Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക നാഗരികതയുടെ സവിശേഷതകള്‍

മനുഷ്യചരിത്രത്തില്‍ ഉല്‍ഭൂതമായ നാഗരികതകളില്‍ ഇസ്‌ലാമിക നാഗരികത സവിശേഷമായ സ്ഥാനം വഹിക്കുന്നു. പ്രായത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതും ലോകനാഗരികതകളെ ഏറ്റവും സ്വാധീനിച്ചതും ഇതുതന്നെ. മനുഷ്യകേന്ദ്രീകൃതവും സാര്‍വലൗകികവുമാണ് അതെന്നതാണ് വ്യതിരിക്തത. മനുഷ്യന്റെ ഏകത്വവും ആദരണീയതയും ഖുര്‍ആന്‍ ഉല്‍ഘോഷിക്കുന്നതായി കാണാം. ‘മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളനന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.’ (അല്‍ ഹുജുറാത്ത്: 13).

ഇസ്‌ലാം എത്തിപ്പെട്ട എല്ലാ നാഗരികതകളിലും തങ്ങള്‍ ഒരൊറ്റ സമൂഹമാണെന്ന ഉന്നതമായബോധം പകര്‍ന്നു നല്‍കുകയുണ്ടായി. എല്ലാ നാഗരികതയിലും വളര്‍ന്ന പ്രതിഭകളെ അത് ഉള്‍ക്കൊള്ളുകയും അവരുടെ കഴിവുകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്തു. അബൂ ഹനീഫ, മാലിക്, ശാഫി, അഹ്്മദ്, ഖലീല്‍, സീബവൈഹി, കിന്‍ദി, ഗസാലി, ഫാറാബി, ഇബ്‌നു റുഷ്ദ് തുടങ്ങിയ പ്രതിഭകള്‍ അവരുടെ ദേശവും സ്ഥലവും തികച്ചും ഭിന്നമായിട്ടും ഇസ്‌ലാമിക നാഗരികതയിലെ മഹിത സംഭാവനയായിട്ടാണ് അവയെല്ലാം വ്യവഹരിക്കപ്പെടുന്നത്. അതു തന്നെയാണ് ഇസ്‌ലാമിന്റെ സാര്‍വലൗകികതയും.

റോമന്‍ നാഗരികത അതിന്റെ സാമ്രാജ്യത്വ നടപടികളാല്‍ കുപ്രസിദ്ധിയാര്‍ജിച്ചതാണ്. റോമക്കാര്‍ക്ക് നല്‍കിയിരുന്ന അവകാശങ്ങളൊന്നും തന്നെ അതിന്റെ കീഴിലുള്ള രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്ക് അനുവദിച്ചിരുന്നില്ല. മാത്രമല്ല, മറ്റുരാഷ്ട്രങ്ങളിലുള്ളവരെ അപരിഷ്‌കൃതരായ ബാര്‍ബറുകളായാണ് അവര്‍ കണ്ടിരുന്നത്. ഭൂമിശാസ്ത്രപരമായി മനുഷ്യര്‍ക്കിടയില്‍ വിവേചനമേര്‍പ്പെടുത്തുന്നതിനെതിരെ ഇസ്‌ലാം ശക്തമായി രംഗത്തുവന്നു. തപാലാപ്പീസുകള്‍ പോലുള്ള കേന്ദ്രങ്ങളില്‍ എത്തുന്ന അന്യദേശക്കാര്‍ക്ക് വിശ്രമിക്കാനും വാഹനങ്ങള്‍ നിര്‍ത്താനും തീറ്റകള്‍ നല്‍കാനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പാടു ചെയ്തതായി കാണാം. മുസ്‌ലിങ്ങളുടെ ഉന്നതമായ ഈ സാഹോദര്യത്തെപറ്റി അലസ്തഖരി രേഖപ്പെടുത്തുന്നു. ‘മാവറാഅന്നഹ്‌റിലെ ജനങ്ങള്‍ ഒരു വീട്ടില്‍ താമസിക്കുന്നതു പോലെ കഴിഞ്ഞിരുന്നു. അവിടെ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും സ്വന്തം വീട്ടില്‍ പ്രവേശിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടിരുന്നത്’. ദേശീയതയിലും വംശീയതയിലും രൂപപ്പെടുത്തിയിട്ടുള്ള എല്ലാ നാഗരികതകളില്‍ നിന്നും ഇസ്‌ലാമിക നാഗരികത സവിശേഷമാകുന്നത് അതിന്റെ സാര്‍വലൗകികത കൊണ്ടാണ്.

