Current Date

Search
Close this search box.
Search
Close this search box.

മുസഫര്‍ നഗര്‍ : അഖിലേഷ് യാദവിനെ ജമാഅത്ത് സെക്രട്ടറിയുടെ കത്ത്

മുസഫര്‍ നഗര്‍ കലാപത്തിനിരയായവര്‍ക്ക് നീതിയും സംരക്ഷണവും ഉറപ്പുവരുത്താനാവശ്യമായ പത്തുകാര്യങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി നുസ്രത്ത് അലി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് എഴുതിയ കത്ത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
ഏതൊരു രാഷ്ട്രത്തിന്റെയും ജനകീയതയും പുരോഗതിയും പൗരന്മാര്‍ക്കിടയിലുള്ള പരസ്പര സ്‌നേഹത്തെയും സാമുദായിക സൗഹാര്‍ദ്ദത്തെയും ആസ്പദമാക്കിയാണെന്നതിനെ കുറിച്ച് താങ്കള്‍ ബോധവാനാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. സാമുദായിക സംഘര്‍ഷങ്ങളും കലാപങ്ങളും രാജ്യത്തെ പുറകോട്ട് നയിക്കുമെന്നത് ഒരു യാഥാര്‍ഥ്യമാണ്. മുസഫര്‍ നഗറില്‍ ഉണ്ടായ വര്‍ഗീയ കലാപം അശുഭകരമായ ഒരു സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുള്ളത്. സമാധാന കാംക്ഷികളായ ജനങ്ങള്‍ക്കിടയില്‍ ഇത് വലിയ ഉത്കണ്ഠയുണ്ടാക്കിയിട്ടുണ്ട്. കലാപം കഴിഞ്ഞു നാല് മാസം കഴിഞ്ഞിട്ടും ക്രിയാത്മകമായ വല്ല മാറ്റവും ഉണ്ടാകുന്നതിനു പകരം അന്തരീക്ഷം ദിനേന വഷളമായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ താഴെ വിവരിക്കുന്ന ആവശ്യങ്ങളില്‍ ഭരണകൂടം അടിയന്തരമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

1. കലാപത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് സമഗ്രമായ സര്‍വെ നടത്തുകയും ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം. കലാപത്തിനിടയില്‍ നിരവധി പേര്‍ കാണാതായിട്ടുണ്ടെന്ന് ഭരണകൂടം തന്നെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ കുടുംബങ്ങളിലേക്ക് തിരിച്ചുവന്നിട്ടില്ല. അവരെ കുറിച്ചും അന്വേഷണം നടത്തി ആവശ്യമായ നടപടികളെടുക്കണം.

2. തകര്‍ക്കപ്പെട്ട വീടുകള്‍, കൃഷിയിടങ്ങള്‍, നഷ്ടപ്പെട്ട കാലികള്‍ എന്നിവയെ കുറിച്ചെല്ലാം സര്‍വെ നടത്തി ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക.
3. നഷ്ടപരിഹാരം നല്‍കുന്നതോടൊപ്പം തന്നെ വീടുപേക്ഷിക്കേണ്ടിവന്നവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയും അവര്‍ക്കാവശ്യമായ സുരക്ഷ അവിടങ്ങളില്‍ ഉറപ്പ് വരുത്തുകയും ചെയ്യുക.
4.കലാപത്തിനിരയായവര്‍ക്ക് ഭരണകൂടം 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതോടൊപ്പം അവരുടെ സ്വവസതികളിലേക്ക് മടങ്ങാനുള്ള അവകാശം വേണ്ടെന്ന് വെക്കുകയുമാണ് ചെയ്തത്. ഇരകള്‍ക്ക് തങ്ങളുടെ വീടുകള്‍ എന്നെന്നേക്കുമായി അപഹരിക്കുന്ന അവസ്ഥ തെറ്റായ കീഴവഴക്കങ്ങള്‍ക്ക് വഴിയൊരുക്കും. പ്രദേശത്തിന്റെ സാമുദായിക സൗഹാര്‍ദ്ധം ഇല്ലാതാക്കുന്ന ഇത്തരം നടപടി ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളുളവാക്കുമെന്നതിനാല്‍ അവ പുനപരിശോധിക്കണം.
 
