Current Date

Search
Close this search box.
Search
Close this search box.

ഒരിക്കല്‍ പറ്റിയ അബദ്ധം വീണ്ടും പറ്റരുത്

islam.jpg

പ്രവാചകന്‍ പറഞ്ഞു: ‘സത്യവിശ്വാസിക്ക് ഒരു മാളത്തില്‍ നിന്ന് രണ്ട് തവണ കടിയേല്‍ക്കുകയില്ല.’ ഒരിക്കല്‍ പറ്റിയ അബദ്ധം രണ്ടാമതും സംഭവിക്കുന്നതിനെ സംബന്ധിച്ചാണ് ഇവിടെ ഒരു മാളത്തില്‍ നിന്ന് രണ്ട് പ്രാവശ്യം കടിയേല്‍ക്കുക എന്ന് പറഞ്ഞിരിക്കുന്നത്. തെറ്റുകളും കുറ്റങ്ങളും വന്നു പോകുന്നതിനെ സംബന്ധിച്ച് ശ്രദ്ധയുണ്ടാവുന്നത് ഈമാനിന്റെ ലക്ഷണമാണ്. മുഅ്മിനിന് അവിചാരിതമായി തെറ്റുകള്‍ പറ്റാമെങ്കിലും അത് വീണ്ടും സംഭവിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ ശ്രമിക്കുകയെന്നത് അവന്റെ നിര്‍ബന്ധ സ്വഭാവമായിരിക്കണം. തെറ്റുകളെ സംബന്ധിച്ച് തീരെ അശ്രദ്ധനായി ജീവിക്കാന്‍ ഈമാനുള്ള ഒരാള്‍ക്കും സാധ്യമല്ലെന്നു സാരം.

തഖ്‌വ അഥവാ സൂക്ഷ്മത ഈമാനിന്റെ അനിവാര്യ ഫലമായതിനാല്‍ എല്ലാ കാര്യങ്ങളിലും സൂക്ഷ്മത ഉണ്ടായിരിക്കേണ്ടത് ഓരോ മുഅ്മിനിന്റെയും ഒഴിച്ചു കൂടാത്ത കര്‍ത്തവ്യമാണ്. മനുഷ്യപ്രകൃതിയുടെ അപൂര്‍ണത കാരണമായും താല്‍ക്കാലിക വികാരങ്ങള്‍ കൊണ്ടും മറ്റു പല കാരണങ്ങളാലും വന്നു പോകുന്ന തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുകയെന്നത് വിശ്വാസ ദൗര്‍ബല്യത്തിന്റെയും സൂക്ഷ്മതക്കുറവിന്റെയും ഫലമത്രെ. പാമ്പുണ്ടെന്ന് വിശ്വസിക്കുന്ന മാളത്തില്‍ ബുദ്ധിയുള്ളവന്‍ കൈയിടുമോ? അതിനാല്‍ സൂക്ഷ്മതക്കുറവും ഈമാനും തമ്മില്‍ യോജിക്കുകയില്ലെന്നത് അത്രയും വ്യക്തമാണ്. ഈ പരമാര്‍ത്ഥമാണ് നബി (സ) പഠിപ്പിക്കുന്നത്. അതുകൊണ്ട് ലക്കും ലഗാനുമില്ലാതെ കുറ്റങ്ങള്‍ ചെയ്യുന്നവരുടെ ഈമാന്‍ ബലഹീനമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനാല്‍ തന്നെ ഒരു യഥാര്‍ത്ഥ വിശ്വാസി ഒരിക്കല്‍ പറ്റിയ അബദ്ധത്തില്‍ വീണ്ടും ചെന്ന് ചാടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. വീണ്ടും വീണ്ടും അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ ഒന്നുകില്‍ ബുദ്ധിയില്ലാത്തവരോ ആ വിഷയത്തില്‍ വേണ്ടത്ര ഗൗരവം നല്‍കാത്തവരോ ആയിരിക്കുമെന്നും മുകളിലെ പ്രവാചക വചനങ്ങളില്‍ നിന്ന് നമുക്ക് ഗ്രഹിക്കാം. യഥാര്‍ത്ഥ മുഅ്മിനുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ. (ആമീന്‍).

അവലംബം: ടി ഇസ്ഹാഖലി (ഹദീസ് ഭാഷ്യം)

Related Articles