ഇസ്‌ലാം ഒരു മാനവ നാഗരികത
ജനങ്ങളെ വര്‍ഗ-വര്‍ണ പക്ഷപാതിത്വങ്ങളില്‍ നിന്നും സംസ്‌കരിച്ച് നീതിയും സാഹോദര്യവുമാണ് മനുഷ്യര്‍ക്കിടയില്‍ സംജാതമാകേണ്ടതെന്ന് ഇസ്‌ലാം ഉല്‍ഘോഷിക്കുകയുണ്ടായി. ദൈവഭക്തിയുള്ളവരാണ് അല്ലാഹുവിങ്കല്‍ ഏറ്റവും ഉത്തമര്‍ എന്ന ഖുര്‍ആനിക അധ്യാപനം ഇതാണ് മുന്നോട്ട് വെക്കുന്നത്. മനുഷ്യരെല്ലാം ആദമിന്റെ പുത്രന്മാരാണ് , ആദം സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നാണ്. അറബിക്കും അനറബിക്കും വെളുത്തവനും കറുത്തവനുമിടയില്‍ ശ്രേഷ്ടത ദൈവബോധത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രവാചകന്‍ തന്റെ വിഖ്യാതമായ അറഫയിലെ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ വിളംബരം ചെയ്യുകയുണ്ടായി. പള്ളിയില്‍ ദൈവത്തിന്റെ മുമ്പില്‍ കറുത്തവനും വെളുത്തവനും തമ്മില്‍ ഒരു വ്യത്യാസമില്ലാതെ ഒരുപോലെ കുമ്പിടുന്നതായി നമുക്ക് കാണാം. ഹജ്ജില്‍ എല്ലാവരും ഒരേ വസ്ത്രമണിഞ്ഞ് ഐക്യത്തോടും സാഹോദര്യത്തോടും വര്‍ത്തിക്കുന്നതായി കാണാം. മക്കാവിജയ വേളയില്‍ കറുത്തവംശജനായ ബിലാലിനെ ബാങ്കൊലി മുഴക്കാന്‍ പ്രവാചകന്‍ നിയോഗിക്കുന്നതായി കാണാം. അബൂദര്‍റ്(റ) പ്രവാചകന് വളരെ പ്രിയപ്പെട്ടവനായിട്ടുപോലും മറ്റൊരു സഹാബിയെ കറുത്തവന്റെ പുത്രാ എന്നഭിസംബോധന ചെയ്തതിന്റെ പേരില്‍ ശക്തമായി ആക്ഷേപിക്കുകയുണ്ടായി. നിന്നില്‍ ജാഹിലിയ്യത്തിന്റെ സംസ്‌കാരമുണ്ടെന്ന് പ്രവാചകന്‍(സ) അദ്ദേഹത്തോട് വിവരിക്കുകയുണ്ടായി.  ഇതാണ് ഇസ്‌ലാമിക നാഗരികതയും ജാഹിലിയ്യത്തിന്റെ നാഗരികതയും തമ്മിലുള്ള വ്യത്യാസം. അറിവും തിരിച്ചറിവുമാണ് ഔന്നിത്യത്തിന്റെ മാനദണ്ഡം. സാഹിത്യകാരന്മാര്‍ക്കും കവികള്‍ക്കും പണ്ഡിതന്മാര്‍ക്കും അവരുടെ തൊലിയുടെ നിറം കറുത്തു എന്നതിന്റെ പേരില്‍ സ്ഥാനമാനങ്ങളിലൊരു കുറവും ഇസ്‌ലാമിക നാഗരികതയില്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കറുത്തവനായ അത്വാഅ് ബിന്‍ അബീ റബാഹില്‍ നിന്ന് ആയിരക്കണക്കിന് വെളുത്തവരായ ശിഷ്യന്മാര്‍ വിജ്ഞാനമാര്‍ജിച്ചതായി കാണാം.

