Current Date

Search
Close this search box.
Search
Close this search box.

അബൂദര്‍റ് അല്‍ ഗിഫാരി (റ) ; ഭൗതിക വിരക്തിയുടെ ആള്‍രൂപം

സ്വഹാബിമാർ-3

എങ്ങുനിന്നോ തുടങ്ങിയ യാത്രയാണ്. യാത്രാക്ലേശവും മരുഭൂമിയുടെ മരവിപ്പും ശരീരത്തെയാകെ തളര്‍ത്തിയെങ്കിലും അകം തണുപ്പിക്കുന്ന വലിയ ലക്ഷ്യവുമായാണ് അയാള്‍ മക്കയിലേക്ക് വരുന്നത്.

നല്ല പരിചയമുള്ളയാളെ പോലെ കഅ്ബയുടെ സമീപത്തേക്ക് അയാള്‍ നടന്നടുത്തു. പ്രവാചകന്‍ മുഹമ്മദിനെ അന്വേഷിച്ച് വന്നതാണെന്ന് മക്കക്കാര്‍ അറിഞ്ഞാലോ..ഉറപ്പായും തട്ടിക്കളയും.

എന്നാല്‍ മരുപ്പറമ്പ് താണ്ടി ആ മഹാനുഭാവനെ കാണാനും അദ്ദേഹത്തില്‍ വിശ്വസിക്കാനും ഇത്രദൂരം യാത്രചെയ്ത് വന്ന ആ മനുഷ്യന് ഖുറൈശികളുടെ മര്‍ദ്ദനം ഒരു പ്രശ്‌നമല്ലായിരുന്നു.

കുറേ നാളായി പ്രവാചകന്‍ മുഹമ്മദിനെ കുറിച്ച് കേള്‍ക്കുന്നു. അന്ന് മുതലേ തുടങ്ങിയതാണ് തിരുസന്നിധിയില്‍ വരണമെന്ന ആഗ്രഹം.

അങ്ങനെ പ്രഭാത സമയത്തു തന്നെ അവിടേക്ക് യാത്രയായി. പ്രവാചകനെ കണ്ടതും അടുത്തുചെന്ന് പറഞ്ഞു:’ അറബികളുടെ സഹോദരാ സുപ്രഭാതം’തിരുനബി പ്രതിവചിച്ചു:’ സഹോദരാ, താങ്കള്‍ക്ക് സമാധാനമുണ്ടാവട്ടെ’

അബൂദര്‍ പറഞ്ഞു:’ താങ്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നെയൊന്ന് പാടിക്കേള്‍പ്പിക്കൂ..’

‘പാടിത്തരാന്‍് പാട്ടല്ലല്ലോ..ഖുര്‍ആനാണിത്’. പ്രവാചകര്‍ മറുപടി നല്‍കി.

എങ്കിലതൊന്ന് പാരായണം ചെയ്തുതരൂ എന്നായി അബൂദര്‍.

പ്രവാചകന്‍ (സ) വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തു തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോഴേക്കും, അബൂദര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:’ അല്ലാഹുവല്ലാതെ വേറൊരു ഇലാഹില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു..!’

അദ്ദേഹത്തോട് പ്രവാചകന്‍ ചോദിച്ചു:’ സഹോദരാ താങ്കളെവിടെ നിന്നാണ് വരുന്നത്’?

‘ഗിഫാറില്‍ നിന്നാണ്’ അബൂദര്‍ ഉത്തരം നല്‍കി.

സന്തോഷത്താല്‍ പ്രവാചകന്റെ മുഖം വിടര്‍ന്നു. അബൂദര്‍റും ചിരിച്ചു. ഗിഫാറില്‍ നിന്നും ഒരാള്‍ ഇസ്്‌ലാം സ്വീകരിച്ചെന്ന വാര്‍ത്ത കേട്ടാല്‍ എന്തിനാണ് പ്രവാചകന്‍ ഇത്ര സന്തോഷിക്കുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

വഴിയാത്രക്കാരുടെ പേടിസ്വപ്‌നം..നിയമവിരുദ്ധമ പ്രവൃത്തികളില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചവര്‍..ഇരുട്ടിന്റെയും രാത്രിയുടെയും സന്തതസഹചര്‍..ഇതൊക്കെയാണ് ഗിഫാര്‍ ഗോത്രം!

അബൂദര്‍റ് (റ) തന്നെ അദ്ദേഹത്തിന്റെ കഥ വിവരിക്കുന്നത് കാണാം:’ ഗിഫാറില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ പ്രവാചകന്‍ അത്ഭുതത്തോടെ കണ്ണുകളുയര്‍ത്തി നോക്കി, എന്നിട്ട് പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു അവനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു’

അങ്ങനെ അബൂദര്‍റ് ഇസ്്‌ലാം സ്വീകരിച്ചു. വിശുദ്ധ ദീനിന്റെ പ്രാരംഭദശയില്‍ തന്നെ ഇസ്്‌ലാമാശ്ലേഷിച്ച ആളായിരുന്നു അബൂദര്‍റ്. ക്രമപ്രകാരം അഞ്ചാമതോ ആറാമതോ ആയി വരും അദ്ദേഹത്തിന്റെ സ്ഥാനം.

അക്കാലത്ത് പ്രവാചകന്‍ തന്റെ ദഅ്‌വത്തിന്റെ രഹസ്യഘട്ടത്തിലായിരുന്നു. അബൂദര്‍റിനോടും പ്രവാചകന്‍ (സ) ഇസ്്‌ലാം സ്വീകരിച്ച വിവരം പരസ്യപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു.

ചുറുചുറുക്കും വീറും ഉള്ള ആളാണ് അബൂദര്‍റ്. കണ്‍മുന്നില്‍ ആളുകള്‍ തിന്മകളില്‍ ഏര്‍പ്പെടുന്നത് അബൂദര്‍റിന് എങ്ങനെ സഹിക്കാനാണ്?

പ്രവാചകനോട് അബൂദര്‍റ് (റ) ചോദിച്ചു:’ അങ്ങെന്താണ് എന്നോട് കല്‍പിച്ചത്?’

പ്രവാചകന്‍:’ താങ്കളിപ്പോള്‍ താങ്കളുടെ നാട്ടിലേക്ക് തിരിച്ചുപോവുക. ഞാന്‍ പറയുമ്പോള്‍ വന്നാല്‍ മതി. ‘
അബൂദര്‍റ് (റ):’ അല്ലാഹുവാണ, ഇസ്്‌ലാം സ്വീകരിച്ച കാര്യം ഈ പള്ളിയില്‍ വെച്ച് പ്രഖ്യാപിച്ചിട്ടേ ഞാന്‍ പോവൂ..’

അങ്ങനെ മസ്്ജിദുല്‍ ഹറാമിലേക്ക് കയറി ഉച്ചൈസ്തരം പ്രഖ്യാപിച്ചു: ‘അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു’.

ശഹാദത്തിന്റെ വിളിയാളം അവിടെയുണ്ടായിരുന്ന ഖുറൈശി പ്രമാണിമാരുടെ കര്‍ണപുടങ്ങളില്‍ ആഞ്ഞടിച്ചു. ഊരും പേരുമറിയാത്ത ഏതോ ഒരുത്തന്‍ വന്നിട്ട് എന്തെക്കെയോ വിളിച്ച് പറയുന്നു. മുശ്‌രിക്കുകള്‍ അദ്ദേഹത്തെ വളഞ്ഞു..ക്രൂരമായി മര്‍ദ്ദിച്ചു.

അബൂദര്‍റ് ക്രൂരമായി മര്‍ദ്ദിക്കപ്പെടുന്നു എന്ന വാര്‍ത്ത് പ്രവാചക പിതൃവ്യന്‍ അബ്ബാസ് അറിയാനിടയായി. അദ്ദേഹം ഓടിയെത്തിയെങ്കിലും ഖുറൈശികള്‍ക്കിടയില്‍ നിന്നും അബൂദര്‍റിനെ രക്ഷിക്കാന്‍ അദ്ദേഹത്തിനായില്ല.

അദ്ദേഹം അവരോടായി പറഞ്ഞു:’ ഖുറൈശികളേ, കച്ചവടക്കാരാണ് നിങ്ങള്‍. ഗിഫാറിന്റെ സമീപത്തുകൂടിയാണ് നിങ്ങള്‍ യാത്ര ചെയ്യുന്നത്. ഈ മനുഷ്യന്‍ ഗിഫാര്‍ ഗോത്രക്കാരനാണ്! അവരെങ്ങാനും നിങ്ങളുടെ നേര്‍ക്ക് വന്നാല്‍ നിങ്ങളുടെ ഒറ്റ യാത്രാസംഘത്തെയും വച്ചേക്കില്ല!’

ഇത് കേട്ടതും ഖൂറൈശികള്‍ അബൂദര്‍റിനെ മോചിപ്പിച്ചു. പക്ഷേ അബൂദര്‍റ് (റ) അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലെ വേദനയുടെ മാധുര്യം നുകരുകയായിരുന്നു. അദ്ദേഹത്തിന് മക്ക വിട്ട് പോവാന്‍ തോന്നുന്നേയില്ല.

പിറ്റേന്ന്, രണ്ട് സ്ത്രീകള്‍ വിഗ്രഹങ്ങളുമായി കഅ്ബയെ വലംവെക്കുകയായിരുന്നു. ഇതുകണ്ട അബൂദര്‍റ് (അ) വിഗ്രഹങ്ങളെ രൂക്ഷമായി പരിഹസിച്ചു. ആ സ്ത്രീകള്‍ അലറി ആളെ വിളിച്ചുകൂട്ടി. ഖുറൈശി വെട്ടുകിളിക്കൂട്ടം അബൂദര്‍റിനെ പൊതിഞ്ഞു. അദ്ദേഹത്തിന്റെ ബോധം മറയുവോളം മര്‍ദ്ദനം തുടര്‍ന്നു.

തന്റെ പുതിയ ശിഷ്യന്റെ വീറുറ്റ പ്രകൃതം പ്രവാചകന്‍(സ) ക്ക് മനസ്സിലായിത്തുടങ്ങി. അസത്യത്തിനെതിരെ പോരാടാനുള്ള അബൂദര്‍റിന്റെ അടങ്ങാത്ത ആവേശം പ്രവാചകര്‍ തിരിച്ചറിഞ്ഞു. ഏതായാലും തിരിച്ച് നാട്ടിലേക്ക് പോവാന്‍ അബൂദര്‍റിനോട് വീണ്ടും പ്രവാചകന്‍ (സ) ആവശ്യപ്പെട്ടു.

അങ്ങനെ തന്റെ ജന്മനാട്ടിലേക്ക് അബൂദര്‍റ്(റ) തിരിച്ചു. അവിടെ അദ്ദേഹം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ഗിഫാര്‍ ഗോത്രക്കാര്‍ ഇസ്്‌ലാം സ്വീകരിച്ചു. ഗിഫാര്‍ മാത്രമല്ല, അസ്‍ലം ഗോത്രത്തിലേക്കും ദീനിന്റെ പൊന്‍തിരിവെട്ടം പടര്‍ന്നു.

കാലമൊരുപാട് കടന്നുപോയി. നബി(സ)യും സ്വഹാബികളും മദീനയിലേക്ക് ഹിജ്‌റ പോയി.

ഒരിക്കല്‍ ഒരു വലിയ സംഘമാളുകള്‍ മദീനയിലേക്ക് വന്നു. തക്ബീര്‍ വിളി ഇല്ലായിരുന്നെങ്കില്‍ ഏതോ വമ്പന്‍ സൈന്യമാണെന്ന് തെറ്റിദ്ധരിച്ചേനെ, അത്രക്കുണ്ട് ആളുകളുടെ എണ്ണം!

വേറാരുമല്ല, ഗിഫാര്‍, അസ്‍ലം എന്നീ  ഗോത്രങ്ങളായിരുന്നു അവര്‍! അബൂദര്‍റ് (റ) ആണ് അവരെ നയിക്കുന്നത്..പുരുഷന്മാരും സ്ത്രീകളും വൃദ്ധരും യുവാക്കളും കുട്ടികളും എല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.

പ്രവാചകന്‍ (സ) യുടെ സന്തോഷം പതിന്മടങ്ങ് വര്‍ദ്ധിച്ചു. സന്തോഷാതിരേകത്താല്‍ നബി (സ) ഉറക്കെ പറഞ്ഞു:’ തീര്‍ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഹിദായത്തരുളുന്നു’.

ഇന്നലെ ഗിഫാര്‍ ഗോത്രത്തിലെ ഒരാള്‍ മാത്രമായിരുന്നു ദീനിന്റെ പാതയിലുണ്ടായിരുന്നതെങ്കില്‍ ഇന്നിതാ, ഗിഫാര്‍, അസ്‍ലം എന്നീ രണ്ടു ഗോത്രങ്ങളും വിശുദ്ധ ഇസ്‍ലാമിന്റെ മോഹനതീരമണഞ്ഞിരിക്കുന്നു!

ഇന്നലെ വരെ സകല പൈശാചികതയുടെയും അടിമകളായിരുന്നവര്‍, ഇന്ന് അങ്ങേയറ്റത്തെ നന്മേച്ഛുക്കളായിരിക്കുന്നു!

അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് നേര്‍മാര്‍ഗ്ഗം കാണിക്കുമെന്നത് എത്ര ശരി!

ഏറെ സ്‌നേഹത്തോടെ പ്രവാചകന്‍(സ) അവരെ അഭിമുഖീകരിച്ചു.

ഗിഫാര്‍ ഗോത്രത്തെ നോക്കി പറഞ്ഞു:’ ഗിഫാര്‍ ഗോത്രത്തിന് അല്ലാഹു പൊറുത്തു തരട്ടെ..’

അസ്‍ലം ഗോത്രത്തെ നോക്കി പറഞ്ഞു:’ അസ്‍ലം ഗോത്രത്തിന് അല്ലാഹു സമാധാനമരുളട്ടെ..’

അബൂദര്‍റ് (റ)..ഉജ്ജ്വലനായ പ്രബോധകന്‍..ശക്തന്‍..ജേതാവ്..അദ്ദേഹത്തോട് എന്താവും അന്നേരം പ്രവാചകന്‍ പറഞ്ഞിട്ടുണ്ടാവുക?

അദ്ദേഹത്തെ പ്രവാചകന്‍ (സ) പുകഴ്ത്തുമോ..അബൂദര്‍റ്(റ) നെ നെഞ്ചേറ്റുമോ പ്രിയറസൂല്‍?

അന്ന് പ്രവാചകന്‍(സ) അബൂദര്‍റിനെ കുറിച്ച് പറഞ്ഞത് കാലമെത്ര കഴിഞ്ഞാലും അളുകള്‍ ഓര്‍ക്കും:’ അബൂദര്‍റിന്റെ സംസാരത്തിലെ സത്യസന്ധത പോലെ മറ്റൊന്നിനും ഭൂമി വഹിക്കുകയോ ആകാശം തണല്‍ വിരിക്കുകയോ ചെയ്തിട്ടില്ല.’

അബൂദര്‍റ് (റ) ന്റെ ജീവിതം പ്രവാചകന്‍(സ) ഇങ്ങനെ ചുരുക്കിയെഴുതി!

അങ്ങനെ പ്രവാചകന്റെ (സ) യും ഒന്നാം ഖലീഫ അബൂബക്കര്‍ (റ) ന്റെയും കാലം ഖലീഫാ ഉമര്‍(റ) ന്റെ
കാലവും കഴിഞ്ഞു.

 

അധികാരത്തോടും സമ്പത്തിന്റെ ദുര്‍വിനിയോഗത്തോടും നിരന്തരം കലഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു അബൂദര്‍റ് അല്‍ ഗിഫാരി (റ).

‘ സ്വര്‍ണ്ണവും വെള്ളിയും പൂഴ്ത്തിവെക്കുന്നവര്‍ക്ക് പരലോകത്ത് അവരുടെ ഇരു പാര്‍ശ്വങ്ങളിലും ചൂടുവെക്കപ്പെടും’ എന്നാണ് അബൂദര്‍റ് (റ) നിരന്തരം പറയാറുണ്ടായിരുന്നു.
മുആവിയ (റ) ശാം ഭരിച്ചിരുന്ന കാലം. ഒരുപാട് ഭൂസ്വത്തുക്കള്‍ അദ്ദേഹം കൈവശപ്പെടുത്തുകയും കണക്കില്ലാതെ പൈസ ചിലവഴിക്കുകയും ചെയ്തു. വിവരമറിഞ്ഞ അബൂദര്‍റ് (റ) ശാമിലേക്ക് പുറപ്പെട്ടു. ശാമിലേക്കുള്ള വഴികളില്‍ അദ്ദേഹത്തിന് ചുറ്റും ആളുകള്‍ കൂടുന്നുണ്ടായിരുന്നു. അബൂദര്‍റ് (റ) തന്റെ ചുറ്റും കൂടിയ ആളുകളെ ശരിക്ക് നോക്കി. വളരെ പാവപ്പെട്ട മനുഷ്യര്‍. സമീപത്തുള്ള കൊട്ടാരങ്ങളിലേക്കും മണിമാളികകളിലേക്കും അദ്ദേഹം കണ്ണുകള്‍ പായിച്ചു.

