Current Date

Search
Close this search box.
Search
Close this search box.

Views

വീണ്ടും ഒരു ഭൗമദിനം

ഭൂമിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ചിന്തിക്കാനും ഓര്‍മ്മപ്പെടുത്താനും 1970 മുതല്‍ ലോകത്തെ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് ഏപ്രില്‍ 22 ലെ ലോക ഭൗമദിനാചരണം. 2009 മുതല്‍ ഐക്യരാഷ്ട്ര സഭയും ഈ ദിനാചരണം പ്രഖ്യാപിക്കുകയുണ്ടായി. 1970 ല്‍ പരിസ്ഥിതി പ്രേമികള്‍ തുടങ്ങിവെച്ച ഈ ദിനാചരണത്തിന് കാലം കഴിയുന്തോളം പ്രസക്തി ഏറിവരുകയല്ലാതെ കുറയുന്നില്ല. മണ്ണും ആകാശവും മനുഷ്യന് ജീവിക്കാനാകാത്ത വിധം വിഷമയമാവുകയും മലിനീകരിക്കപ്പെടുകയും ചെയ്യുന്ന ഈ ആഗോളീകരണ കാലത്ത് തീര്‍ച്ചയായും ഭൗമദിനാചരണത്തിന് പ്രസക്തി വര്‍ധിക്കുക തന്നെയാണ്.

മാനവരാശിയുടെ തുടക്കം തൊട്ടേ പ്രകൃതിക്ക് കീഴ്‌പ്പെട്ട് ജീവിച്ചിരുന്ന മനുഷ്യന്‍ സാങ്കേതികമായി വളരുന്നതിനനുസരിച്ച് പ്രകൃതിയെ കീഴടക്കാന്‍ ശ്രമിക്കുന്നതിന്റെ പരിണിത ഫലങ്ങള്‍ ഇന്ന് ലോകം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ജലസ്രോതസ്സുകള്‍ നശിപ്പിച്ചും വനങ്ങളും പുല്‍മേടുകളും വെട്ടിനശിപ്പിച്ചും മലകളും കുന്നുകളും തുരന്നെടുത്തും നാടും നഗരവും മാലിന്യ കൂമ്പാരങ്ങളാക്കി മാറ്റിയും നാം നടത്തുന്ന ‘വികസന’ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ തന്നെ ജീവന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുമ്പോഴും പാഠം പഠിക്കാനും മാറിചിന്തിക്കാനും ഇനിയും അധികമാളുകളും തയ്യാറായിട്ടില്ലെന്നത് ഖേദകരമാണ്. കാലം മുഴുവന്‍ നിറഞ്ഞൊഴികിയിരുന്ന നമ്മുടെ നീരുറവകള്‍ ഇന്ന് വറ്റിവരണ്ടിരിക്കുന്നു. മഴ ലഭ്യത കുറഞ്ഞതോടപ്പം ചൂട് കൂടുകയും ചെയ്തിരിക്കുന്നു. കൃഷി ഭൂമികള്‍ വന്‍ തോതില്‍ മണ്ണിട്ട് നികത്തുന്നതോടപ്പം അമിത ലാഭം കൊതിച്ച് കൃഷിയിടങ്ങളിലെ മാരക വിഷം കലര്‍ന്ന കീടനാശിനികളുടെ ഉപയോഗം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ഗ്രാമങ്ങളില്‍ പോലും മനുഷ്യ ജീവിതം അസാധ്യമാക്കും വിധം കുന്നുകൂടിയിരിക്കുന്ന മാലിന്യ കൂമ്പാരങ്ങള്‍ പ്രകൃതിയെ നശിപ്പിക്കുകയും മാരക രോഗങ്ങളുടെ വിളനിലമാകുകയും ചെയ്തിരിക്കുന്നു. ആഗോള താപനം എന്ന അന്താരാഷ്ട്ര തലത്തില്‍ തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന വിപത്ത് വര്‍ഷം തോറും വര്‍ധിച്ചു വരുന്നു. മണ്ണിനെയും പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും മുച്ചൂടും തകര്‍ക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനും ഭൂമിയെ സംരക്ഷിക്കാനും സര്‍ക്കാറുകള്‍ മുന്നോട്ട് വരുമ്പോള്‍ ഭൂമാഫിയക്കു വേണ്ടി മതമേലധ്യക്ഷന്മാരും രാഷ്ടീയ നേതൃത്വതവും ഒറ്റക്കെട്ടായി അതിനെതിരെ രംഗത്തിറങ്ങുന്ന തികച്ചും അപകടകരമായി കാഴ്ച്ചയും നമ്മള്‍ കാണുന്നു. ആര്‍ത്തിയുടെയും വികസനത്തിന്റെയും പേരില്‍ കാലഭേദമില്ലാതെ നാം പ്രകൃതിയെ ചൂഷണം ചെയ്തപ്പോള്‍ പ്രകൃതി തിരിച്ചടിക്കാന്‍ തുടങ്ങിയത് സുനാമിയിലുടെയും ഭൂകമ്പങ്ങളിലൂടെയും വന്‍ പ്രകൃതി ക്ഷോഭങ്ങളിലൂടെയും ആവര്‍ത്തിച്ച് കണ്ടിട്ടും മനുഷ്യന്‍ പാഠം പഠിക്കാത്തതെന്ത്?

‘ഈ ഭൂമിയില്‍ മനുഷ്യന്റെ ആവശ്യത്തിന് വേണ്ടത്രയുണ്ട്. ആര്‍ത്തിക്ക് വേണ്ടത്ര ഇല്ലതന്നെ’ എന്ന രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്. ഒരു കാലഘട്ടത്തില്‍ ജീവിക്കുന്നവര്‍ക്ക് വേണ്ടി മാത്രമല്ല ദൈവം ഭൂമിയെ സൃഷ്ടിച്ചിരിക്കുന്നത്, മറിച്ച് അനന്തമായി കാലത്തോളം ഈ ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടിയാണ്. ആര്‍ത്തിയും അതിരുവിട്ട വികസന വാജ്ഞയും ഉപേക്ഷിച്ച് വരുന്ന തലമുറകള്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ സാധിക്കും വിധം ഭൂമിയെ വാസയോഗ്യമാക്കി നിലനിര്‍ത്തല്‍ മനുഷ്യന്റെ ബാധ്യതയാണ്. പ്രത്യേകിച്ച് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവില്‍ നിന്ന് ലഭിച്ച അമാനത്തായാണ് അവന്‍ പ്രകൃതിയെയും ജീവിക്കുന്ന ചുറ്റുപാടിനെയും വീക്ഷിക്കേണ്ടത്. ‘ജീവിതായോധനത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നീ ഭൂമിയില്‍ എന്നെന്നും ജീവിക്കുന്നവനെ പോലെ പെരുമാറുക’ എന്ന പ്രവാചക കല്‍പ്പനയിലും ഭൂമിയെ പ്രകൃതി നിയമങ്ങള്‍ക്ക് അനുസൃതമായി ചലിക്കാന്‍ വിടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭൂമിക്കും ആവാസ വ്യവസ്ഥക്കും കൊട്ടംതട്ടാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സാധ്യമാക്കാം എന്നതിനാണ് മനുഷ്യന്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. ഈ ഭൗമദിനം നമുക്ക് അത്തരം ആലോചനകള്‍ക്കുള്ള ദിനമാകട്ടെ.

Related Articles