Current Date

Search
Close this search box.
Search
Close this search box.

ദൈവം നമ്മെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്തിനാണിത്ര നിയമങ്ങള്‍?

signal.jpg

ദൈവം നമ്മെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഇസ്‌ലാമില്‍ ഇത്രമാത്രം നിയമങ്ങള്‍? പലരും ഉന്നയിക്കുന്ന ഒരു ചോദ്യമാണിത്. രണ്ട് ഉമ്മമാരുടെ ഉദാഹരണത്തിലൂടെ നമുക്കത് നോക്കാം. തന്റെ കുട്ടിയോട് അങ്ങേയറ്റത്തെ സ്‌നേഹമുള്ള എന്നാല്‍ അവന്റെ മുമ്പില്‍ നിയമങ്ങളോ നിര്‍ദേശങ്ങളോ ഒന്നും വെക്കാത്ത ഒരുമ്മയാണ് അതില്‍ ഒന്നാമത്തേത്. കുട്ടി മാലിന്യത്തില്‍ കളിക്കുകയും അനാരോഗ്യകരമായ വസ്തുക്കള്‍ ഭക്ഷിക്കുകയും ചെയ്യുന്നത് കാണുമ്പോഴും ആ ഉമ്മ നിര്‍ദേശങ്ങളൊന്നും നല്‍കുന്നില്ല. അവന്‍ ചീത്ത കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും അതവന്റെ സ്വഭാവത്തെ ദോഷകരമായി ബാധിക്കുകയും പരീക്ഷകളില്‍ പരാജയപ്പെടുകയും ചെയ്യുന്നത് കാണുമ്പോഴും ഒരു നിര്‍ദേശവും ഉമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. തന്റെ കഴിവുകളൊന്നും ഉപയോഗപ്പെടുത്താതെ, സ്വന്തത്തിനും മറ്റുള്ളവര്‍ക്കും ദ്രോഹം ചെയ്ത് അവന്റെ ജീവിതം മുന്നോട്ടു പോകുമ്പോഴും ഉമ്മ നിര്‍ദേങ്ങളൊന്നും കൊടുക്കുന്നില്ല. കാരണം, അവര്‍ അവനെ സ്‌നേഹിക്കുന്നു!

ഉപദേശ നിര്‍ദേശങ്ങളൊന്നും നല്‍കാതെ മകനെ ദുഷിപ്പിക്കുകയും അവന്റെ വിലപ്പെട്ട ജീവിതം പാഴാക്കുകയും ചെയ്യുന്നതാണോ മാതാവിന്റെ ‘സ്‌നേഹമായി’ യഥാര്‍ത്ഥത്തില്‍ പരിഗണിക്കേണ്ടത്? മകന്‍ കത്തിക്കൊണ്ടിരിക്കുന്ന അടുപ്പില്‍ തലയിടുകയോ ഇലക്ട്രിക് പ്ലഗ്ഗില്‍ വിരലിടുകയോ ചെയ്യുമ്പോള്‍ അതവന് ദോഷം ചെയ്യുമെന്നറിഞ്ഞിട്ടും സ്‌നേഹിത്തിന്റെ പേരില്‍ അത് വിലക്കാതിരിക്കുന്നതാണോ സ്‌നേഹം?

അതേസമയം മകനെ വളരെയേറെ സ്‌നഹിക്കുന്ന മറ്റൊരു ഉമ്മയെ നോക്കാം. തന്റെ മകനെ അന്തസ്സുള്ള ഒരു വ്യക്തിത്വമാക്കി മാറ്റിയെടുക്കുന്നതിനും അവന്റെ നല്ല ജീവിതത്തിനും സഹായിച്ചു കൊണ്ടാണ് അവരുടെ സ്‌നേഹം പ്രതിഫലിക്കുക. ആരോഗ്യകരമായ രീതില്‍ ആഹാരം കഴിക്കുന്നതിനും ദോഷകരമായ കാര്യങ്ങളില്‍ നിന്നും ചീത്തകൂട്ടുകെട്ടില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള നിര്‍ദേശങ്ങളും നിയമങ്ങളും അവര്‍ അവന്റെ മുമ്പില്‍ വെക്കും. അവന്‍ പരാജയപ്പെടുമ്പോള്‍ അവര്‍ ക്ഷമിക്കുകയും വീണ്ടും വീണ്ടും അവനെ സഹായിക്കുകയും ചെയ്യും. എന്നാല്‍ അവനോടുള്ള സ്‌നേഹത്തില്‍ അതൊരു കുറവും വരുത്തുകയില്ല.