എന്നിട്ടദ്ദേഹം എല്ലാവരെയും അഭിമുഖീകരിച്ച് കൊണ്ട് ഗംഭീരമായ പ്രഭാഷണം നടത്തി. അബൂദര്‍റ് (റ) ന്റെ സംസാരത്തില്‍ നിന്നും അവര്‍ക്ക് മനസ്സിലായി..എല്ലാവരും ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണെന്ന്, വിഭവങ്ങളില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്ന്, തഖ്‌വയിലല്ലാതെ ആര്‍ക്കും ആരെക്കാളും മഹത്വമില്ലെന്നും അവര്‍ മനസ്സിലാക്കി. ഒരു ജനതയുടെ നേതാവ് അവരുടെ രക്ഷാധികാരിയാണെന്നും ആദ്യം വിശക്കുന്നയാളും അവസാനം കഴിക്കുന്നയാളുമാണെന്നും അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ നിന്നും ആളുകള്‍ തിരിച്ചറിഞ്ഞു.

ശേഷം മുആവിയയെ പിന്തുണച്ചിരുന്ന സ്വഹാബാക്കളോടായി അദ്ദേഹം ചോദിച്ചു:’ നിങ്ങളുടെ മുന്നില്‍ വെച്ചല്ലേ അല്ലാഹുവിന്റെ പ്രവാചകന് ഖുര്‍ആന്‍ അവതരിച്ചത്?

‘സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക’ എന്ന ആയത്ത് നിങ്ങള്‍ കണ്ടിട്ടില്ലേ..’?

ഇടയില്‍ കയറി മുആവിയ പറഞ്ഞു:’ ആ ആയത്ത് വേദക്കാരുടെ വിഷയത്തില്‍ ഇറങ്ങിയതാണ്’

‘അല്ല..നമുക്ക് വേണ്ടിയും കൂടിയാണ് ആ ആയത്തിങ്ങിയത്!’ അബൂദര്‍റിന്റെ സ്വരം കടുത്തു.

ഒരു ദിവസത്തേക്ക് വേണ്ടിയല്ലാതെ വേറൊന്നും ആരും പൂഴ്ത്തിവെക്കരുതെന്ന് മുആവിയയോടും അവിടെയുണ്ടായിരുന്ന സ്വഹാബികളോടും ഉപദേശിച്ചു.

ഉസ്മാന്‍ (റ) നോട് അദ്ദേഹം പറഞ്ഞത് ‘നിങ്ങളുടെ ദുനിയാവില്‍ എനിക്ക് താത്പര്യമില്ല’ എന്നായിരുന്നു.

ഒരിക്കല്‍ കൂഫയില്‍ ഒരു സംഘം അബൂദര്‍ അല്‍ ഗിഫാരി (റ) നെ കാണാനെത്തി. ഖലീഫ ഉസ്മാന്‍ (റ) നെതിരെ കലാപാഹ്വാനം ചെയ്യാന്‍ അബൂദര്‍റ് (റ) ന്റെ പിന്തുണയാവശ്യപ്പെട്ട് വന്നതായിരുന്നു അവര്‍. രൂക്ഷമായ ശൈലിയില്‍ അവരോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു:’ അല്ലാഹുവാണ, മരത്തടിയില്‍ ക്രൂശിച്ചാല്‍ ഞാനത് അംഗീകരിക്കും, ഞാനതില്‍ ഒരു നന്മയുണ്ടെന്ന് സമ്മതിക്കും, അദ്ദേഹമെന്നെ ഒരു ചക്രവാളത്തില്‍ നിന്നും മറ്റൊരു ചക്രവാളത്തിലേക്ക് പറഞ്ഞയച്ചാല്‍ ഞാനത് അംഗീകരിക്കും, ഞാനതില്‍ ഒരു നന്മയുണ്ടെന്ന് സമ്മതിക്കും, എന്റെ നാട്ടിലേക്ക് അദ്ദേഹമെന്നെ പറഞ്ഞുവിട്ടാല്‍ ഞാനത് അംഗീകരിക്കും, ഞാനതില്‍ ഒരു നന്മയുണ്ടെന്ന് സമ്മതിക്കും’ എന്നായിരുന്നു.

ഭൗതിക വിരക്തിയുടെ ആള്‍രൂപമായിരുന്നു മഹാനായ അബൂദര്‍റ് അല്‍ ഗിഫാരി (റ). ജീവിതമഖിലം ഭരണകൂട കൊള്ളരുതായ്മക്കെതിരെയും സാമ്പത്തിക അച്ചടക്കമില്ലായ്മക്കെതിരെയും പടപൊരുതിയ സ്വഹാബിവര്യര്‍.

