമായത് രേഖപ്പെടുത്തിയിരുന്നെങ്കില്‍ പില്‍ക്കാലത്ത് അതില്‍ രേഖപ്പെടുത്താതെ വിട്ടുപോയ സംഭവത്തെ നിഷേധിക്കുന്നതിന് അത് കാരണമാകുമായിരുന്നു. സുന്നത്ത് പൂര്‍ണ്ണരൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന ധാരണയിലായിരിക്കും അവരതിനെ തള്ളിക്കളയുന്നത്. ഇതും ഹദീസുകള്‍ അക്കാലത്ത് തന്നെ ക്രോഡീകരിക്കാത്തതിന് കാരണമാണ്.

ആളുകളുടെ ഊന്നല്‍ ഖുര്‍ആനില്‍ വരുന്നതിന് മുമ്പ് തന്നെ ഹദീസുകള്‍ ക്രോഡീകരിച്ചാല്‍ ആളുകളുടെ ശ്രദ്ധ അതിലേക്ക് തിരിയുകയും ചെയ്യുന്നതിന് കാരണമായേക്കാം. അക്കാരണത്താല്‍ അത് നിവേദക പരമ്പരകളിലൂടെ പ്രചരിക്കട്ടെയെന്ന് പരിമിതപ്പെടുത്തുകയായിരുന്നു.
ഖുര്‍ആന്‍ ഹദീസില്‍ നിന്നും വളരെ വ്യതിരിക്തമായ ഒന്നാണെന്നും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഖുര്‍ആന്‍ പാരായണത്തിനുള്ള പ്രതിഫലം, അതിന്റെ ഘടനയിലെ അമാനുഷികത തുടങ്ങിയവയെല്ലാം അതിന്റെ പ്രത്യേകതകളാണ്. അത് അവതീര്‍ണ്ണമായ വാക്കുകളായിട്ട് തന്നെയാണ് ഉദ്ധരിക്കപ്പെടേണ്ട്ത്, അല്ലാതെ അതിന്റെ ആശയം ഉദ്ധരിക്കുന്നത് ശരിയല്ല. അത് മനഃപാഠമാക്കിയവര്‍ക്കിടയില്‍ മാത്രമായി രേഖപ്പെടുത്താതെ ഉപേക്ഷിക്കപ്പെട്ടാല്‍ അതിലെ ചില അക്ഷരങ്ങള്‍ കൂടുകയോ, കുറയുകയോ വാക്കുകളില്‍ മാറ്റം വരികയോ ചെയ്യുമായിരുന്നു. എന്നാല്‍ സുന്നത്തില്‍ അതിന്റെ ആശയത്തിനാണ് വാക്കുകളേക്കാള്‍ പ്രാധാന്യം. അതുകൊണ്ട് തന്നെ പുണ്യമുദ്ദേശിച്ച് പാരായണം ചെയ്യപ്പെടേണ്ട ഒന്നാക്കി അതിനെ മാറ്റിയിട്ടില്ല. അതിന്റെ ഘടന വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നുല്ല താനും. അവ അതിന്റെ ആശയങ്ങള്‍ ആയി ഉദ്ധരിക്കാവുന്നതുമാണ്.

പ്രവാചകന്‍(സ) ദീന്‍ പൂര്‍ണ്ണമായ രൂപത്തില്‍ തന്നെ എത്തിച്ചിട്ടുണ്ട്. അല്ലാഹു അതിന് സാക്ഷ്യം വഹിക്കുന്നത് കാണുക: ‘ദൈവദൂതരേ, നിന്റെ നാഥനില്‍നിന്ന് നിനക്ക് ഇറക്കിക്കിട്ടിയത് ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നീ അവന്‍ ഏല്‍പിച്ച ദൌത്യം നിറവേറ്റാത്തവനായിത്തീരും. ജനങ്ങളില്‍നിന്ന് അല്ലാഹു നിന്നെ രക്ഷിക്കും.’ (അല്‍ മാഇദ: 67) ഖുര്‍ആന്‍ നിലനില്‍ക്കുന്നതോടൊപ്പം തന്നെ മുസ്‌ലിം ഉമ്മത്തിന്റെ വശം സുന്നത്തും നിലനില്‍ക്കുന്നുണ്ടെന്നത് തന്നെ എത്തിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ആളുകള്‍ വാദിക്കുന്നത് പോലെ ങപകുതി നഷ്ടപ്പെടുത്തിയിട്ടില്ല. നല്ല ബുദ്ധിശക്തിയും, മനഃപാഠ ശേഷിയുമുള്ളവരായിരുന്നു സഹാബികളെന്നത് സുപരിചിതമായ കാര്യമാണ്. സുന്നത്തിന്റെ സംരക്ഷണത്തിന് അവരെ സഹായിച്ചതും അതുതന്നെയായിരുന്നു. അത് അവര്‍ കേട്ടതുപോലെ മറ്റുള്ളവര്‍ക്ക് എത്തിക്കുന്നതിന് നബി(സ) അവരെ പ്രേരിപ്പിച്ചിരുന്നു. ‘എന്നില്‍ നിന്ന് ഒരു കാര്യം കേള്‍ക്കുകയും എന്നിട്ട് അത് കേട്ടതുപോലെ മറ്റുള്ളവര്‍ക്ക് എത്തിക്കുകയും ചെയ്തവനെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു, കേട്ടവനേക്കാള്‍ അത് ഗ്രഹിക്കുന്ന എത്രയോ എത്തിക്കപ്പെട്ടവരുണ്ട്.’ (തിര്‍മിദി) സുന്നത്തിന്റെ സംരക്ഷണത്തിന് പ്രവാചകന്‍(സ) ഉദ്ദേശിച്ചത് പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ ദീന്‍ യാതൊരു കുറവും വരാതെ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

വിവ : അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles