Current Date

Search
Close this search box.
Search
Close this search box.

വര്‍ഗീയ രാഷ്ട്രീയം രാജ്യത്തിന് ആപത്ത്

പത്തു വര്‍ഷം നീണ്ടുനിന്ന യു.പി.എയുടെ ഭരണക്കാലത്തിനിടക്ക് പെരുകിയ അഴിമതിയും സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കിയ വേളയില്‍ നടക്കുന്ന 16 ാം ലോകസഭാ തെരഞ്ഞെടുപ്പിന് തുടക്കമായതോടെ സാമുദായിക വൈകാരികത വളര്‍ത്തി തെരഞ്ഞെടുപ്പ് ലാഭം കൊയ്യാനുള്ള നീക്കങ്ങള്‍ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ആരംഭിച്ചു കഴിഞ്ഞു. ജനജീവിതം താറുമാറാക്കി കോര്‍പ്പറേറ്റുകളെ തൃപ്തിപ്പെടുത്തി യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളോടുള്ള ജനരോഷം വലിയ അര്‍ഥത്തില്‍ പ്രകടമാകുമെന്ന് കരുതുന്ന തെരഞ്ഞെടുപ്പില്‍ സാമുദായിക ധ്രുവീകരണം കൂടി ശക്തമായി നടപ്പിലാക്കി അതുകൂടി പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങളാണ് ഫാഷിസ്റ്റ് ശക്തികള്‍ നടത്തി കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബി.ജെ.പി ഇന്നലെ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. ‘ഏക ഭാരതം, ശ്രേഷ്ട ഭാരതം’ എന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രികയുടെ മുദ്യവാക്യം തന്നെ വര്‍ഗീയതയുടെ മുഖാവരണം അണിഞ്ഞതും മതേതര ഇന്ത്യയുടെ സാമുദായികവും സാംസ്‌കാരികവുമായി വൈജാത്യങ്ങളെ നിരാകരിക്കുന്നതുമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി തങ്ങളുടെ നയവും സമീപനവും എന്തെന്ന് ജനസമക്ഷം വ്യക്തമാക്കുന്നതാണ് പ്രകടന പത്രിക. പ്രകടന പത്രികയില്‍ എണ്ണിപ്പറയുന്ന കാര്യങ്ങളെല്ലാം അധികാരത്തിലെത്തിയ പാര്‍ട്ടികളൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നതിനാല്‍ തന്നെ ജനസമൂഹം അതത്ര ഗൗരവത്തിലെടുക്കാറില്ലെങ്കിലും പാര്‍ട്ടിയുടെ മുഖച്ഛായ എന്ന നിലയില്‍ പ്രകടന പത്രികക്ക് പ്രസക്തി കുറയുന്നില്ല.

മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് ഏറെ വൈകി പുറത്തിറക്കിയ ബി.ജെ.പിയുടെ പ്രകടന പത്രിക ബി.ജെ.പി മുന്നോട്ട് വെക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ തനിനിറം തുറന്നു കാണിക്കുന്നതാണ്. രാജ്യം നേരിടുന്ന മുഖ്യ പ്രശ്‌നങ്ങളെ അഭിസംബോധനം ചെയ്യുന്നതിന് പകരം ആര്‍.എസ്.എസ് ഉയര്‍ത്തിപ്പിടിക്കുന്ന തീവ്ര ഹിന്ദുത്വ അജണ്ടയാണ് പ്രകടന പത്രികയിലൂടെ ബി.ജെ.പി മുന്നോട്ട് വെക്കുന്നത്. തങ്ങളുടെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ ജനപ്രിയ വാഗ്ദാനങ്ങള്‍ക്ക് മൂടിവെക്കാനുള്ള ശ്രമമാണ് പ്രകടന പത്രികയില്‍ ബി.ജെ.പി നടത്തിയിരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണവും ഏക സിവില്‍ കോഡ് നടപ്പിലാക്കലും കാശ്മീരിന് പ്രത്യേകാധികാര പദവി നല്‍കുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് നീക്കുന്നതുമടക്കമുള്ള വര്‍ഗീയവും ഹിന്ദുത്വ പ്രീണനവുമായ വാഗ്ദാനങ്ങളാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നത്. ജനാധിപത്യ – മതേതര ഇന്ത്യയില്‍ നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടാതിരുന്ന തീവ്ര ഹിന്ദുത്വ നിലപാട് പിന്തുടരുന്ന ആര്‍.എസ്.എസ് മറനീക്കി പുറത്തുവരുന്നതിന്റെ സൂചനകളാണിത് നല്‍കുന്നത്. ഇന്ത്യന്‍ മതേതരത്വത്തെയും ജനാധിപത്യത്തെയും ലോകത്തിനു മുന്നില്‍ അപമാനിച്ച് 1992 ല്‍ ബാബരി മസ്ജിദ് തകര്‍ത്തവര്‍ തന്നെയാണ് ഭരണഘടയുടെ ഉള്ളില്‍ നിന്ന് കൊണ്ട് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നത്. രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിക്കും മുമ്പ് ഏത് ഭരണഘടനാ നിയമത്തിന്റെ പിന്‍ബലത്തിലാണ് ബാബരി മസ്ജിദ് തകര്‍ത്തതെന്ന് വിശദീകരിക്കുകയാണ് ബി.ജെ.പി ആദ്യം ചെയ്യേണ്ടത്. അതിനു പുറമെ, ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ വലംകൈ അമിത്ഷാ യു.പിയിലെ മുസഫര്‍ നഗറില്‍ ഏതാനും ദിവസം മുമ്പ് നടത്തിയ കൊലവിളിയിം ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭീകര മുഖം വെളിവാക്കുന്നതാണ്. ദേശീയ തലത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ 80 ലോകസഭാ മണ്ഡലങ്ങളുള്ള യു.പിയിലെ നില മെച്ചപ്പെടുത്തല്‍ അനിവാര്യമാണെന്ന ബോധ്യമുള്ള മോഡി ഗുജറാത്തില്‍ നിന്നും അമിത്ഷായെ യു.പിയിലേക്ക് നിയോഗിച്ചതിന് തൊട്ടുപിന്നാലെയാണ് 100 ലധികം മുസ്‌ലിംകള്‍ കൊല്ലപ്പെട്ട മുസഫര്‍ നഗര്‍ കലാപം അരങ്ങേറിയത്. കലാപത്തില്‍ സര്‍വം നഷ്ടപ്പെട്ട മുസ്‌ലിംകള്‍ക്കെതിരെയാണ് അമിത്ഷാ വീണ്ടും കൊലവിളി നടത്തിയിരിക്കുന്നത്. മുസഫര്‍നഗറില്‍ ജാട്ടുകള്‍ക്കുണ്ടായ നഷ്ടത്തിന് പ്രതികാരം ചെയ്യാന്‍ ബി.ജെ.പിയെ പിന്തുണക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് വീണ്ടുമൊരു മുസ്‌ലിം ഹത്യക്ക് അമിത്ഷാ ആഹ്വാനം ചെയ്തിരിക്കുന്നു. ജനമനസ്സുകളില്‍ വര്‍ഗീയതയുടെ കാട്ടുതീ പടര്‍ത്തി അധികാരം പിടിച്ചെടുക്കാന്‍ തന്നെയാണ് ബി.ജെ.പി ഒരുങ്ങുന്നതെന്ന വ്യക്തമായ സൂചനകളാണ് അമിത്ഷായുടെ പ്രതികാര ദാഹം മുറ്റിനില്‍ക്കുന്ന കൊലവിളിയും വെളിവാക്കുന്നത്.

ഗുജറാത്ത് വംശ്യഹത്യയുടെ പാപക്കറ മാഞ്ഞിട്ടില്ലാത്ത മോഡി നയിക്കുന്ന ബി.ജെ.പിയെ ന്യൂനപക്ഷങ്ങള്‍ പിന്തുണക്കില്ലെന്ന് ഉറപ്പുള്ള ബി.ജെ.പി തീവ്രഹിന്ദുത്വം ഉദ്‌ഘോഷിച്ചും കോണ്‍ഗ്രസിനെതിരെ മുസ്‌ലിം പ്രീണനം ആരോപിച്ചും ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനും മതേതര ഇന്ത്യയെ വര്‍ഗീയ ഫാഷിസ്റ്റ് രാഷ്ട്രമാക്കാനുമാണ് ശ്രമം നടത്തുന്നത്. രാജ്യത്തെ ശിഥിലമാക്കാനും ന്യൂനപക്ഷ ഉന്മൂലനത്തിലൂടെ ഇന്ത്യയില്‍ ചോരപ്പുഴ ഒഴുക്കാനുമുള്ള ബി.ജെ.പിയുടെ ശ്രമം നാം തിരിച്ചറിയേണ്ടതുണ്ട്. ബഹുസ്വര ഇന്ത്യുടെ ഐക്യത്തിനും അഖണ്ഡതക്കും ആപല്‍ക്കരമായ ഈ വര്‍ഗീയ രാഷ്ട്രീയത്തെ തടുത്തു നിര്‍ത്താനും അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താനും നമുക്ക് സാധിക്കേണ്ടതുണ്ട്. ജനമനസ്സുകളില്‍ വര്‍ഗീയ ബോധം പടര്‍ത്തി പരസ്പര സ്പര്‍ധ വളര്‍ത്തി രാജ്യത്തെ തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ മതേതരത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഐക്യത്തിന്റെ പൊതുബോധം രൂപീകരിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്.

Related Articles