Current Date

Search
Close this search box.
Search
Close this search box.

ഉള്ളിലുള്ള അഹങ്കാരത്തെ തിരിച്ചറിയാം

lamp.jpg

ആദം നബിയെ അല്ലാഹു ആദരിച്ചു. അല്ലാഹു പറയുന്നു; ‘വലഖദ് കര്‍റമ്‌നാ ബനീ ആദം…’ ആദം നബിയുടെ മക്കളെന്ന നിലയില്‍ മുഴുവന്‍ മനുഷ്യരും ആദരിക്കപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരെ വിലകുറഞ്ഞവരായി കാണാന്‍ നാമാരാണ്?  ഭൂമിയില്‍ വിനയാന്വിതരായി നടക്കുന്ന ദാസന്‍മാരെയാണ് അല്ലാഹുവിനിഷ്ടം. (അല്‍ ഫുര്‍ഖാന്‍: 63) എന്ന് അല്ലാഹു പറയുന്നു.

നാം വിനയാന്വിതരാണെന്ന് എങ്ങിനെയാണ് നമുക്ക് അറിയാന്‍ കഴിയുക, അതിന് വല്ല പരീക്ഷണങ്ങളുമുണ്ടോ? ഖുര്‍ആനിക വചനങ്ങളിലൂടെ അല്ലാഹു നമ്മെയത് അറിയിച്ചിരിക്കുന്നു. താന്‍ വിനയമുള്ളവനാണോ അതല്ല അഹങ്കാരമുള്ളവനാണോ എന്ന് സ്വന്തത്തോട് ചോദിക്കലാണ് അതിനുള്ള മാര്‍ഗം. എന്നാല്‍ അതിലൂടെ എങ്ങനെ അതറിയാന്‍ കഴിയും? ‘വ ഇദാ ഖാത്തബഹുമുല്‍ ജാഹിലൂന ഖാലൂ സലാമന്‍.’ എന്ന ദൈവിക വചനത്തിലൂടെയാണ് അത് പരീക്ഷിച്ചറിയേണ്ടത്.

അഹങ്കാരത്തോടെയും അവഹേളിച്ചും ഒരാള്‍ സംസാരിക്കുമ്പോഴാണ് ആളുകള്‍ക്ക് തങ്ങളുടെ വികാരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നത്. വിഡ്ഢികളോ ധിക്കാരികളോ ആയ അത്തരക്കാരെ കുറിക്കാന്‍ അല്ലാഹു ഉപയോഗിച്ചിരിക്കുന്ന പദമാണ് ‘ജാഹിലൂന്‍’ എന്നത്. ‘ജാഹില്‍’ എന്ന പദം അറബി ഭാഷയില്‍ ‘ആഖില്‍’ അഥവാ ബുദ്ധിമാന്‍ എന്ന പദത്തിന്റെ  വിപരീതമായാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ ‘ജാഹില്‍’ എന്നാല്‍ തങ്ങളുടെ വികാരങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാത്തവന്‍ എന്നാണ്. അവരുടെ മനസ്സിലുള്ള തോന്നലുകള്‍  ഉടനെ വാക്കുകളായി പുറത്തേക്ക് വരുന്നു. അവര്‍ തങ്ങള്‍ പറയുന്നതിനെപ്പറ്റി ചിന്തിക്കാറേ ഇല്ല.

നിങ്ങള്‍ വാഹനമോടിച്ച് പോകുന്നതിനിടക്ക് ഒരാള്‍ വഴിമുടക്കുന്നു എന്ന് കരുതുക, നിങ്ങള്‍ ഹോണ്‍ അടിക്കുന്നു. അയാള്‍ ഉടന്‍ തന്നെ ഇറങ്ങിവന്ന് നിങ്ങളെ ചീത്തവിളിക്കുന്നു. ഞാന്‍ കണിച്ചുതരാം എന്ന ഭാവത്തില്‍ നിങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങുന്നു. പക്ഷേ, ഒരു നിമിഷം… ‘വ ഇദാ ഖാതബഹുമുല്‍ ജാഹിലൂന ഖാലൂ സലാമ.’ അസ്സലാമു അലൈക്കും, ക്ഷമിക്കണം തെറ്റ് എന്റെ ഭാഗത്താണ്, നിങ്ങള്‍ക്ക് പോകാം എന്ന് നിങ്ങള്‍ പറയുന്നു. അല്ലെങ്കില്‍ അങ്ങനെ പറയാനാണ് ശീലിക്കേണ്ടത് അല്ലാത്തപക്ഷം ആദ്യപടിയില്‍ തന്നെ അയോഗ്യനാവുകയാണ് നിങ്ങള്‍.