സാമ്പത്തികാഭിവൃദ്ധിയുള്ള നാഗരികത
ഇസ്‌ലാം ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയാണ്. മതവ്യവസ്ഥ എന്നതുപോലെ തന്നെ രാഷ്ട്രസംഹിതയുമാണത്. സാമ്പത്തികവും ചിന്താപരവുമായ പദ്ധതിയുമാണത്. മനുഷ്യന്റെ നിഖില മേഖലകളിലും വെളിച്ചം നല്‍കുന്ന ആദര്‍ശസംഹിതയാണത്. ഇസ്‌ലാമിക നാഗരികതയിലെ സാമ്പത്തിക വ്യവസ്ഥ എപ്രകാരമായിരുന്നു എന്ന് നാം വിലയിരുത്തേണ്ടതുണ്ട്.
1. ബൈതുല്‍ മാല്‍:
മനുഷ്യചരിത്രത്തിന് സുസ്ഥിരമായ സാമ്പത്തിക വ്യവസ്ഥ പകര്‍ന്നു നല്‍കാന്‍ ഇസ്‌ലാമിക നാഗരികതക്ക് കഴിയുകയുണ്ടായി. ആദ്യത്തെ സാമ്പത്തിക മന്ത്രാലയം ഉമര്‍(റ) നടപ്പില്‍ വരുത്തിയ ബൈതുല്‍ മാല്‍ വ്യവസ്ഥയാണെന്ന് കാണാം. ഇസ്‌ലാമിക രാജ്യം പ്രവിശാലമാകുകയും രാഷ്ട്രത്തിന്റെ ഖജനാവിലേക്ക് വിവധ സ്രോതസ്സുകളില്‍ നിന്ന് ധനം ഒഴുകുകയും ചെയതപ്പോള്‍ അവ വ്യവസ്ഥാപിതമാക്കാനുള്ള ആസൂത്രണങ്ങളിലേര്‍പ്പെടുകയാണ് ഉണ്ടായത്.

അബൂഹുറൈറ(റ) ബഹ്‌റൈനില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ ഉമര്‍(റ)നെ പള്ളിയില്‍ വെച്ച് കണ്ടുമുട്ടുകയുണ്ടായി. എന്താണ് താങ്കള്‍ കൊണ്ടു വന്നതെന്ന് ചോദിച്ചു. അഞ്ച് ലക്ഷം ദിര്‍ഹം എന്ന് അബൂഹുറൈറ(റ) മറുപടി പറഞ്ഞു. എത്ര എന്ന് ഉമര്‍(റ) ആശ്ചര്യത്തോടെ ചോദിച്ചു. അഞ്ച് ലക്ഷം ദിര്‍ഹം എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. രാത്രിയായതിനാല്‍ താങ്കള്‍ക്ക് ഉറക്കം വരുന്നുണ്ട്, വീട്ടില്‍ പോയി ഉറങ്ങിക്കോ എന്ന് അദ്ദേഹത്തോട് കല്‍പിച്ചു. രാവിലെ ഉമറിന്റെയടുത്ത് അദ്ദേഹം പോയി. എത്രയാണ് ഇന്നലെ കൊണ്ടുവന്നത് എന്ന് ഒന്നുകൂടി ഉറപ്പിച്ച ശേഷം ഉമര്‍ പറഞ്ഞു. വളരെ നല്ലത് തന്നെ! എന്നിട്ട് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അദ്ദേഹം ധാരാളം സമ്പത്തുമായാണ് വന്നിട്ടുള്ളത്. നിങ്ങള്‍ താല്‍പര്യപ്പെടുകയാണെങ്കില്‍ നമുക്ക് അവ എണ്ണിത്തിട്ടപ്പെടുത്താം എന്നുപറഞ്ഞു. അപ്രകാരമാണ് ഇത് വ്യവസ്ഥാപിതമായി ക്രമീകരിക്കാനുള്ള ബൈതുല്‍ മാലിനെകുറിച്ച ചിന്ത ഉടലെടുത്തത്. (ത്വബഖാത് -ഇബ്‌നു സഅദ്)

ഉമര്‍(റ) ഓരോ രാജ്യങ്ങള്‍ക്കും പ്രാദേശികമായ ബൈതുല്‍മാല്‍ സംവിധാനിക്കുകയുണ്ടായി. നിശ്ചിത അളവില്‍ കൂടുതല്‍ വരുമാനം എത്തുമ്പോള്‍ അവ മദീനയിലെ പൊതുബൈതുല്‍ മാലിലേക്ക് എത്തിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. ഗവര്‍ണറെയും ജഡ്ജിയെയും പോലെ ബൈതുല്‍ മാല്‍ കൈകാര്യം ചെയ്യാന്‍ ഒരു സെക്രട്ടറിയെ അദ്ദേഹം നിയോഗിച്ചു. അധികാര വികേന്ദ്രീകരണത്തിന്റെ പ്രായോഗിക രൂപമായിരുന്നു ഇതിലൂടെ സാധ്യമായത്.