അബൂദര്‍റിനോട് അധികാരത്തെ കുറിച്ച് പ്രവാചകന്‍ (സ) ഗൗരവത്തില്‍ സൂചിപ്പിച്ചത് ഇങ്ങനെയായിരുന്നു:’ തീര്‍ച്ചയായും അത് (അധികാരം) അമാനത്താണ്. അതിനെ യഥാവിധി സമീപിക്കാത്തവന് ഖിയാമത്ത് നാളില്‍ നിന്ദ്യതയും കുറ്റബോധവുമാണത്.’

ഇറാഖിന്റെ അധികാരമേറ്റെടുക്കാന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടപ്പോള്‍ അബൂദര്‍റ് (റ) പ്രതികരിച്ചത് ‘അല്ലാഹുവാണ, നിങ്ങളുടെ ദുനിയാവിലേക്ക് എന്നെ വലിച്ചിഴക്കരുത്..’ എന്നായിരുന്നു.

ഒരു പഴയ വസ്ത്രവും ധരിച്ചിരിക്കുന്ന അബൂദര്‍റിനെ തന്റെ ചങ്ങാതി ഒരിക്കല്‍ കണ്ടുമുട്ടി. അദ്ദേഹം അബൂദര്‍റ് (റ) നോട് ചോദിച്ചു:’ താങ്കള്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ..? പണ്ടൊക്കെ നല്ല വസ്ത്രമുണ്ടായിരുന്ന ആളായിരുന്നല്ലോ താങ്കള്‍..?’

അബൂദര്‍റ് (റ) :’ അതെല്ലാം എന്നേക്കാള്‍ അത്യാവശ്യമുള്ളവര്‍ക്ക് കൊടുത്തു.’

പക്ഷേ താങ്കളാണല്ലോ അതിന് ഏറ്റവും അര്‍ഹന്‍ എന്ന് ആ മനുഷ്യന്‍ ചോദിച്ചപ്പോള്‍ അബൂദര്‍റ്(റ) പറഞ്ഞത് ഇങ്ങനെയായിരുന്നു:’ അല്ലാഹുവേ പൊറുത്തു തരണേ, നീ ഇത്ര ദുനിയാവിനോട് ഒട്ടിനില്‍ക്കുന്ന ആളായിരുന്നോ..നോക്ക്, എന്റെ കൈയില്‍ ഒരു പുതപ്പ് കാണുന്നില്ലേ..പിന്നെ ഒരെണ്ണം ജുമുഅക്ക് ഇടാനുള്ളതാണ്. ഒരു ആടുണ്ട്. അതില്‍ നിന്ന് ഞാന്‍ പാല്‍ കുടിക്കും. പിന്നെയൊരു യാത്രാസംവിധാനവുമുണ്ട്. ഇതില്‍പ്പരം വേറെന്താണ് എനിക്ക് വേണ്ടത്’.

ഒരിക്കല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:’ എന്റെ ഉറ്റസുഹൃത്ത് (പ്രവാചകന്‍ (സ) ) എന്നോട് വസിയ്യത്ത് ചെയ്യുകയുണ്ടായി:’ എഴ് കാര്യങ്ങളാണ് എന്നോട് പറഞ്ഞത്.
പാവപ്പെട്ടവരെ സ്‌നേഹിക്കണമെന്നും അവരോട് ചേര്‍ന്ന് നില്‍ക്കണമെന്നും അദ്ദേഹം എന്നോട് കല്‍പിച്ചു.
എന്നേക്കാള്‍ മുകളിലുള്ളവരിലേക്കല്ല, താഴെയുള്ളവരിലേക്ക് നോക്കണമെന്നും അദ്ദേഹമെന്നോട് കല്‍പിച്ചു.
ആരോടും യാചിക്കരുതെന്ന് അദ്ദേഹമെന്നോട് കല്‍പിച്ചു.
എത്ര കയ്‌പേറിയതാണെങ്കിലും സത്യം പറയണമെന്ന് അദ്ദേഹം എന്നോട് കല്‍പിച്ചു.
അല്ലാഹുവിന്റെ കാര്യത്തില്‍ മറ്റാരെയും ഭയപ്പെടരുതെന്ന് അദ്ദേഹമെന്നോട് കല്‍പിച്ചു.
‘ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാ’ എന്ന ദുആ വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹമെന്നോടാവശ്യപ്പെട്ടു.

ഉപരിസൂചിത പ്രവാചക വസിയ്യത്തുമായി അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു അബൂദര്‍റ് (റ).

ഉസ്മാന്‍ (റ) ന്റെ ഖിലാഫത്ത് കാലത്തായിരുന്നു അബൂദര്‍റ് അല്‍ ഗിഫാരി (റ) മരണം വരിക്കുന്നത്.