അല്ലാഹു ‘അവിവേകികള്‍ വാദകോലാഹലത്തിനു വന്നേക്കാം’ എന്നല്ല,  ‘വാദകോലാഹലത്തിനു വന്നാല്‍’ എന്നാണ് ആയത്തില്‍ പറഞ്ഞത്. അതായത് ആദ്യത്തേതില്‍ അത് സംഭവിക്കാനുള്ള സാധ്യത മാത്രമാണുള്ളത് എന്നാല്‍ അല്ലാഹു പറയുന്നത് അതിന്റെ സാധ്യതയേയോ അത് സംഭവിക്കാനിടയുണ്ട് എന്നല്ല, അത് നിങ്ങള്‍ക്ക് സംഭവിക്കും എന്ന ശൈലിയാണതില്‍ ധ്വനിക്കുന്നത്.

ഒരിക്കല്‍ അമേരിക്കയിലെ ഒരു പളളിയില്‍, ഒരു ക്ലാസിനെപ്പറ്റി ആ പള്ളിയുടെ ഉത്തരവാദപ്പെട്ടവരോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. സംസാരത്തിനിടക്ക് ഞാന്‍ അറബി പഠിപ്പിക്കുമെന്ന് പറയുന്നത് കേട്ട ഒരാള്‍ (അയാല്‍ മിസ്‌രിയോ അറബിയോ ആണെന്ന് തോന്നുന്നു) ഇടക്ക് കയറി അയാള്‍ ചോദിച്ചു:  നിങ്ങള്‍ അറബി പഠിപ്പിക്കുമോ?
ഞാന്‍ പറഞ്ഞു: ഉവ്വ്.. കുറച്ചൊക്കെ….
ആഗതന്‍: നിങ്ങളുടെ നാടേതാണ്?
ഞാന്‍: പാകിസ്താന്‍
അതെയോ…. എന്നിട്ട് അയാള്‍ ഒരു നാപ്കിന്‍ എടുത്തുകൊണ്ട് പറഞ്ഞു. ശരി ഇതില്‍ അക്ഷരങ്ങള്‍ എഴുതിത്തരൂ….
ഞാന്‍ അയാള്‍ക്ക് ഇംഗ്ലീഷ് അക്ഷരങ്ങല്‍ എഴുതി നല്‍കി..
‘കണ്ടോ നിങ്ങള്‍ക്ക് അറബി അറിയില്ല..  അയാള്‍ പറഞ്ഞു
ശരിയാണ്, ക്ഷമിക്കണം എന്ന ഞാനും..

തുടര്‍ന്ന് മുപ്പത് മിനിട്ടോളം അയാള്‍ എനിക്ക് അറബി അക്ഷരങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ അയാളോടൊപ്പമിരുന്ന് ശ്രദ്ധിച്ചു. അയാള്‍ പോയി..  അന്നുരാത്രി ‘അറബി ഭാഷാ പഠനത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ക്ലാസെടുക്കാനാണ് പള്ളി ഭാരവാഹികള്‍ പറഞ്ഞത്. അന്ന് എന്റെ ക്ലാസിന്റെ മുന്‍ നിരയില്‍ തന്നെ ആദ്യാവസാനം അയാളും ഉണ്ടായിരുന്നു. യൂട്യൂബില്‍ നിങ്ങള്‍ : why learn Arabic, എന്നോ  how to learn Arabic എന്നോ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്ന വീഡിയോയില്‍ ചിരിച്ചു കൊണ്ടിരിക്കുന്ന അയാളെ നിങ്ങള്‍ക്ക് കാണാം. എന്നാല്‍ അയാള്‍ തന്നെയായിരുന്നു ‘പാകിസ്താനിയായ നിങ്ങളാണോ അറബി പഠിപ്പിക്കുന്നത്’ എന്ന് എന്നോട് ചോദിച്ചത്.

