Current Date

Search
Close this search box.
Search
Close this search box.

എന്ത്‌കൊണ്ട് നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുന്നില്ല?

എത്ര പ്രാര്‍ഥിച്ചിട്ടും ഉത്തരം കിട്ടുന്നില്ലല്ലോ? ഇത് പലരില്‍ നിന്നും കേള്‍ക്കുന്ന നിരാശയോടെയുള്ള വാക്കുകളാണ്. പ്രാര്‍ഥനക്കു ഉത്തരം നല്‍കാമെന്ന് അല്ലാഹു പറഞ്ഞിട്ടും എന്തു കൊണ്ടാണ് പ്രാര്‍ഥനകള്‍ക്ക് ഉത്തരമില്ലാതെ പോവുന്നത്?
ആളുകള്‍ പ്രയാസങ്ങളോ പ്രതിസന്ധികളോ വരുമ്പോള്‍ മാത്രം അല്ലാഹുവോട് പ്രാര്‍ഥിക്കുകയും അവനെ ഓര്‍ക്കുകയും ചെയ്യുന്നത് സാധാരണാണ്. അനുഗ്രഹങ്ങളുടെയും സുഭിക്ഷതയുടെയും വേളകളില്‍ അവനെ ഓര്‍ക്കാതിരിക്കുകയും തോന്നിയതു പോലെ ജീവിക്കുകയും ചെയ്യുന്നവര്‍ പെട്ടെന്നൊരു ഘട്ടത്തില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും, പ്രാര്‍ഥനയൊന്നും അല്ലാഹു കേളള്‍ക്കുന്നില്ലെന്ന് വിലപിക്കുകയും ചെയ്യുന്നു.
അല്ലാഹു പറയുന്നത് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. ‘നിങ്ങളുടെ നാഥന്‍ പറയുന്നു: എന്നോട് പ്രാര്‍ഥിക്കുവിന്‍; ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കാം. ഗര്‍വിഷ്ഠരായി എന്റെ ഇബാദത്തില്‍നിന്ന് പിന്തിരിയുന്നവര്‍, തീര്‍ച്ചയായും നിന്ദിതരും നികൃഷ്ടരുമായി നരകത്തില്‍ കടക്കുന്നതാകുന്നു.’ (40:60)

ഈ ആയത്തിലൂെട അല്ലാഹു വാഗ്ദാനം ചെയ്യുന്നത് ആര്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നുവോ അവര്‍ക്ക് അല്ലാഹു ഉത്തരം നല്‍കുമെന്നാണ്. അല്ലാഹുവാകട്ടെ അവന്റെ കരാറുകള്‍ ലംഘിക്കുകയില്ലതാനും. പിന്നെ എന്തു കൊണ്ടായിരിക്കും ഉത്തരം ലഭിക്കാത്തത്?
ഇനിനുള്ള മറുപടി വ്യക്തമാണ്. ഉത്തരം ലഭിക്കാന്‍ ചില നിബന്ധനകളുണ്ട്. അത് പാലിക്കപ്പെടല്‍ അനിവാര്യമാണ്.

അതിലൊന്ന് അല്ലാഹുവിനോട് അങ്ങേയറ്റത്തെ ആത്മാര്‍ഥയോടെ(ഇഖ്‌ലാസ്) പ്രാര്‍ഥനകള്‍ നിര്‍വഹിക്കുക എന്നതാണ്.  ഹൃദയസാന്നിദ്ധ്യത്തോടും സത്യസന്ധതയോടും പ്രതീക്ഷയോടും കൂടിവേണം പ്രാര്‍ഥന നിര്‍വഹിക്കാന്‍. രണ്ടാമത്തേത് പ്രാര്‍ഥിക്കപ്പെടുന്ന വിഷയവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യന്‍ തന്റെ പ്രാര്‍ഥനകളെ കുറിച്ചു ബോധവാനാവേണ്ടതുണ്ട്. പ്രാര്‍ഥനകള്‍ ആവശ്യത്തിന് വേണ്ടിയോ അനിവാര്യമായ കാര്യങ്ങള്‍ക്ക് വേണ്ടിയോ ചെയ്യുന്നതെന്ന് അവന്‍ തിരിച്ചറിയേണ്ടതുണ്ട്.
മൂന്നാമത്തേത്  പ്രാര്‍ഥിക്കുന്നവന്റെ ജീവിതവിശുദ്ധിയുമാണ്. പ്രാര്‍ഥന സ്വീകാര്യമാവുന്ന വിഷയത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇത്. ഒരാള്‍ ഭക്ഷിച്ചു കൊണ്ടിരിക്കുന്നവ ഹറാമായാല്‍ അയാളുടെ പ്രാര്‍ഥന അസ്വീകാര്യമാണെന്ന് പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്.