പ്രിയപത്‌നി അദ്ദേഹത്തിന്റെ ചാരെയിരുന്ന് കരയുകയാണ്. അദ്ദേഹം ചോദിച്ചു:’ എന്തിനാണ് കരയുന്നത്. മരണം യാഥാര്‍ഥ്യമല്ലേ..’?

കരഞ്ഞുകൊണ്ട് അവര്‍ മറുപടി നല്‍കി:’ കഫന്‍ ചെയ്യാന്‍ ഒരു തുണിപോലുമില്ലാതെയാണല്ലോ താങ്കള്‍ മരണപ്പെടുന്നത്..അതോര്‍ത്ത് കരഞ്ഞുപോയതാണ്..’

ചെറുപുഞ്ചിരിയോടെ അദ്ദേഹം ഭാര്യയോട് പറഞ്ഞു:’ കരയല്ലേ..സമാധാനമായിരിക്ക്..റസൂല്‍ (സ) ഒരിക്കല്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്:’ നിങ്ങളിലൊരാള്‍ മരുഭൂമിയില്‍ വെച്ച് മരണപ്പെടും. വിശ്വാസികളില്‍ പെട്ട ഒരുകൂട്ടമാളുകള്‍ അതിന് സാക്ഷ്യം വഹിക്കും.’

അദ്ദേഹം തുടര്‍ന്നു:’ അന്ന് ആ സദസ്സിലുണ്ടായവരെല്ലാം മരണപ്പെട്ടത് അളുകള്‍ക്കിടയില്‍ വെച്ചായിരുന്നു. ഇനി ഞാന്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതാ, ഈ മരുഭൂമിയില്‍ ഞാന്‍ മരണവും കാത്ത് കിടപ്പാണ്. നീ വഴിയിലേക്ക് നോക്ക്, അവിടെ വിശ്വാസികളുടെ ഒരുപറ്റം ആളുകളെ നിനക്ക് കാണാം.’

ഇത്രയും പറഞ്ഞ് അബൂദര്‍റ് അല്‍ ഗിഫാരി (റ) അല്ലാഹുവിങ്കലേക്ക് യാത്രയായി.

അപ്പോഴേക്കും വിശ്വാസികളായ ഒരു യാത്രാസംഘം അവിടെ എത്തിച്ചേര്‍ന്നു. അവരുടെ നേതാവ് അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) ആയിരുന്നു.

അബൂദര്‍റ് (റ) ന്റെ പത്‌നിയും കുട്ടിയും അദ്ദേഹത്തിന്റെ സമീപത്തിരുന്ന് കരയുന്ന കാഴ്ചയാണ് ഇബ്‌നു മസ്ഊദ് (റ) കാണുന്നത്.

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലെ പ്രിയസുഹൃത്തിനെ അവസാനമായി അദ്ദേഹം നോക്കി. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. മയ്യിത്തിന്റെ അടുത്ത് വന്നുനിന്നു. നിറമിഴികളോടെ അദ്ദേഹം പറഞ്ഞു:’ അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞതെത്ര സത്യം! താങ്കള്‍ ഒറ്റക്ക് നടന്നു, ഒറ്റക്ക് അല്ലാഹുവിലേക്ക് യാത്രയായി, ഒറ്റക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടും.’

എന്നിട്ടദ്ദേഹം അവിടെയിരുന്ന് കൂടെയുള്ളവരോട് അപ്പറഞ്ഞതിന്റെ വിശദീകരണം നല്‍കി.

ഹിജ്‌റ ഒമ്പതാം വര്‍ഷം. റോമിനെതിരെ പടയൊരുക്കത്തിന് പ്രവാചകന്‍ (സ) ആഹ്വാനം ചെയ്തു. ഒരുപാട് ദൂരം ഉള്ളതിനാലും റോം വലിയ സാമ്രാജ്യം ആയതിനാലും പലര്‍ക്കും യുദ്ധത്തിന് പോകാന്‍ മടിയായി. പലകാരണങ്ങള്‍ പറഞ്ഞ് ആളുകള്‍ ഒഴിയാന്‍ തുടങ്ങി. വിവരം പ്രവാചകന്‍ (സ) അറിഞ്ഞു. ‘ അവരെ വിട്ടേക്കൂ, എന്തെങ്കിലും നന്മയുണ്ടെങ്കില്‍ അല്ലാഹു അവരെ ഒപ്പം ചേര്‍ക്കും. ഇനി അവരില്‍ തിന്മയാണുള്ളതെങ്കില്‍ അവര്‍ക്ക് അല്ലാഹു കരുണചെയ്യട്ടെ’ എന്നാണ് പ്രതികരിച്ചത്.