നിരാശനാവരുത്; പൂര്‍ണ്ണനാണെന്ന് ധരിക്കുകയുമരുത്. ആളുകള്‍ ഇത്തരത്തിലാണ് സംസാരിക്കുന്നതെങ്കില്‍ അവരെ വിട്ടേക്കുക. അവര്‍ക്കതിനുള്ള അവകാശമുണ്ട്. അവര്‍ എന്തുകൊണ്ടാണ് അങ്ങനെ സംസാരിക്കുന്നതെന്ന് നമുക്കറിയില്ല. ചിലപ്പോള്‍ നാമറിയാത്ത മറ്റുപല സംഗതികളും അവരുടെ ജീവിതത്തിലുണ്ടാകാം. അവര്‍ നമ്മുടെ മുന്നിലേക്ക് വരുമ്പോള്‍ അവരെ ദേഷ്യപ്പെടാന്‍ വിട്ടേക്കുക. നാമെപ്പോഴും ആളുകളോട് ദയയോടെയം കാരുണ്യത്തോടെയും വര്‍ത്തിക്കുന്നവരായിരിക്കണം.

ഒരിക്കല്‍ രണ്ടു ബദവീ സ്ത്രീകള്‍ പ്രവാചക(സ)യുടെ സന്നിധിയില്‍ വന്ന് അദ്ദേഹത്തിനു നേരെ ആക്രോശിക്കാന്‍ തുടങ്ങി. അവരിരുവരും മുസ്‌ലിംകളായിരുന്നു. പ്രവാചകന്‍   ശാന്തനായി ഇരുന്നു. സഹാബാക്കള്‍ അവരെ വധിക്കുമായിരുന്നു. പ്രവാചകന്‍ പറഞ്ഞു: ‘ ശാന്തരായിരിക്കൂ..’
ഇതാണ് പ്രവാചക മാതൃക. ആളുകള്‍ നിങ്ങളെ ദേഷ്യപ്പെടുത്തുന്ന സംഗതികള്‍ പറയുമ്പോള്‍ ശാന്തരായി ഇരിക്കാനാണ് ശ്രമിക്കേണ്ടത്.
 
ചിലപ്പോള്‍ ഭാര്യമാര്‍ നമ്മെ ദേഷ്യപ്പെടുത്തുന്ന പല സംഗതികളും പറയും. അത് കേള്‍ക്കുമ്പോള്‍ അവരെ ജാഹില്‍ എന്ന് ചീത്ത വിളിക്കുകയല്ല വേണ്ടത്, അവരോട് സലാം പറഞ്ഞാല്‍ മാത്രം മതി. തുടര്‍ന്ന് സംസാരിക്കേണ്ടതില്ല.

സഹോദരികളേ, നിങ്ങള്‍ക്ക് ചിലപ്പോള്‍ ഭര്‍ത്താവില്‍ നിന്നും ചോരതിളക്കുന്ന വര്‍ത്തമാനങ്ങള്‍ കേള്‍ക്കേണ്ടി വന്നേക്കാം. അപ്പോള്‍ നിങ്ങള്‍ ദേഷ്യപ്പെടും. എനിക്ക് ഭാര്യയും മൂന്ന് സഹോദരിമാരും നാല് പെണ്‍മക്കളുമുണ്ട്. സ്ത്രികള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് എനിക്കറിയാം. ഈ പ്രത്യേക കഴിവുകൊണ്ട്  ഹൃദയങ്ങളെ പ്രഹരിക്കുന്ന ഉത്തരങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് കഴിയും. അവരുടെ പക്കല്‍ അദ്ഭുതങ്ങളായ ഉത്തരങ്ങളാണ് ഉള്ളത്. ആ ഉത്തരങ്ങള്‍ക്ക് മുമ്പില്‍ നാം വായപൊളിച്ചുപോകും. പക്ഷേ സഹോദരികളേ, നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ദേഷ്യപ്പെട്ടുകൊണ്ട് സ്വയം നിയന്ത്രിക്കാനാവാതെ വരുമ്പോള്‍ സലാം പറയുക, വിഷയം മാറ്റാന്‍ ശ്രമിക്കുക.

ഖാലൂ സാലാമാ.. എന്നതുകൊണ്ട് അവരോട് സലാം പറയുക എന്നല്ല അല്ലാഹു ഉദ്ദേശിച്ചത്. ഒരാള്‍ നിങ്ങളെ അക്രമിച്ചു കൊണ്ടിരിക്കുമ്പോഴും സലാം സാലാം എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കലുമല്ല. ഇവിടെ സലാം എന്നത് വ്യാകരണശാസ്ത്ര പ്രകാരം ‘ഹാല്‍’ ആയാണ് വന്നിരിക്കുന്നത്. അവര്‍ ശാന്തരായി, സമാധാനപരമായി, ദേഷ്യം കെട്ടടങ്ങുന്ന രീതിയില്‍ സംസാരിക്കും എന്നൊക്കെയാണ് അതിനര്‍ഥം.

എനിക്ക് മറ്റൊരു അനുഭവമുണ്ടായി, ഒരു നോമ്പ് കാലത്ത് ഞാന്‍ പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്നു. അന്ന് ഞാന്‍ ഇഅ്തികാഫിലായിരുന്നു. പൊതുവേ നാം കിടന്നുറങ്ങുന്ന സമയങ്ങളില്‍ എത് വശത്തേക്കാണ് തിരിയുന്നതെന്ന് നാം അറിയാറില്ലല്ലോ. പെട്ടന്ന് എന്റെ വയറ്റിനിട്ടൊരു ചവിട്ട്. ഞാന്‍ എഴുന്നേറ്റുനേക്കിയപ്പോള്‍ വൃദ്ധനായ ഒരു മനുഷ്യന്‍. അയാള്‍ അഫ്ഗാനിയാണ്, അയാളും എന്നെപ്പോലെ ഇഅ്തികാഫിന് വന്നിരിക്കുകയാണ്. അയാള്‍ക്ക് ഇംഗ്ലീഷോ അറബിയോ വശമില്ല, പുഷ്തു മാത്രമാണയാള്‍ സംസാരിക്കുന്നത്. ചവിട്ട് കിട്ടിയതും ഞാന്‍ എഴുന്നേറ്റ് അയാളെ ഒന്ന വെറുതെ നോക്കി, അയാള്‍ ഖുര്‍ആന്‍ എടുക്കാന്‍ പോവുകയാണ്. ഞാന്‍ കിടന്നിരുന്നതിന്റെ പുറകിലായാണ് ഖുര്‍ആന്‍ വച്ച ഷെല്‍ഫ് ഉണ്ടായിരുന്നത്, അയാള്‍ പറഞ്ഞു ‘ഖുര്‍ആനു നേരെ നിങ്ങളുടെ പിന്‍ഭാഗം തിരിക്കരുത്’. അതിനാണ് അയാള്‍ ചവിട്ടിയത്. നിങ്ങള്‍ക്കെന്നെ മര്യാദക്ക് വിളിക്കാമായിരുന്നല്ലോ, നോമ്പുകാരനായിരിക്കെ വയറ്റില്‍ ചവിട്ടിയതെന്തിന് എന്നൊക്ക എനിക്ക് ചോദിക്കമായിരുന്നു. പക്ഷേ ഞാന്‍ എന്ത് ചെയ്‌തെന്ന് അറിയാമോ? ഞാന്‍ അയാളുടെ അടുത്തു ചെന്നിരുന്നു എന്നിട്ട് പറഞ്ഞു ‘ഞാന്‍ ഖുര്‍ആന്‍ ഓതിത്തരാം അതൊന്നു ശ്രദ്ധിക്കാമോ?  ഞങ്ങള്‍ ആംഗ്യഭാഷയിലായിരുന്നു സംവദിച്ചിരുന്നത്. ഞാന്‍ മുഴു സമയവും അയാളോടൊപ്പം ചിലവഴിച്ചു.

നാം ജനങ്ങളോട് സംവദിക്കുമ്പോള്‍ സമാധാനപരമായും ശാന്തസ്വഭാവത്തോടു കൂടിയും ഇടപഴകാന്‍ ശ്രദ്ധിക്കണം കാരണം പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരടക്കം പലതരത്തിലുള്ള ആളുകളോടും നമുക്ക് ബന്ധപ്പെടേണ്ടിവരും. നമ്മില്‍ പലരും മേലുദ്യോഗസ്ഥരുമായി ഉടക്കിലായിരിക്കും. അയാല്‍ മുഴു സമയവും ദേഷ്യപ്പെട്ടുകൊണ്ടാണ് എന്നതായിരിക്കാം അതിന് കാരണം. തിന്നുന്നതും ചിരിക്കുന്നതും രാവിലെ എഴുന്നേല്‍ക്കുന്നതു പോലും ദേഷ്യപ്പെട്ടുകൊണ്ടാണ് എന്ന് തോന്നിപ്പോകും.  എന്നിരുന്നാലും അയാളോട് നാം സൗമ്യപൂര്‍വ്വം ഇടപഴകണം.

