Current Date

Search
Close this search box.
Search
Close this search box.

ഒരു ഇസ്രായേല്‍ സൈനികന്റെ ഗസ്സയിലെ തടവ് ജീവിതം

shalith.jpg

അഞ്ചര വര്‍ഷത്തെ തടങ്കല്‍ ജീവിതത്തിന് ശേഷം, ഇസ്രായേലും ഹമാസും തമ്മിലുള്ള തടവുകാരെ കൈമാറ്റം ചെയ്യുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ 2011 ഓക്ടോബര്‍ 18-ന് ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ശാലിത്തിനെ ഹമാസ് മോചിപ്പിച്ചു. മുന്‍ സര്‍ക്കാറുകള്‍ വിട്ടയക്കാന്‍ വിസ്സമതിച്ച ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പച്ചക്കൊടി കാട്ടേണ്ടി വന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം മുറുകെ പിടിച്ച സുരക്ഷാ-രാഷ്ട്രീയ-ആദര്‍ശ തത്വങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ നെതന്യാഹു നിര്‍ബന്ധിതനായി. തങ്ങളുടെ മകന് വേണ്ടി ശാലിത്തിന്റെ കുടുംബം നടത്തിയ പോരാട്ടം അങ്ങനെ വിജയം കണ്ടു. ഹമാസ് മുന്നോട്ട് വെച്ച ഏതാണ് മുഴുവന്‍ നിബന്ധനകളും ഇസ്രായേല്‍ ഭരണകൂടത്തിന് അംഗീകരിക്കേണ്ടി വന്നു.

ഹമാസിന്റെ സൈനിക വിഭാഗം ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ കമാണ്ടര്‍ അഹ്മദ് ജബരി അടക്കമുള്ളവരുടെ അകമ്പടിയോടെ റഫാ അതിര്‍ത്തിയിലേക്ക് ഗിലാദ് ശാലിത്ത് നടന്ന് വരുന്ന രംഗം ഇസ്രായേല്‍ ജനത ശ്വാസമടക്കി പിടിച്ചാണ് വീക്ഷിച്ചത്.

ഹമാസിന് കീഴിലെ ശാലിത്തിന്റെ തടങ്കല്‍ ജീവിതം എങ്ങനെയായിരുന്നു, എന്തായിരുന്നു അദ്ദേഹത്തെ അവസ്ഥ എന്നതിനെ കുറിച്ചൊന്നും ഇസ്രായേലി പൊതുസമൂഹത്തിന് ഒരു ധാരണയും ഇല്ലായിരുന്നു. കൂടാതെ മോചിപ്പിക്കപ്പെട്ടതിന് ശേഷം, തടങ്കല്‍ ജീവിതത്തെ കുറിച്ച് യാതൊന്നും പുറത്ത് പറയരുതെന്നായിരുന്നു ഇസ്രായേല്‍ ഭരണകൂടത്തില്‍ നിന്നും ശാലിത്തിന് ലഭിച്ച് കര്‍ശന നിര്‍ദ്ദേശം.

ശാലിത്ത് മോചിപ്പിക്കപ്പെട്ട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, തടവുകാലത്തെ അദ്ദേഹത്തിന്റെ വീഡിയോ ഫൂട്ടേജ് ഹമാസ് പുറത്തുവിടുകയുണ്ടായി. ഇതിന് മുമ്പ് ഇസ്രായേല്‍ ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കാനായി ശാലിത്തിനെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. ഈ രണ്ട് വീഡിയോയിലും തന്നെ ബന്ദിയാക്കിയവരുടെ കൂടെയിരിക്കുന്ന ശാലിത്തിനെയാണ് കാണാന്‍ കഴിഞ്ഞത്. ഗസ്സയിലെ ഒരു ഭൂഗര്‍ഭ അറയില്‍ ഹമാസിന്റെ ക്രൂരമായ തടങ്കലില്‍ കഴിയുന്ന ശാലിത്ത് എന്ന പൊതുധാരണക്ക് കടകവിരുദ്ധമായിരുന്നു ഗസ്സയിലെ അദ്ദേഹത്തിന്റെ ജീവിതം പകര്‍ത്തിയ ആ വീഡിയോയിലെ ദൃശ്യങ്ങള്‍.

ശാലിത്തിനെ മോചിപ്പിക്കണമെങ്കില്‍ അന്യായമായി തടവിലിട്ടിരിക്കുന്ന ഫലസ്തീനികളെ നിരുപാധികം മോചിപ്പിക്കണമെന്ന് ഹമാസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ശാലിത്തിനെ വിട്ടുകിട്ടാന്‍ അദ്ദേഹത്തിന്റെ കുടുംബം നടത്തുന്ന ക്യാമ്പയിനും, ഹമാസിന്റെ നിബന്ധനയും ഇസ്രായേലിനെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കി. ഗസ്സയില്‍ അക്കാലത്ത് ഹമാസിന്റെ ജനസമ്മതി വര്‍ദ്ധിപ്പിച്ച ഒരു മുഖ്യഘടകമായിരുന്നു ഇത്.

ഹമാസിന്റെ കസ്റ്റഡിയില്‍ ഇനിയും ചില ഇസ്രായേല്‍ പൗരന്‍മാരുണ്ട്: സിവിലിയനായ അവ്‌റഹാം മെന്‍ഗിസ്റ്റു, ഇസ്രായേല്‍ അധികൃതര്‍ പേരു വെളിപ്പെടുത്താത്ത ഒരു ബദവി എന്നിവര്‍ ഇപ്പോഴും ഹമാസിന്റെ തടങ്കലില്‍ കഴിയുന്നവരാണ്. കൂടാതെ 2014-ല്‍ ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തിനിടെ ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് ഇസ്രായേല്‍ സൈനികരായ ഹദാര്‍ ഗോള്‍ഡിന്‍, ഓറോണ്‍ ശോള്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലാണ്.

ശാലിത്തിന്റെ വിഷയത്തില്‍ ഇസ്രായേലിന് രണ്ട് കനത്ത പ്രഹരങ്ങള്‍ ഏല്‍ക്കുകയുണ്ടായി. ഒന്ന്, ഇസ്രായേല്‍ ഭരണകൂടം ഇസ്രായേല്‍ പൊതുസമൂഹത്തില്‍ നിന്നും മറച്ച് വെച്ച ശാലിത്തിന്റെ ഗസ്സയിലെ ജീവിതം ഹമാസ് പുറത്തുവിട്ടു. രണ്ട്, ഇത്ര ശക്തമായ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ട് കൂടി അഞ്ചര വര്‍ഷക്കാലം ഹമാസ് ശാലിത്തിനെ പാര്‍പ്പിച്ച സ്ഥലം കണ്ടുപിടിക്കാന്‍ ഇസ്രായേലിന് കഴിഞ്ഞില്ല.

സൂര്യപ്രകാശം കടക്കാത്ത, ഇരുട്ട് നിറഞ്ഞ ഭൂഗര്‍ഭ അറയിലായിരുന്നില്ല തന്നെ പാര്‍പ്പിച്ചിരുന്നതെന്ന് മോചിപ്പിക്കപ്പെട്ട ശേഷം ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ശിന്‍ ബേത്ത് ചോദ്യം ചെയ്ത അവസരത്തില്‍ ശാലിത്ത് വെളിപ്പെടുത്തിയിരുന്നു. ശിന്‍ ബേത്ത് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ മിനുട്ട്‌സിന്റെ അടിസ്ഥാനത്തില്‍ ശാലിത്തിന്റെ ഹമാസ് കസ്റ്റഡിയിലെ ജീവിതത്തെ കുറിച്ച് എന്റെ സഹപ്രവര്‍ത്തകന്‍ ബെന്‍ കാസ്പിറ്റ് പിന്നീട് എഴുതി: ‘ഒരു സെല്ലിലായിരുന്നില്ല ശാലിത്ത് പാര്‍പ്പിക്കപ്പെട്ടത്. ആദ്യത്തെ കുറച്ച് ദിവസങ്ങളിലൊഴിച്ച് ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായുള്ള മര്‍ദ്ദനങ്ങളൊന്നും തന്നെ അദ്ദേഹത്തിന് ഏല്‍ക്കേണ്ടി വന്നിട്ടില്ല. ടെലിവിഷന്‍ കാണാനും, റേഡിയോ കേള്‍ക്കാനും, ചില സന്ദര്‍ഭങ്ങളില്‍ ഇന്റര്‍നെറ്റ് സര്‍ഫ് ചെയ്യാനുള്ള സൗകര്യം വരെ ഹമാസ് അദ്ദേഹത്തിന് നല്‍കിയിരുന്നു. 2010-ലെ ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ മുഴുവനും അവരോടൊന്നിച്ചാണ് അദ്ദേഹം കണ്ടത്. വീട്ടില്‍ നിന്ന് അകലെ ബന്ദിയായി കഴിയേണ്ടി വന്നതില്‍ അദ്ദേഹം സ്വാഭാവികമായും അസ്വസ്ഥനായിരുന്നു. ഇത് അദ്ദേഹത്തിന്റെ ഭക്ഷണക്രമത്തെ ബാധിക്കുകയും, ശരീരഭാരം കുറയാന്‍ കാരണമാവുകയും ചെയ്തു. പക്ഷെ ഒരിക്കല്‍ പോലും അദ്ദേഹം കസ്റ്റഡിയില്‍ പ്രതിഷേധിച്ച് നിരാഹാരം കിടന്നിട്ടില്ലെന്ന് മാത്രമല്ല, അതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. ഖാന്‍ യൂനിസിലെ ആതിഥേയ കുടുംബത്തോടൊപ്പമാണ് ഒരു ദിവസം അദ്ദേഹം അവരുടെ വീടിന്റെ മട്ടുപാവിലിരുന്ന് ഭക്ഷണം കഴിച്ചത്. കടലിനോട് അഭിമുഖമായിട്ടായിരുന്നു അത്. അവധിക്കാല വിനോദം പോലെയായിരുന്നു അദ്ദേഹത്തിനത് അനുഭവപ്പെട്ടത്.’

ഹമാസ് പുറത്ത് വിട്ട വിഡീയോ ദൃശ്യങ്ങളിലും, ഫോട്ടോകളിലുമെല്ലാം തന്നെ ഹമാസ് പോരാളികളോടൊപ്പം ചിരിച്ച് കളിക്കുന്ന, അവരോടൊത്ത് കാപ്പി കുടിക്കുന്ന, ബാര്‍ബിക്യൂ ഉണ്ടാക്കി കഴിക്കുന്ന സുസ്‌മേരവദനനായ ശാലിത്തിനെയാണ് നമുക്ക് കാണാന്‍ കഴിയുക. തീര്‍ച്ചയായും ഒരു ഭൂഗര്‍ഭ ഇരുട്ട് മുറിയിലായിരുന്നില്ല അദ്ദേഹത്തിന്റെ തടവ് ജീവിതം. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന ബന്ദികളോട് പുലര്‍ത്തേണ്ട ഇസ്‌ലാമിക ചിട്ടവട്ടങ്ങള്‍ അനുസരിച്ച് എല്ലാവിധ മാനുഷിക പരിഗണനകളും ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് ശാലിത്തിന് നല്‍കിയിട്ടുണ്ട്.

എന്നാല്‍ വീഡിയോയും ഫോട്ടോകളും വിശ്വാസത്തിലെടുക്കാന്‍ ശാലിത്തിന്റെ കുടുംബം അന്ന് തയ്യാറായിരുന്നില്ല. ക്രൂരന്മാരും രക്തക്കൊതിയന്‍മാരുമായ ഒരു സംഘം ഭീകരന്‍മാരായിട്ടാണ് ഇസ്രായേല്‍ പൊതുസമൂഹം ഹമാസിനെ നോക്കികാണുന്നത്. പക്ഷെ വീഡിയോ ദൃശ്യങ്ങളെല്ലാം സത്യം തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു മോചിപ്പിക്കപ്പെട്ട ശേഷം വിവിധ സന്ദര്‍ഭങ്ങളിലായി ശാലിത്ത് നടത്തിയ പ്രസ്താവനകള്‍. എന്നാല്‍ ഈ വസ്തുതകള്‍ക്കൊന്നും തന്നെ ഇസ്രായേലിന്റെ ഹമാസിനോടുള്ള നയങ്ങളിലും, ഹമാസ് ഭീകരവാദികളാണെന്ന പ്രചാരണങ്ങള്‍ക്കും കാര്യമായ തിരുത്തല്‍ വരുത്താന്‍ സാധിക്കില്ലെന്നതാണ് സത്യം.

 

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: അല്‍മോണിറ്റര്‍ / ഇസ്രായേല്‍ പള്‍സ്‌

Related Articles