Politics

ഹിന്ദുത്വ ഗുണ്ടകളാല്‍ കൊല്ലപ്പെട്ട പൊലിസ് ഓഫിസര്‍

ഉത്തര്‍ പ്രദേശിലെ പൊലിസ് ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാര്‍ സിങ് കഴിഞ്ഞ ദിവസമാണ് ബുലന്ദ്ഷഹറില്‍ വെച്ച് ഒരു കൂട്ടം ഗുണ്ടകളാല്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടവും കൊലപാതകവും അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. ജനക്കൂട്ടമാണ് ഇതിന്റെ പിന്നില്‍ എന്നായിരുന്നു ആദ്യമായി പുറത്തു വന്ന ആരോപണങ്ങള്‍. പ്രദേശത്ത് നടക്കുന്ന പശു കശാപ്പിനെതിരെ എന്ന പേരില്‍ രംഗത്തു വന്ന പ്രക്ഷോഭകരായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ ഇത്തരം ഗുണ്ടകളെ ന്യായീകരിച്ചും നീതീകരിച്ചും നിരവധി പേര്‍ രംഗത്തു വരികയും ഇത്തരക്കാരെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നേതാക്കളായി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുകയാണ്.

നമുക്കറിയാം, പൊതുതെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. പകരം തന്റെ സംഘ്പരിവാര്‍ അണികള്‍ക്കായി വിഷലിപ്തമായ പ്രസംഗങ്ങളും പ്രകോപനങ്ങളും മാത്രമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടാവുന്നത്. ഭാവി പ്രധാനമന്ത്രിയായാണ് അദ്ദേഹത്തെ അണികള്‍ കാണുന്നത്.

ബുലന്ദ്ഷഹറില്‍ അടുത്തിടെ വലിയ സംഘം മുസ്‌ലിംകള്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി (ഇസ്തിമ) ഒരുമിച്ചു കൂടിയിരുന്നു. എന്നാല്‍ ശത്രുക്കള്‍ ഇതിനെ മറ്റൊരു തരത്തില്‍ പ്രദേശത്ത് മുഴുവന്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ അവര്‍ കേവലം മതപരമായ ആഘോഷത്തിനു വേണ്ടിയാണ് ഒരുമിച്ചു കൂടിയത് എന്നാണ് പിന്നീട് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

മുസ്ലിംകളുടെ ആഘോഷങ്ങള്‍ സമാധാനപരമായി നടത്തുന്നത് ഇഷ്ടപ്പെടാത്ത ആളുകള്‍ ഇതിനെ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു. പൊലിസ് ഓഫിസര്‍ കൊല്ലപ്പെട്ട സ്ഥലത്തു നിന്നും 45 കിലോമീറ്റര്‍ അകലെയാണ് ഇസ്തിമ അരങ്ങേറിയത്. പൊലിസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിന് മുസ്ലിംകള്‍ ഒരുമിച്ചു ചേര്‍ന്ന ഇസ്തിമയുമായി യാതൊരു ബന്ധവുമില്ലെന്ന് പൊലിസ് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ പ്രത്യേക ലക്ഷ്യങ്ങളും താല്‍പര്യങ്ങളുമുള്ള ചാനലുകളും പത്രങ്ങളും സംഭവത്തെ ഇസ്തിമയുമായും പശു കശാപ്പുമായി കൂട്ടിക്കെട്ടുകയായിരുന്നു. ഇത്തരത്തിലാണ് അവരും സംഘ്പരിവാറും പ്രചാരണം നടത്തിയത്. സുബോദ് കുമാര്‍ സിങിന്റെ കൊലപാതകവും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയക്കാരെയും കുറിച്ച് പൊലിസ് നിര്‍ബന്ധമായും അന്വേഷിക്കേണ്ടതുണ്ട്. യു.പി പൊലിസിനുമേല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം നേരിടുന്നതായും നമുക്ക് കാണാം. ഇത്തരത്തില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ യു.പിയില്‍ ഉണ്ടായിട്ടുണ്ട്. മതത്തിന്റെ പേരില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി സമൂഹത്തില്‍ വിഷലിപ്തമായ പ്രചാരണങ്ങള്‍ നടത്തി കലാപം സൃഷ്ടിക്കാനാണ് ഇത്തരം ഗുണ്ടകള്‍ ശ്രമിക്കുന്നത്.