നിങ്ങളിലെ അധ്യാപകരായ പലര്‍ക്കും നിരന്തരം ദേഷ്യം പിടിപ്പിക്കുന്ന ചില വിദ്യാര്‍ഥികളുണ്ടാകാം അവരോടും നിങ്ങള്‍ വളരെ സൗമ്യപൂര്‍വ്വം പെരുമാറണം അവരെ ഒരിക്കലും ക്ലാസ്മുറിയില്‍ വച്ച് ശകാരിക്കരുത്. പ്രവാചകന്‍ പറയുന്നു: ‘ഞാന്‍ നിങ്ങള്‍ക്കുള്ള അധ്യാപകനായി അയക്കപ്പെട്ടിരിക്കുന്നു’. പക്ഷേ അദ്ദേഹം ഒരിക്കലും ദേഷ്യപ്പെട്ടിരുന്നില്ല. തിരുമേനിയുടെ ഭൃത്യനായിരുന്ന സൈദ് ബിന്‍ ഹാരിഥ പറയുന്നു: നീ എന്തിനാണിത് ചെയ്തത് എന്ന് പോലും ചോദിച്ചിട്ടില്ല. ഹാരിഥയാവട്ടെ പ്രവാചകന്റെ ജേലിക്കാരനായിരുന്നില്ല അടിമയായിരുന്നു എന്നു കൂടി നാം ഓര്‍ക്കണം.

അപ്പോള്‍ ‘ഖാലൂ സലാമാ..’ എന്നത് വളരെ പ്രധാനമാണ്. കാരണം അടുത്ത തവണയും നിങ്ങള്‍ക്ക് നിങ്ങളെ ക്ഷുഭിതരാവാതെ സൗമ്യമായി പിടിച്ച് നിര്‍ത്തേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ ഞാന്‍ ഇബാദുര്‍റഹ്മാനില്‍ ഉള്‍പ്പെടാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയും. അപ്പോള്‍ ഇതാണ് ഒന്നാമത്തെ വിഭാഗം: തങ്ങളുടെ ദേഷ്യത്തെയും അഹങ്കാരത്തെയും പടിച്ചുനിര്‍ത്തി, ന്യായം തങ്ങളുടെ ഭാഗത്തായിട്ടു കൂടി അഹന്തയെ മാറ്റി നിര്‍ത്തി, സാഹചര്യങ്ങളെ ശാന്തമാക്കാന്‍ കഴിയണം. അവരുടെ ആ പ്രയത്‌നങ്ങളൊന്നും തന്നെ ഒരിക്കലും വൃഥാവിലാവില്ല.

ഇമാം അബൂഹനീഫയുടെ ഒരു കഥയുണ്ട്, മഹാനായിരുന്ന  ആ ഫഖീഹിന്റെ അടുക്കല്‍ നിരവധി ആളുകള്‍ എപ്പോഴും ഫത്‌വ ചോദിച്ചു വരുമായിരുന്നു, ഒരിക്കല്‍ അദ്ദേഹത്തിന്റെ മാതാവ് അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു. ഇമാം അതിന് ഉത്തരവും നല്‍കി. എന്നാല്‍ ആ ഉത്തരം മാതാവിനത്ര ബോധിച്ചില്ല. അവര്‍ പറഞ്ഞു: ‘നിനക്കൊന്നുമറിയില്ല.’  ഞാന്‍ മറ്റാരോടെങ്കിലും ചോദിച്ചുകൊള്ളാം, എന്നിട്ട് അവര്‍ സമീപിച്ചത് ഒരു പ്രബോധകനെയായിരുന്നു. പ്രബോധകര്‍ പണ്ഡിതന്‍മാര്‍ ആവണമെന്നില്ല, അവര്‍ ജനങ്ങളെ തഖ്‌വയും മറ്റും ഉപദേശിച്ചുകൊണ്ടിരിക്കുന്നവരാണ്. അവര്‍ക്ക് ഫിഖ്‌ഹോ ശരീഅത്തോ കൃത്യമായി അറിഞ്ഞു കൊള്ളണമെന്നുമില്ല.

മാതാവ് പ്രബോധകനെ സമീപിച്ചപ്പോള്‍ അയാള്‍ അന്വേഷിച്ച് പറയാം എന്ന മറുപടി നല്‍കി. തുടര്‍ന്നദ്ദേഹം ഉത്തരം അന്വേഷിച്ച് അബൂ ഹനീഫയുടെ പക്കല്‍തന്നെയാണ് എത്തിച്ചേര്‍ന്നത്. നിങ്ങളുടെ മാതാവ് തന്നെയാണ് ഈ ചോദ്യവുമായി സമീപിച്ചതെന്ന അയാള്‍ അറിയിച്ചു. അബൂ ഹനീഫ പറഞ്ഞു: ‘അതിനുള്ള മറുപടി ഉണ്ട് പക്ഷേ ഞാനാണിത് പറഞ്ഞതെന്ന് ഉമ്മയോട് പറയണ്ട.’

ചിലപ്പോള്‍ നമ്മുടെ കുടുംബങ്ങളില്‍ തന്നെ നമ്മോട് സംസാരിക്കാന്‍ ഇഷ്ടപ്പെടാത്തവരുണ്ടാകാം. നമുക്ക് ദീനിയായ ചിട്ടകളുണ്ടാകും. അവര്‍ ചിലപ്പോള്‍ ദീനിയായ ചുറ്റുപാടുള്ള ആളുകളാവണമെന്നില്ല. അപ്പോള്‍ അവരിലെ സ്ത്രീകള്‍ തലമറക്കാതെ വരുമ്പോഴും അവരിലെ ചെറുപ്പക്കാര്‍ നമസ്‌കരിക്കാതിരിക്കുമ്പോഴുമെല്ലാം അവരെ രൂക്ഷമായി ശകാരിക്കാന്‍ തോന്നും. പക്ഷേ അവരോട് വളരെ സമാധാനപരമായി ഇടപഴകുകയാണ് വേണ്ടത്. അവരോട് ഇതുവരെ ആരും ഇടപഴകാതത്ര സൗമ്യമായി വേണം വര്‍ത്തിക്കാന്‍. കൃത്യമായി അഞ്ചുനേരം നമസ്‌ക്കരിക്കാത്ത ഒരു കാലം നമുക്കും ഉണ്ടായിരുന്നു. ആരെങ്കിലും അന്ന് നമ്മോട് നമസ്‌കരിക്കാത്തതിന്റെ പേരില്‍ ശകാരിച്ചിരുന്നുവെങ്കില്‍ നാം ഉടന്‍ തന്നെ നമസ്‌കാരം ആരംഭിക്കുമായിരുന്നോ? അല്ലാഹു നമ്മുടെ ഹൃദയങ്ങളെ മൃദുലമാക്കി തന്നു അതുകൊണ്ട് മറ്റുള്ളവരുടെ ഹൃദയവും മാര്‍ദ്ദവമാകുന്നത് വരെ നാം ക്ഷമിച്ചിരിക്കാന്‍ സന്നദ്ധരാകണം

അല്ലാഹു മൂസാ നബിയോട് ഫിര്‍ഔന്റെ അടുക്കല്‍ പോകുമ്പോള്‍ അനുവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടതും ഇവിടെ പ്രസക്തമാണ്. കുഞ്ഞായിരിക്കുമ്പോള്‍ മൂസാ നബിയെ കൊല്ലാന്‍ ശ്രമിച്ച ആളായിരുന്നു ഫിര്‍ഔന്‍. ഓരോ വര്‍ഷവും അയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് അയാള്‍ കൊന്നിരുന്നത്. അയാള്‍ സ്വയം ദൈവമെന്ന് വാദിച്ചിരുന്നു. ഫിര്‍ഔനെ വെറുക്കാനുള്ള അനവധി കാരണങ്ങള്‍ അല്ലാഹുവിനുണ്ടായിരുന്നു. എന്നിട്ടും അല്ലാഹു മൂസാ നബിയോട് നിര്‍ദ്ദേശിച്ചത് ‘അവനോട് സൗമ്യമായി സംസാരിക്കുക’ എന്നായിരുന്നു.

ധിക്കാരിയായ ഫിര്‍ഔനോട് പെരുമാറേണ്ടത് ഇങ്ങനെയെങ്കില്‍, നമ്മുടെയൊക്കെ ഭാര്യമാരോട്, ഭര്‍ത്താക്കളോട്, കുട്ടികളോട്, സഹോദരീ സഹോദരന്‍മാരോടെല്ലാം എങ്ങിനെയാണ് പെരുമാറേണ്ടത്? അവരൊക്കെ നമ്മെ ദേഷ്യപ്പെടുത്തുന്നുണ്ടാകാം. പക്ഷേ അവര്‍ നമ്മില്‍ നിന്ന് സൗമ്യമായ പെരുമാറ്റം പ്രതീക്ഷിക്കുന്നവരാണ്. അവരോടുള്ള പെരുമാറ്റത്തില്‍ നാം തീര്‍ച്ചയായും മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

മൊഴിമാറ്റം: അസ്ഹര്‍ എ.കെ.

Related Articles