5.ചില ഗ്രാമങ്ങളില്‍ ആരാധന കേന്ദ്രങ്ങളും മതകലാലയങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഭരണകൂടം അവ ഉടന്‍ തന്നെ പുനര്‍നിര്‍മിക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യണം.
6. കലാപത്തിനിടയില്‍ മാനഭംഗത്തിനിരയാക്കപ്പെട്ട സ്ത്രീകള്‍ക്ക് നീതി നടപ്പാക്കുന്നതില്‍ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയും വേണം.
7. കലാപം നടത്താന്‍ പ്രേരിപ്പിക്കുകയും നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. നീതി സാക്ഷാല്‍കരിക്കുന്നതിലൂടെ മാത്രമേ സാമൂഹ്യവിരുദ്ധമായ ചെയ്തികളെ ഇല്ലാതാക്കി സമാധാന അന്തരീക്ഷം വീണ്ടെടുക്കാന്‍ കഴിയുകയുള്ളൂ.
8. വര്‍ഗീയാന്തരീക്ഷം ഇല്ലാതാക്കാനും നല്ല ഭാവിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിഭാഗങ്ങളെയും ഗവണ്‍മെന്റ് പിന്തുണക്കുകയും പ്രേത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
9. കലാപ ബാധിത പ്രദേശത്തെ നല്ല മനസ്‌കരെ ഒരുമിച്ചുകൂട്ടി സൗഹാര്‍ദ്ധ കമ്മറ്റികള്‍ക്കു രൂപം നല്‍കുകയും ജനങ്ങള്‍ക്കിടയില്‍ സഹിഷ്ണുതയും സ്‌നേഹവും പ്രസരിപ്പിക്കുവാനും ശ്രമിക്കുക.
10. ജനങ്ങളുടെ ജീവനും സ്വത്തും ഭീകരമായ രീതിയില്‍ അപഹരിക്കാനിടവരുത്തുന്ന രീതിയില്‍  ഉദാസീന സമീപനം കൈക്കൊള്ളുകയും ഉത്തരവാദിത്ത നിര്‍വണത്തില്‍ വീഴ്ച വരുത്തുകയും ചെയ്ത ഓഫീസര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

ജമാഅത്തെ ഇസ്‌ലാമി കലാപത്തിനിരയായവര്‍ക്ക് സഹായവും ചികിത്സയും എത്തിക്കുകയും സാമുദായിക സൗഹാര്‍ദ്ധം തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തുവരുന്നു. സന്നദ്ധസേവകര്‍ കാമ്പുകളില്‍ ഇപ്പോഴും സജീവമാണ്. ജമാഅത്ത് പ്രതിനിധികള്‍ കലാപബാധിത പ്രദേശം സന്ദര്‍ശിക്കുകയും സമാധാനപരമായ സാഹചര്യം തിരിച്ചുകൊണ്ടുവരാനും സൗഹാര്‍ദ്ദം നിലനിര്‍ത്താനുമാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായും ഭരണകൂടം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ടുള്ള ഈ കത്തെഴുതുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രസ്തുത വിഷയത്തില്‍ താങ്കളുടെ സജീവ പരിഗണനയുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷെ, ആക്രമണവും മരണവും ഭയന്ന് ജനങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങാതിരിക്കുക, കടുത്ത തണുപ്പില്‍ നിരവധി കുട്ടികള്‍ അഭയാര്‍ഥി കാമ്പുകളില്‍ മരണമടയുക, കുറ്റവാളികള്‍ ഇപ്പോഴും സൈ്വരവിഹാരം നടത്തുക തുടങ്ങിയ സാധാരണക്കാരില്‍ ഉത്കണ്ഠയുളവാക്കുന്ന ഭീതിദായകമായ അവസ്ഥയാണ് നിലവിലുള്ളത്. അതിനാല്‍ ജനക്ഷേമത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനും ആവശ്യമായ പ്രസ്തുത കാര്യങ്ങള്‍ ഭരണകൂടത്തിന്റെ സജീവ പരിഗണനയിലുണ്ടാകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
എന്ന്,
നുസ്രത്ത് അലി( ജനറല്‍ സെക്രട്ടറി,ജമാഅത്തെ ഇസ്‌ലാമി)

Related Articles