ഇത് നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള സമയമാണ്. ഇത്തരം ടി.വി ചാനലുകള്‍ക്കെതിരെയും മീഡിയകള്‍ക്കെതിരെയും രാഷ്ട്രീയ പാര്‍ട്ടി,നേതാക്കള്‍ക്കെതിരെയും നമ്മള്‍ ജാഗരൂകരായിരിക്കണം. ഒരു തരത്തിലുള്ള ന്യായീകരണവും പ്രതിരോധവും അനുവദിച്ചു നല്‍കരുത്. പൊലിസിനും ഭരണകൂടങ്ങള്‍ക്കും സുപ്രിം കോടതി തന്നെ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ട്. എന്നാലെ സമാധാനപരമായ പൊതുതെരഞ്ഞെടുപ്പ് സാധ്യമാകൂ. ഇത്തരക്കാര്‍ക്കെതിരെ ഒന്നിക്കേണ്ടത് ഇന്ത്യയിലെ ഒരോ പൗരന്റെയും കടമയാണ്.

മുഖ്യമന്ത്രി യോഗി ആഥിത്യനാഥ് സംസ്ഥാനത്തുടനീളം വിഷം തുപ്പുന്ന പ്രംസംഗങ്ങളുടെ തിരക്കിലാണ്. മാന്യതയുടെ എല്ലാ സീമകളും പരിധികളും മറികടന്നാണ് ഇത്തരം ഗുണ്ടകള്‍ മുന്നോട്ടു പോകുന്നത്. ഹിന്ദുത്വ അജണ്ട,മുസ്ലിം വിരുദ്ധത,ദലിദ് വിരുദ്ധ ക്യാംപയിന്‍ എന്നിവയാണ് ഇവരുടെ പ്രധാന അജണ്ട. ഇന്ന് വിഭജിക്കപ്പെട്ട രീതിയില്‍ മുമ്പെങ്ങും രാജ്യത്തെ ജനത വിഭജിക്കപ്പെട്ടിട്ടില്ല. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളില്‍ നിന്നും ഈ രാജ്യം രക്ഷപ്പെടേണ്ടതുണ്ട്. മറ്റു നിരവധി പ്രശ്‌നങ്ങള്‍ നമ്മുടെ രാജ്യം നേരിടുന്നുണ്ട്. പശു ചത്താല്‍ അതിന്റെ ഉത്തരവാദിത്വം മുസ്ലിമിന്റെ തലയില്‍ കെട്ടിവെക്കുകയാണ്. എങ്ങിനെയാണ് പശുക്കള്‍ ചാകുന്നത് എന്ന് അന്വേഷിക്കാന്‍ ഇവര്‍ തയാറാകുന്നില്ല. ഇത്തരം ഗോരക്ഷ ഗുണ്ടകളില്‍ നിന്നും രാജ്യത്തെയും കര്‍ഷകരെയും രക്ഷിക്കേണ്ടതുണ്ട്.

സുബോദ് കുമാര്‍ സിങിന്റെ കൊലപാതകത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ടത് നമ്മുടെ ബാധ്യതയാണ്. പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചു എന്ന ആരോപണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കേസ് അന്വേഷിച്ചിരുന്നത് സുബോദ് കുമാര്‍ ആയിരുന്നു. ഇത്തരം ഗുണ്ടകള്‍ക്ക് ഭരണത്തിന്റെ പിന്തുണയും ആനുകൂല്യവുമുണ്ടാകും. ഇത്തരം കുറ്റവാളികളെ അറസ്റ്റു ചെയ്യുകയോ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കാറോ ഇല്ല.

അതിനാല്‍ തന്നെ എന്റെ മാധ്യമ സുഹൃത്തുക്കളോടും മറ്റും എനിക്ക് പറയാനുള്ളത്. ഈ കേസ് നിഷ്പക്ഷമായി അന്വേഷിച്ച് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആള്‍ക്കൂട്ട നേതാക്കളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും അര്‍ഹിച്ച ശിക്ഷ വാങ്ങികൊടുക്കാനും പരിശ്രമിക്കണം. നമുക്ക് നോക്കാം എങ്ങനെയാണ് ഇതിന്റെ അന്വേഷണം നടക്കുന്നതെന്ന്. ഇത്തരത്തില്‍ ഒരു പൊലിസ് ഓഫിസറെ കൊല്ലുന്നത് നിങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ഇത് നിങ്ങളെ ഉണര്‍ത്താനുള്ള വിളിയാണ്.

വിവ: പി.കെ സഹീര്‍ അഹ്മദ്
അവലംബം: countercurrents.org

Facebook Comments
Show More

Related Articles

Close
Close