ബൈതുല്‍ മാലിന്റെ സ്രോതസ്സുകള്‍
ഇസ്‌ലാമിക നാഗരികതയിലെ ബൈതുല്‍ മാലിന്റെ സ്രോതസ്സുകള്‍ വൈവിധ്യമാണ്. അനുവദനീയമായ എല്ലാ സാമ്പത്തിക സ്രോതസ്സുകളും അത് ഉപയോഗപ്പെടുത്തി. നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും പവിത്രമാണ് എന്ന പ്രവാചക അധ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവ രൂപപ്പെടുത്തിയത്.
1. സകാത്ത്: ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണിത്. രാഷ്ട്രത്തിലെ ധനികരുടെ സ്വത്തില്‍ നിന്ന് നിര്‍ണിത വിഹിതം ശേഖരിച്ച് ദരിദ്രരുള്‍പ്പെടുന്ന അവകാശികളില്‍ വിനിമയം ചെയ്യുന്ന മഹിതമായ വ്യവസ്ഥയാണിത്. സാമൂഹിക സുരക്ഷിതത്വവും സാമൂഹിക സേവനവും ഉറപ്പുവരുത്തുന്ന പദ്ധതിയാണത്.

2. ഖറാജ്: മുസലിങ്ങള്‍ ഇറാഖും ശാമും ജയിച്ചടക്കിയപ്പോള്‍ നിരവധി പ്രദേശങ്ങള്‍ ഇസ്‌ലാമിന്റെ വരുതിയില്‍ വരുകയുണ്ടായി. യുദ്ധമുതല്‍ വിഭജിച്ചു നല്‍കുന്നതുപോലെ ഈ ഭൂമിയും സൈനികര്‍ക്ക് വിഭജിച്ചു നല്‍കണമെന്ന അഭിപ്രായം ഉന്നതരായ സഹാബികള്‍ ഖലീഫ ഉമര്‍(റ) വിന്റെ മുമ്പില്‍ പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ ജയിച്ചടക്കിയ പ്രദേശങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ പൊതുഭൂമിയായി ഉള്‍പ്പെടുത്തണമെന്നായിരുന്നു ഉമര്‍(റ)വിന്റെ നിഗമനം. സൂറതുല്‍ ഹശ്‌റിലെ ഫൈഇന്റെ ആയതാണ് ഇതിന് അടിസ്ഥാനം. സഹാബികളില്‍ പലരും അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചെങ്കിലും അബ്ദുര്‍റഹ്മാനു ബിന്‍ ഔഫിന്റെ അഭിപ്രായത്തിനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. ഉമര്‍(റ) അവര്‍ക്ക് ഭൂമി വര്‍ഷംതോറും പാട്ടത്തിന് കൊടുക്കുകയും എന്നിട്ട് അതില്‍ നിന്ന് ഖറാജ് സ്വീകരിക്കുകയും ചെയ്തു. ഖറാജ് ഭൂമി രണ്ട് ഇനമാണ്.

1. പ്രദേശങ്ങള്‍ ഇസ്‌ലാമിന്റെ കീഴില്‍വരുകയും അവിടെയുള്ളവര്‍ ഇസ്‌ലാമാശ്ലേഷിക്കാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്കായി കൃഷി ചെയ്യുന്നതിന് വേണ്ടി പ്രസ്തുത ഭൂമികള്‍ പാട്ടത്തിന് നല്‍കുക
2. ഒരു പ്രദേശം മുസ്‌ലിങ്ങളുടെ കീഴിലാവുകയും എന്നാല്‍ നിവാസികളുമായി സന്ധിയിലേര്‍പ്പെടുകയും ചെയ്ത ഭൂമികള്‍ ഖറാജ് നല്‍കിക്കൊണ്ട് അവരുടെ കൈവശം തന്നെ വെക്കാനുള്ള ഉപാധിയും കൈക്കൊണ്ടിരുന്നു.
ഖറാജ് ചിലപ്പോള്‍ ധനമായും കാര്‍ഷിക വിളകളായുമെല്ലാം ലഭിക്കാറുണ്ടായിരുന്നു. മുസ്‌ലിം രാഷ്ട്രത്തിലെ ഖറാജ് നല്‍കുന്ന ആളുകള്‍ ഇസ്‌ലാമാശ്ലേഷിക്കുന്നതു വരെ സമ്പത്തിന്റെ മുഖ്യ സ്രോതസ്സായി ഇതു തുടരുന്നതാണ്. ഖലീഫ ഹാറൂന്‍ റഷീദിന്റെ നിര്‍ദ്ദേശപ്രകാരം ഖാദി അബൂയൂസുഫ് തയ്യാറാക്കിയ കിതാബുല്‍ ഖറാജ് എന്ന വിഖ്യാത ഗ്രന്ഥം ഈ മേഖലയില്‍ ശ്രദ്ദേയമാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles