Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അനുകൂല പേജുകള്‍ നീക്കം ചെയ്ത ഫേസ്ബുക്ക് നടപടിക്കെതിരെ ഹമാസ്

ഗസ്സ: ഫലസ്തീന്‍ ആക്റ്റിവിസ്റ്റുകളുടെ ഡസന്‍കണക്കിന് അകൗണ്ടുകളും ഹമാസ് അനുകൂല പേജുകളും ബ്ലോക്ക് ചെയ്ത ഫേസ്ബുക്ക് നടപടിയില്‍ ഹമാസ് കടുത്ത പ്രതിഷേധമറിയിച്ചു. ഹമാസിനെ അനുകൂലിക്കുന്ന 90 പേജുകളും, 30 വ്യക്തിഗത അകൗണ്ടുകളും ഫേസ്ബുക്ക് ബ്ലോക്ക് ചെയ്‌തെന്ന് ഹമാസ് വക്താവ് ഹുസാം ബദ്‌റാന്‍ പറഞ്ഞു. ‘ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ ചീഫ് യഹ്‌യ അയ്യാശിന്റെ 21-ാം രക്തസാക്ഷിത്വത്തോടനുബന്ധിച്ചാണ് ഫേസ്ബുക്കിന്റെ ഇപ്പോഴത്തെ നടപടി,’ ബദ്‌റാന്‍ കൂട്ടിച്ചേര്‍ത്തു.
1996-ല്‍ ശിമോണ്‍ പെരസ് അധികാരത്തിലിരിക്കുന്ന സമയത്താണ് യഹ്‌യ അയ്യാശ് വധിക്കപ്പെടുന്നത്. ഇസ്രായേലികള്‍ക്കെതിരെ നടന്ന ചാവേര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ അയ്യാശാണെന്ന സംശയത്തിന്റെ പേരിലാണ് ഇസ്രായേല്‍ അധികൃതര്‍ അദ്ദേഹത്തെ വധിച്ചത്. ഹമാസ് അനുകൂലികള്‍ക്കിടയില്‍ ‘എഞ്ചനീയര്‍’ എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഇസ്രായേല്‍ അധിനിവേശ നയങ്ങളുമായുള്ള ഫേസ്ബുക്ക് മാനേജ്‌മെന്റിന്റെ അടുത്ത ബന്ധമാണ് ഇത് വെളിവാക്കുന്നതെന്നും, മറ്റു കാര്യക്ഷമമായ ബദര്‍മാര്‍ഗങ്ങള്‍ ഫലസ്തീനികള്‍ തേടേണ്ടതുണ്ടെന്നും ബദ്‌റാന്‍ വ്യക്തമാക്കി. ഇസ്രായേലിനെതിരെയുള്ള ഫലസ്തീന്‍ അനുകൂല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇസ്രായേല്‍ അധികൃതരെ സഹായിക്കുന്ന ‘ഫേസ്ബുക്ക് ബില്‍’ ഇസ്രായേല്‍ പാര്‍ലമെന്റ് അടുത്തിടെ അവതരിപ്പിച്ചിരുന്നു.
അതേസമയം, ഫേസ്ബുക്ക് ബില്‍ കൊണ്ടുവരുന്നതിന് പൊതുസുരക്ഷ മന്ത്രി ഗലിദ് എര്‍ദിനോടൊപ്പം ഉണ്ടായിരുന്ന തീവ്രവലതുപക്ഷക്കാരിയായ നീതികാര്യ മന്ത്രി അയ്‌ലെത് ശാകെദ്, ഫലസ്തീന്‍ ഉമ്മമാരെ കൊന്ന് കളയാന്‍ ഫേസ്ബുക്കിലൂടെ നിരന്തരം ആഹ്വാനം ചെയ്തിരുന്നു. മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഫലസ്തീനികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയുള്ള ആഹ്വാനങ്ങള്‍ ഫേസ്ബുക്കിലൂടെ നടത്തി കൊണ്ടിരിക്കുമ്പോള്‍, ഇസ്രായേലികള്‍ക്കെതിരെ ‘ഭീകരവാദം’ പ്രോത്സാഹിപ്പിക്കുന്ന ഫലസ്തീനികളുടെ പോസ്റ്റുകള്‍ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്യാത്തതിലാണ് ഇസ്രായേല്‍ അധികൃതരുടെ പരാതി.
അമേരിക്കക്കാര്‍ക്കെതിരെയും, ഇസ്രായേലികള്‍ക്കെതിരെയും ആക്രമണം നടത്താനുള്ള ഫലസ്തീന്‍ ചെറുത്ത്‌നില്‍പ്പ് പ്രസ്ഥാനമായ ഹമാസിന്റെ പദ്ധതിക്ക് ഫേസ്ബുക്ക് ഇടം അനുവദിച്ചു എന്നാരോപിച്ച് കൊണ്ട് 1 ബില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു ഇസ്രായേലി അഡ്വേക്കറ്റ് ജൂലൈയില്‍ കേസ് ഫയല്‍ ചെയ്യുകയുണ്ടായി.
ഫലസ്തീന്‍ അനുകൂല ഫേസ്ബുക്ക് ഉള്ളടക്കങ്ങള്‍ക്കെതിരെയുള്ള ഇസ്രായേല്‍ സര്‍ക്കാറിന്റെ പരാതികളില്‍ 95 ശതമാനത്തിന്റെ മേലും ഫേസ്ബുക്ക് നടപടിയെടുത്തിട്ട് പോലും ഫേസ്ബുക്കിനെതിരെയുള്ള ആരോപണങ്ങള്‍ ഇസ്രായേല്‍ തുടരുകയാണ്.

Related Articles