പ്രവാചകന്‍ (സ) പറഞ്ഞു: അല്ലാഹു നല്ലവനാണ്. അവന്‍ നല്ലതല്ലാതെ ഒന്നും സ്വീകരിക്കുകയില്ല. നിശ്ചയമായും അല്ലാഹു പ്രവാചകന്മാരോട് കല്‍പിച്ച പോലെ തന്നെ വിശ്വാസികളോട് കല്‍പ്പിക്കുന്നു. അല്ലാഹു പറയുന്നു: ‘അല്ലയോ വിശ്വാസികളേ, നിങ്ങള്‍ യഥാര്‍ഥത്തില്‍, അല്ലാഹുവിന് മാത്രം അടിമപ്പെടുന്നവരാണെങ്കില്‍, നാം നിങ്ങള്‍ക്കേകിയ ഉത്തമ വിഭവങ്ങള്‍ മനപ്രയാസമന്യെ ആഹരിക്കുകയും അല്ലാഹുവിന് നന്ദി കാണിക്കുകയും ചെയ്യുക.’ (2:172)
‘അല്ലയോ ദൂതരെ, നിങ്ങള്‍ നിങ്ങള്‍ ഉല്‍കൃഷ്ടമായതില്‍ നിന്നും ഭക്ഷിക്കുകയും സല്‍കര്‍മങ്ങളനുഷ്ടിക്കുകയും ചെയ്യുക’  (23:51)

പിന്നീട് പ്രവാചകന്‍(സ) ഒരു മനുഷ്യനെ കുറിച്ച് ഓര്‍മിപ്പിച്ചു. ‘ദീര്‍ഘ യാത്ര കഴിഞ്ഞ് ജടപിടിച്ച മുടിയും പൊടിപുരണ്ട ശരീരവുമായി ‘എന്റെ നാഥാ, എന്റെ നാഥാ’ എന്നു വിളിച്ചു അയാള്‍ മാനത്തേക്ക് കൈ ഉയര്‍ത്തി പ്രാര്‍ഥിക്കുകയാണ്. അദ്ദേഹത്തിന്റെ ഭക്ഷണം ഹറാമാണ്. വസ്ത്രം ഹറാമാണ്. അദ്ദേഹം ഊട്ടപ്പെട്ടതും ഹറാമിലാണ്. എന്നിട്ട് പ്രവാചകന്‍ (സ) ചോദിക്കുന്നു: പിന്നെ എങ്ങനെയാണ് അയാള്‍ക്ക് ഉത്തരം ലഭിക്കുക?

അയാള്‍ക്ക് ഉത്തരം ലഭിക്കാത്തതിന്റെ കാരണം പ്രവാചകന്‍ വിവരിക്കുകയുണ്ടായി. ജീവിതത്തില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കാതെ ജീവിക്കുന്നതിനാലാണ് തോന്നിയ പോലെ ജീവിക്കുന്നത്. ജീവിതത്തില്‍ ദൈവിക കല്‍പനകള്‍ പാലിക്കാതെയും അവന്റെ വിധിവിലക്കുകള്‍ പരിഗണിക്കാതെയും ഒരാള്‍ ജീവിക്കുന്നുവെങ്കില്‍ പിന്നെ എങ്ങിനെ അല്ലാഹു അവരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കും.

ബാഹ്യമായ രീതിയില്‍ നോക്കുകയാണെങ്കില്‍ അല്ലാഹുവിലേക്ക് കൈ ഉയര്‍ത്തുകയും ‘യാ റബ്ബ്’ എന്ന് വിളിക്കുകയും പരിക്ഷീണിതനായി പ്രാര്‍ഥികയും ചെയ്തു കൊണ്ടിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ ഉത്തരം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ പ്രവാചകന്‍ അയാളുടെ ജീവിതരീതി വെച്ചു പറയുന്നത് അയാള്‍ക്കെങ്ങിനെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുമെന്നാണ്.  

പ്രവാചകന്‍ (സ) ഒരിക്കല്‍ പറയുകയുണ്ടായി. ‘നിങ്ങളിലാര്‍ക്കെങ്കിലും ഉത്തരം ലഭിക്കണമെങ്കില്‍ അവന്‍ ധൃതികൂട്ടരുത്’ അപ്പോള്‍ അവര്‍ ചോദിച്ചു. എങ്ങനെയുള്ള ധൃതിയാണ് ഉദ്ദേശിച്ചത്. ഞാന്‍ പ്രാര്‍ഥിച്ച്, പ്രാര്‍ഥിച്ച്… എത്ര പ്രാര്‍ഥിച്ചിട്ടും എനിക്ക് ഉത്തരം കിട്ടുന്നില്ല എന്ന ചിന്തയാണ് അത്.
മനുഷ്യര്‍ക്ക് പ്രാര്‍ഥനക്ക് ഉത്തരം കിട്ടാന്‍ അല്‍പം സാവകാശം വേണ്ടതാണ്.  അല്ലാതെ ഒരിക്കല്‍ ഉത്തരം ലഭിക്കാത്തതിന്റെ പേരില്‍ നിരാശരാവരുത്.  യഥാര്‍ഥത്തില്‍ ഓരോ പ്രാര്‍ഥനയും ഇബാദത്താണ്. പരലോകത്ത് ധാരാളം പ്രതിഫലം ലഭിക്കുന്ന ആരാധനയായി അത് മാറ്റപ്പെടുകയും ചെയ്യുന്നു. ഇനി നിബന്ധനകള്‍ പൂര്‍ത്തിയായായാല്‍ തന്നെ വിവിധ രീതിയിലാണ് പ്രാര്‍ഥനകള്‍ക്ക് മറുപടിയുണ്ടാവുക. അത് ഒരിക്കലും  വൃഥാവിലായിത്തീരുകയില്ല. നേര്‍ക്ക് നേരെ തന്നെ അതിന് ഉത്തരം ലഭിക്കുകയോ, അല്ലെങ്കില്‍ മറ്റൊരു നന്മയായി അത് അയാള്‍ക്ക് ലഭിക്കുകയോ തന്നില്‍ നിന്നും ഒരു ദുരിതം അതുമുഖേനെ നീക്കം ചെയ്യപ്പെടുകയോ സംഭവിച്ചേക്കാം.

വിവ: സുഹൈറലി തിരുവിഴാംകുന്ന്

Related Articles