Current Date

Search
Close this search box.
Search
Close this search box.

മോളേ സൂക്ഷിച്ചു പോണം.. അല്ലേല്‍ സ്‌കൂളിലെത്തും മുമ്പ് നീ ഫേസ്ബുക്കിലെത്തും.

കേരള രാഷ്ട്രീയത്തെ പറ്റി ഇ മലയാളിയില്‍ വായിച്ചത് (www.emalayalee.com)

കേരള രാഷ്ട്രീയം ഒരു ഹാസ്യഭൂമികയാണ്.. ജോക്കേഴ്‌സ് കോര്‍ണര്‍ എന്ന് വേണമെങ്കിലും പറയാം.. കാരണം നല്ല രാഷ്ട്രീയം ഒഴിച്ചുള്ള എല്ലാ തറവേലകളും ഇവിടെയുണ്ട്.. ചിലപ്പോഴൊക്കെ നിയമസഭക്കുള്ളിലും പുറത്തും അതിനേക്കാള്‍ കഷ്ടമാണ് കാര്യങ്ങള്‍ … വായില്‍ വരുന്നതെന്തും വിളിച്ചു പറയും…

പറഞ്ഞത് പറഞ്ഞില്ലെന്ന് പറയും .. പിച്ചിയെന്നും മാന്തിയെന്നും പറഞ്ഞ് പൊട്ടിക്കരയും.. ഇങ്ങനെയൊക്കെയാണ് നമ്മുടെ നിയമസഭാ സാമാജികരുടെ കാര്യങ്ങള്‍ … പണ്ടുകാലത്ത് നമ്പൂതിരി ഇല്ലങ്ങളിലെ വെടിവട്ട സദസ്സുകള്‍ പോലെയാണ് മിക്കപ്പോഴും കേരളാ നിയമസഭ… അവിടെ കഥകളിയും നടക്കും ..
ചാക്യാര്‍ കൂത്തും നടക്കും… തമാശകള്‍ കണ്ടും കേട്ടും  മാന്യമലയാളികള്‍ക്ക് ആവോളം ചിരിക്കാം.. ചിരിക്കാന്‍ പറ്റാത്തവര്‍ക്ക് കേരളത്തിന്റെ ഭാവിയോര്‍ത്ത് ആശങ്കപ്പെടാം….

**************************************************

കാലങ്ങളുടെ കാത്തിരിപ്പുകള്‍ക്ക് ശേഷം  വിരുന്ന് വന്ന പവര്‍ക്കട്ട് പിള്ളേരുടെ പരീക്ഷാക്കാലം മുന്‍ നിര്‍ത്തി ഇപ്പോള്‍ തല്‍ക്കാലം ഇല്ല. പരീക്ഷ കഴിയും വരേക്ക് ഈ എടങ്ങേറ് നീട്ടിവെച്ചിരിക്കുന്നു എന്ന് വേണ്ടപ്പെട്ടവര്‍ പറഞ്ഞെന്ന് വെച്ച് ഇടക്കിടക്ക് കരന്റ് പോകില്ലെന്ന് ആരും മനസ്സിലാക്കരുത്…. ഇരുട്ടിന്റെ ആത്മാവിനെ തുറന്ന് വിടുന്ന വൈദ്യുതി മന്ത്രിമാരെ പറ്റി മുമ്പൊരിക്കല്‍  വാസ്തവം ബ്ലോഗ് (vasthavamdaily.blogspot.in)എഴുതിയിരുന്നു. അരമണിക്കൂര്‍ വൈദ്യുതി നിലച്ചാല്‍ എന്താ പ്രശ്‌നം എന്നതില്‍ ചോദിക്കുന്നുണ്ട്..
കുട്ടികളുടെ പഠനനിലവാരം തകരും.. അടുക്കള പണികള്‍ മുടങ്ങും..
സര്‍വ്വോപരി ടിവി സീരിയലുകള്‍  അവതാളത്തിലാകും..
പോരാത്തതിന് കള്ളന്‍മാര്‍ അഴിഞ്ഞാടും… ഇമ്മാതിരി ചാനല്‍ വര്‍ത്തമാനങ്ങളിലൊന്നും കഴമ്പില്ലത്രേ… സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന നിലക്ക് പവര്‍ക്കട്ടിനേയും കണ്ടാല്‍ മതി..
പവര്‍ക്കട്ട് കൊണ്ടുള്ള മൂന്ന് ഗുണങ്ങള്‍ വാസ്തവം ബ്ലോഗ് എടുത്ത് പറയുന്നുണ്ട്..