‘നബിയേ..അബൂദര്‍റ് നമ്മുടെ കൂടെയില്ലല്ലോ..അദ്ദേഹത്തിന്റെ ഒട്ടകം പതുക്കെയാണ് വരുന്നത്’

പ്രവാചകന്‍ (സ) നേരത്തേ പറഞ്ഞത് വീണ്ടും ആവര്‍ത്തിച്ചു.

അബൂദര്‍റ (റ) ന്റെ ഒട്ടകം ഭാരച്ചുമടുമായി ഏറെ തളര്‍ന്ന് അവശയായി വരികയാണ്.

പ്രവാചക (സ) ന്റെയും അനുയായികളുടെയും ഒപ്പമെത്താന്‍ അദ്ദേഹം കഠിനമായി ശ്രമിക്കുന്നുണ്ട്. പക്ഷേ ഒട്ടകം പരക്ഷീണിതയായിരിക്കുന്നു.

പ്രവാടകന്റെ കൂടെയെത്താന്‍ വീണ്ടും വൈകും എന്നറിഞ്ഞ അബൂദര്‍റ് (റ) ഒട്ടകപ്പുറത്തു നിന്നും ഇറങ്ങി ഭാണ്ഡക്കെട്ടുകളും എടുത്ത് മരുഭൂമിയിലൂടെ ഓടാന്‍ തുടങ്ങി.

വൈകുന്നേരമായപ്പോള്‍ ഒരു സ്ഥലത്ത് പ്രവാചകനും കൂട്ടരും വിശ്രമിക്കാനിരുന്നു. അപ്പോള്‍ ധൂളികള്‍ വകഞ്ഞുമാറ്റി ഒരാള്‍ നടന്നുവരുന്നത് സ്വഹാബികളുടെ ശ്രദ്ധയില്‍ പെട്ടു.

കണ്ടയാള്‍ ഉറക്കെപറഞ്ഞു:’ പ്രവാചകരേ, ഒരാളതാ തനിയെ നടന്നു വരുന്നു..’

പ്രവാചകന്‍ (സ) മനസ്സില്‍ പറഞ്ഞു:’ അത് അബൂദര്‍റ് ആയിരുന്നെങ്കില്‍..’

യാത്രികനായ ആള്‍ പതിയെ അവരോടടുത്തു. മണല്‍ അയാളുടെ പാദങ്ങളെ മൂടിയിരിക്കുന്നു. വലിയ ചുമടുമേന്തിയാണ് അയാള്‍ വരുന്നത്. പ്രവാചകനെയും കൂട്ടരെയും കണ്ട സന്തോഷത്തിലാണയാള്‍.

ഉടനെ ആരോ ഒരാള്‍ വിളിച്ചുപറഞ്ഞു:’ അല്ലാഹുവാണ, അത് അബൂദര്‍റ് (റ) ആണത്!’

അബൂദര്‍റിനെ കണ്ടതും പ്രവാചകന്റെ മുഖത്ത് ആശ്വാസത്തിന്റെ വെട്ടം പരന്നു. പ്രവാചകന്‍ (സ) പറഞ്ഞു:’അബൂദര്‍റിനോട് അല്ലാഹു കരുണ ചെയ്യട്ടെ..

അവന്‍ തനിയെ വന്നു,
അവന്‍ തനിയെ മരിക്കും
അവന്‍ തനിയെ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും..’

ഈ സംഭവത്തിന് ശേഷം ഇരുപത് വര്‍ഷങ്ങള്‍കഴിഞ്ഞാണ് അദ്ദേഹം മരണപ്പെടുന്നത്. ഒറ്റക്ക്..ഒരു മരുഭൂവില്‍..അദ്ദേഹത്തിന്റേതായ ജീവിതവഴിയില്‍, വിരക്തിയുടെ പാതയില്‍ ആര്‍ജ്ജവത്തോടെ ആ മനുഷ്യന്‍ തനിച്ചുതന്നെയായിരുന്നു.

വൈവിധ്യമാര്‍ന്ന പ്രതിഫലങ്ങളുടെ ഉടമയായതിനാല്‍ മഹാനായ സ്വഹാബിവര്യരുടെ ഉയര്‍ത്തെഴുന്നേല്‍പ്പും ഒറ്റക്കുതന്നെയാവും!

 

സ്വഹാബിമാർ-2

 

വിവ: മുഖ്‍താർ നജീബ്

Related Articles