Current Date

Search
Close this search box.
Search
Close this search box.

പുരാതന ഗേഹത്തിലേക്കുള്ള യാത്ര

സ്വര്‍ഗത്തിന്റെ പരിമളം അടിച്ചു വീശി. ദൈവത്തിന്റെ വിളിക്കുത്തരം നല്‍കി നാനാഭാഗങ്ങളില്‍ നിന്നും പറപ്പെട്ട ദാസന്മാരെ അത് ആലിംഗനം ചെയ്തു. അവര്‍ ആ പുരാതന ഗേഹത്തിലേക്ക് മുഖം തിരിച്ചു. പരമകാരുണികന് വേണ്ടി ഹൃദയം സമര്‍പിച്ചു. അല്ലാഹു അടിമകളില്‍ നിന്നും കര്‍മങ്ങള്‍ സ്വീകരിക്കുന്ന ആ മഹത്തായ ഹജ്ജ് മാസത്തില്‍. ‘പ്രഭാതം സാക്ഷി. പത്തു രാവുകള്‍ സാക്ഷി. ഇരട്ടയും ഒറ്റയും സാക്ഷി. രാവു സാക്ഷി അതു കടന്നുപോയിക്കൊണ്ടിരിക്കെ.’ (അല്‍ഫജ്ര്! 13)
പ്രകാശവും സുവിശേഷവും കൊണ്ട് കിരീടമണിഞ്ഞ്, ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ത്തി, നാവുകളില്‍ പ്രകീര്‍ത്തനം ഉരുവിട്ട്, നന്മ സമ്പാദിച്ച്, നിശ്ചയദാര്‍ഢ്യം നേടിയെടുത്ത് ഈ ദിനങ്ങളെ മുതലെടുത്തവന്ന് മംഗളം. ഞങ്ങളേ വിട്ടേക്കൂ, ഏറ്റവും മനോഹരമായ ആ നിമിഷങ്ങളില്‍ മുഴുകട്ടെ ഞങ്ങള്‍.. സ്വീകാര്യമായ ഹജ്ജ്, പ്രതിഫലാര്‍ഹമായ സഅ്‌യ്, നഷ്ടം വരാത്ത കച്ചവടം തന്നെയാണവ.
ദൈവത്തിന് മുന്നില്‍ ത്യാഗങ്ങള്‍ സമര്‍പ്പിക്കപ്പെടുന്ന മഹത്തായ മാസം. മുസ്‌ലിംകളുടെ വര്‍ഷം അവസാനിക്കുന്ന ഏറ്റവും വലിയ നന്മയുടെ താവളം. തങ്ങളുടെ ആത്മാവിനെ പാപങ്ങളില്‍ നിന്ന് കഴുകി വൃത്തിയാക്കി പിറന്ന് വീണ കുഞ്ഞിന്റെ പരിശുദ്ധിയോടെ കടന്ന് വരുന്ന ദൈവദാസന്‍മാര്‍. അവരെ സ്വീകരിക്കുന്നതോ, പാപമോചനവും വിശാലമായ സ്വര്‍ഗീയാരമവും.
ശേഷിയുള്ളവര്‍ ജീവിതത്തിലൊരിക്കല്‍ ഹജ്ജ് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. ഹിജ്‌റ ഒമ്പതാം വര്‍ഷമാണ് അത് നിയമമാക്കപ്പെട്ടത്. ഖുര്‍ആന്‍ പറയുന്നു ‘ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ ധിക്കരിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്.’  (ആലുഇംറാന്‍ 97)
ഇസ്‌ലാമിന്റെ അഞ്ചാമത്തെ സ്തംഭമാണ് ഹജ്ജ്. വിശുദ്ധ ഖുര്‍ആനും, തിരുസുന്നത്തും അത് നിര്‍ബന്ധമാണെന്നതില്‍ യോജിച്ചിരിക്കുന്നു. വളരെ ശ്രേഷ്ഠകരമായ കര്‍മമാണത്. ദൈവമാര്‍ഗത്തിലെ സമരത്തിന്റെ പ്രതിഫലമാണ് ഹജ്ജ് നിര്‍വഹിക്കുന്നവന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. അവന്റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയും, പാപങ്ങള്‍ പൊറുത്തു നല്‍കുകയും ചെയ്യുന്നു. അബൂ ഹുറൈറയില്‍ നിന്ന് നിവേദനം. പ്രവാചകന്‍(സ) അരുളി. ‘ഏറ്റവും ഉന്നതമായ കര്‍മം അല്ലാഹുവിലും അവന്റെ പ്രവാചകനിലും ഉള്ള വിശ്വാസമാണ്. പിന്നീട് ദൈവമാര്‍ഗത്തിലെ സമരമാണ്. ശേഷം വരുന്നത് പുണ്യകരമായ ഹജ്ജും’.

ശരിയായ വിധത്തില്‍ ഹജ്ജ് നിര്‍വഹിച്ച് മടങ്ങി വരുന്നവന്‍ പിറന്ന് വീണ കുഞ്ഞിനെപ്പോലെയാണെന്ന് നബി തിരുമേനി(സ) വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു ഹജ്ജ് നിര്‍വഹിക്കുന്നവനും, അവന്‍ ആര്‍ക്ക് വേണ്ടിയാണോ പ്രാര്‍ത്ഥിക്കുന്നത് അവന്നും പാപങ്ങള്‍ പൊറുത്ത് നല്‍കുന്നതാണ്.
ഹജ്ജ് യാത്രക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് പരമപ്രധാനമാണ്. അല്ലാഹുവിന് വേണ്ടി മാത്രം ഹൃദയം സമര്‍പ്പിച്ച്, ധാരാളം നന്മകള്‍ ചെയ്ത് ഹജ്ജിനെ വരവേല്‍ക്കാനൊരുങ്ങേണ്ടതുണ്ട്. ദൈവത്തിനോട് സംഭവിച്ച വീഴ്ചകള്‍ക്ക് പാപമോചനം തേടി ഹൃദയം വൃത്തിയാക്കണം. സഹപ്രവര്‍ത്തകരോടുള്ള സകല ബാധ്യതകളും പൂര്‍ത്തീകരിക്കുകയും, വസ്വിയ്യത്ത് എഴുതുകയും വേണം. മടങ്ങി വരുന്നത് വരെ ആശ്രിത കുടുംബത്തിന് ആവശ്യമായ സാമ്പത്തിക ചെലവുകള്‍ ഒരുക്കിക്കൊടുക്കണം.

ഹജ്ജിന് അല്ലാഹു നിര്‍ണയിച്ച സവിശേഷമായ മാസങ്ങളില്‍ അതിനായി പുറപ്പെടണം. ദുല്‍ ഹുലൈഫ, ജുഹ്ഫ, ഖറനുല്‍ മനാസില്‍, യലംലം തുടങ്ങിയ നാല് മീഖാത്തുകളിലൊന്നില്‍ നിന്ന് ഇഹ്‌റാമില്‍ പ്രവേശിക്കണം. അവിടെ നിന്നാണ് ഹജ്ജെന്ന മഹത്തായ ആരാധനാ ലോകത്തേക്ക് അവന്‍ പ്രവേശിക്കുന്നത്.

വിവ: അബദുല്‍ വാസിഅ് ധര്‍മഗിരി

Related Articles