1 തിരക്കിനിടയില്‍ മിണ്ടാന്‍ മറന്നുപോയ അഛന്‍ , അമ്മ, മക്കള്‍ , ചേട്ടന്‍ , ചേച്ചി,  അനിയന്‍ , അനിയത്തി,  എല്ലാവര്‍ക്കും മനസ്സു തുറന്ന് സംസാരിക്കാന്‍ അര മണിക്കൂര്‍ നേരം കിട്ടുന്നു..

2 ഏറെക്കാലമായി ടെലിവിഷന്‍ സീരിയലുകളും റിയാലിറ്റി ഷോകളും തകര്‍ത്തുകളഞ്ഞ സന്ധ്യാ പ്രാര്‍ഥനകള്‍  വീണ്ടും തുടങ്ങാം..

3  കാര്യമായ പുകകളോ ശബ്ദങ്ങളോ അന്നേരം പുറത്തേക്ക് പോകാത്തത് കൊണ്ട് അന്തരീക്ഷമലിനീകരണവും സംഭവിക്കുന്നില്ല…  

*******************************************************
നാസര്‍ ഇരിമ്പിളിയത്തിന്റെ ഫെയ്‌സ്ബുക്ക് എന്ന കവിത അത്യൂജ്വലമാണ്.

ഫെയ്‌സ്ബുക്ക്
_______________

മോളേ..,
ചോറ്റുപാത്രവും ജീരകവെള്ളവും
ബാഗിലുണ്ട്..
എടുത്ത് കഴിക്കണം..
സൂക്ഷിച്ച് പോണം
ഉടുപ്പ് കാറ്റില്‍
സ്ഥാനം തെറ്റുന്നത് നോക്കണം…
മൊബൈല്‍ കണ്ണുകള്‍ മാറി നടക്കണം..
അല്ലെങ്കില്‍ സ്‌കൂളിലെത്തും മുമ്പേ
നീ ഫെയ്‌സ്ബുക്കിലെത്തും..
അത്‌ലൈക്ക് ചെയ്തും
ഷെയര്‍ ചെയ്തും
ലോകം മുഴുവന്‍ ആഘോഷിക്കും..
പിന്നെ കമന്റ്‌സ് കൊണ്ട് പോസ്റ്റ്‌മോര്‍ട്ടവും…

*******************************************************

ആര്യാടന്‍ ഓണ്‍ലൈന്‍ ലോകത്ത് വല്ലാതെ വിചാരണ ചെയ്യപ്പെടുന്ന മന്ത്രിയാണ്.. ഏല്‍പ്പിക്കുന്ന വകുപ്പുകളെല്ലാം പൂട്ടിക്കലാണ് അദ്ദേഹം ചെയ്യുന്ന  ഏക ദൗത്യം എന്ന നിലക്കാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്…  എക്‌സൈസ് വകുപ്പൊക്കെ  ഏല്‍പ്പിക്കാന്‍ പറ്റിയ ആളാണത്രെ അങ്ങേര്.. കള്ളുഷാപ്പും ബാറുകളുമെല്ലാം പൂട്ടിയാല്‍ എത്രയോ കുടുംബങ്ങള്‍ രക്ഷപ്പെടും .. ആര്യാടന് അങ്ങനെയെങ്കിലും  പുണ്യം കിട്ടും എന്നാണ് പലരുടെയും അഭിപ്രായം…

ആര്യാടന്റെ രണ്ടു വകുപ്പുകള്‍ ഏറ്റ്മുട്ടിയപ്പോള്‍ എന്ന ടൈറ്റിലില്‍  ഒരു  ചിത്രം ഇപ്പോള്‍ വല്ലാതെ പ്രചരിക്കുന്നുണ്ട്.. കെ എസ് ആര്‍ ടി സി ബസ് ഒരു പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുന്നതാണ് ചിത്രത്തില്‍ ….

Related Articles