അടിസ്ഥാനപരമായി യഥാര്‍ത്ഥ സ്‌നേഹം സ്‌നേഹിക്കുന്ന വ്യക്തിയെ ഏറ്റവും നല്ല നിലയില്‍ കണാനാണ് മനുഷ്യന്‍ താല്‍പര്യപ്പെടുക. പ്രത്യേകിച്ചും നിങ്ങള്‍ക്ക് അവരെയും അവരുടെ കഴിവുകളെയും കുറിച്ച് ഏറ്റവും നന്നായി അറിയുമെന്നിരിക്കെ. നിര്‍ദേശങ്ങളും നിയമങ്ങളും ഒഴിവാക്കല്‍ സ്‌നേഹമായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല. അത് സ്‌നേഹമില്ലായ്മയാവുകയും ചെയ്യാം. അപ്രകാരം നിര്‍ദേശങ്ങളും നിയമങ്ങളും സ്‌നേഹമില്ലായ്മയുമല്ല. സ്‌നേഹത്തിന്റെ ആത്മാര്‍ഥമായ രൂപമാണ് അവ.

നമ്മെയും നമ്മുടെ ജീവിതത്തെയും കുറിച്ച് ഏറ്റവും നന്നായി അറിയുന്നത് നമ്മെ സൃഷ്ടിച്ച അല്ലാഹുവിനാണ്. കൈകടത്തലുകള്‍ക്ക് വിധേയമാവാത്ത ദൈവിക വെളിപാടുകള്‍ നമുക്ക് അല്ലാഹുവിനെ കുറിച്ച അറിവ് പകരുന്നതിനൊപ്പം മാന്യമായും സംശുദ്ധമായും ജീവിതം നയിക്കാന്‍ മനുഷ്യനെ സഹായിക്കുകയും ചെയ്യുന്നു. ഈ ലോകത്തും പരലോകത്തും നമുക്ക് എങ്ങനെ വിജയിക്കാമെന്നതില്‍ നമുക്ക് വഴികാട്ടാന്‍ ഏറ്റവും ഉത്തമന്‍ അവനാണ്. അല്ലാഹുവിന്റെ വെളിപാടുകളുടം സമാഹാരവും പൂര്‍ത്തീകരണവുമാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍.

അല്ലാഹു പറയുന്നു: ”അല്ലയോ മനുഷ്യരേ, നിങ്ങള്‍ക്കു റബ്ബിങ്കല്‍നിന്നുളള ഉപദേശം ലഭിച്ചുകഴിഞ്ഞു. അത് മനസ്സിലുളള രോഗങ്ങള്‍ക്ക് ശമനമാണ്. അത് സ്വീകരിക്കുന്നവര്‍ക്ക്, സന്മാര്‍ഗദര്‍ശകവും അനുഗ്രഹവുമാകുന്നു. പ്രവാചകന്‍ പറയുക: ‘അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ടാണ് അവന്‍ ഇതയച്ചുതന്നത്. ഇതിനെച്ചൊല്ലി ജനം സന്തോഷിക്കേണ്ടതാകുന്നു. അത് ജനം ശേഖരിച്ചുകൊണ്ടിരിക്കുന്ന സകല വിഭവങ്ങളെക്കാളും ഉല്‍കൃഷ്ടമായതാകുന്നു.” (യൂനുസ്: 57-58)

ഇനി നമുക്ക് സ്‌നേഹത്തെ കുറിച്ച് സംസാരിക്കാം. സ്‌നേഹം കൊണ്ട യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ഥമാക്കുന്നത്? നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുന്നുണ്ടെന്ന് സങ്കല്‍പിക്കുക. എന്നാല്‍ അയാളെ അനുസരിക്കാനോ അയാളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പരിഗണിക്കാനോ നിങ്ങള്‍ തയ്യാറാവുന്നില്ല. എങ്കില്‍ യഥാര്‍ത്ഥ സ്‌നേഹമാണോ ഇത്? കേവലം ബന്ധങ്ങളില്‍ പോലും നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കപ്പെടേണ്ടതുണ്ട്. വാക്കുകള്‍ കൊണ്ടല്ല പ്രവര്‍ത്തനങ്ങളിലൂടെയാണത് പ്രകടമാവേണ്ടത്. അല്ലാഹു പറയുന്നു: ”അല്ലയോ മനുഷ്യരേ, നിങ്ങള്‍ക്കു റബ്ബിങ്കല്‍നിന്നുളള ഉപദേശം ലഭിച്ചുകഴിഞ്ഞു. അത് മനസ്സിലുളള രോഗങ്ങള്‍ക്ക് ശമനമാണ്. അത് സ്വീകരിക്കുന്നവര്‍ക്ക്, സന്മാര്‍ഗദര്‍ശകവും അനുഗ്രഹവുമാകുന്നു. പ്രവാചകന്‍ പറയുക: ‘അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ടാണ് അവന്‍ ഇതയച്ചുതന്നത്. ഇതിനെച്ചൊല്ലി ജനം സന്തോഷിക്കേണ്ടതാകുന്നു. അത് ജനം ശേഖരിച്ചുകൊണ്ടിരിക്കുന്ന സകല വിഭവങ്ങളെക്കാളും ഉല്‍കൃഷ്ടമായതാകുന്നു.”’ (ആലുഇംറാന്‍: 31) ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ആര് അവനെ അനുസരിക്കുകയും അവന്റെ കല്‍പനകള്‍ ജീവിതത്തില്‍ പാലിക്കുകയും ചെയ്യുന്നു എന്നതാണ് പ്രധാനം.

Related Articles