Current Date

Search
Close this search box.
Search
Close this search box.

ആരാണ് ഗാന്ധിയെ കൊന്നത്

gandhi-godse.jpg

മഹാത്മാ ഗാന്ധിയുടെ കൊലപാതകം, അഥവാ നാടകീയത കൂട്ടി പറഞ്ഞാല്‍, മഹാത്മാ ഗാന്ധിയുടെ വധമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ ഭീകര പ്രവര്‍ത്തനം.  Beyond Doubt-A Dossier on Gandhi’s Assassination (2015, Tulika)-ന്റെ ആമുഖത്തില്‍ ഞാനിത് എഴുതിയിട്ടുണ്ട്. അതൊരു യുദ്ധപ്രഖ്യാപനവും, ഒരു ഉദ്ദേശപ്രസ്താവനയും കൂടിയായിരുന്നു.

സ്വാതന്ത്ര്യ സമരം നടക്കുന്ന സമയത്ത് ഒന്നിലും ഇടപെടാതെ ഒരരികില്‍ കൈയ്യുംകെട്ടി നോക്കിനിന്ന, മതാധിഷ്ടിത ദേശീയതയോട് പ്രതിജ്ഞാബദ്ധരായ, ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാകണമെന്ന് ആഗ്രഹിച്ച സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ യുദ്ധപ്രഖ്യാപനമായിരുന്നു ഗാന്ധി വധം. മഹാത്മ മുന്നോട്ട് വെച്ച എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദേശീയതാസങ്കല്‍പ്പത്തെയും, സമ്മിശ്ര സംസ്‌കാരം എന്ന ആശയത്തെയും അങ്ങേയറ്റം വെറുക്കുന്ന ഒരു വിഭാഗമാണിത്.

ഈ പ്രത്യയശാസ്ത്രമാണ് ഇന്ന് നിര്‍ലജ്ജം ഇന്ത്യ ഭരിക്കുന്നത്.

അതുകൊണ്ടു തന്നെ, ഗാന്ധി വധവുമായി ബന്ധപ്പെട്ട ഏതൊരു ചര്‍ച്ചയും, വധത്തെ ചുറ്റിപറ്റിയുള്ള വിഷയങ്ങളെയും, വധത്തിന്റെ പ്രേരകങ്ങളെയും അഭിസംബോധന ചെയ്യേണ്ടതുണ്ട്. എന്തുകൊണ്ടാണ് ഗാന്ധിയും, അദ്ദേഹം എന്തിന് വേണ്ടിയാണോ നിലകൊണ്ടത് അവയും ഘാതകരുടെ ലോകവീക്ഷണത്തിന് ഒരു ഭീഷണിയായി മാറിയതെന്നും പരിശോധിക്കേണ്ടതുണ്ട്.

ഗാന്ധി വധം ചര്‍ച്ച ചെയ്യുമ്പോഴെല്ലാം, കൊലപാതകത്തിന് ഉത്തരവാദിത്തമുള്ള ഘടകങ്ങളെല്ലാം മാറ്റിമറിക്കപ്പെടും, കുറ്റകരമായ മറവി ജനങ്ങള്‍ തെരഞ്ഞെടുക്കും, ചിലപ്പോള്‍ അത്യന്തം അപകടകരമായ വൈകാരികത ഉല്‍പ്പാദിപ്പിക്കപ്പെടും.

കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ നേരാംവണ്ണം പറയേണ്ടതുണ്ട്. ഗാന്ധി വധം ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. 1934-മുതല്‍ക്ക് തന്നെ ആരംഭം കുറിച്ച കൊലപാതകശ്രമ പരമ്പരയിലെ അവസാനത്തേതായിരുന്നു അത്. 1934 ജൂണ്‍ 25-ലെ പ്രഥമ വധശ്രമത്തിന് ശേഷം ഗാന്ധിജിക്ക് നേരെ അഞ്ച് തവണ വധശ്രമങ്ങളുണ്ടായി : 1944 ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളിലും, 1946 സെപ്റ്റംബറിലും, 1948 ജനുവരി 20-നും അതായത് കൊല്ലപ്പെടുന്നതിന് പത്ത് ദിവസങ്ങള്‍ക്ക് മുമ്പുമായിരുന്നു അവ.

ഗാന്ധിജി കൊല്ലപ്പെടുന്നതിന് മുമ്പ് നടന്ന രണ്ട് കൊലപാതക ശ്രമങ്ങളില്‍ നാഥ്‌റാം ഗോഡ്‌സെക്ക് വ്യക്തമായ പങ്കുണ്ടായിരുന്നു. അതായത് മൂന്ന് തവണ ഗോഡ്‌സെ ഗാന്ധിയെ വധിക്കാന്‍ ശ്രമിച്ചു. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പദ്ധതിയുടെ ഭാഗമായല്ല ഗോഡ്‌സെ ഗാന്ധിയെ വധിച്ചത് എന്ന സുഖപ്രദമായ ആഖ്യാനങ്ങളെ പൂര്‍ണ്ണമായും തകിടം മറിക്കുന്നതാണ് ഈ വസ്തുതകള്‍.

എന്തുകൊണ്ടാണ് ചില ആളുകള്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ വിശ്വാസങ്ങളെയും അദ്ദേഹത്തെ കൊന്ന് തള്ളാന്‍ മാത്രം അസഹനീയമായി കണ്ടത് എന്ന് ചോദ്യം ചോദിക്കുന്നതില്‍ ഗാന്ധി വധവുമായി ബന്ധപ്പെട്ട എഴുത്തുകളില്‍ പലതും പരാജയപ്പെടുകയാണ്. (‘പാകിസ്ഥാന്‍ രൂപീകരിക്കുന്നതിന് ഗാന്ധിജി സഹായം ചെയ്തു’ എന്ന കാരണത്താലാണ് ഗോഡ്‌സെ അദ്ദേഹത്തെ വധിച്ചത് എന്ന തികച്ചും ഉപരിപ്ലവമായ വാദങ്ങളിലാണ് എഴുത്തുകളില്‍ പലതും ഊന്നുന്നത്)

മതാധിഷ്ടിത രാഷ്ട്രത്തോടുള്ള (പാകിസ്ഥാന്‍ അല്ലെങ്കില്‍ ഹിന്ദുരാഷ്ട്രം) ഗാന്ധിജിയുടെ എതിര്‍പ്പും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദേശീയതയോടുള്ള കൂറും, തൊട്ടുകൂടായ്മക്കും, ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള നിയമത്തിന് അദ്ദേഹം നല്‍കിയ പിന്തുണയുമായിരുന്നു (1935-ല്‍ സെന്‍ട്രല്‍ ലജിസ്ലേച്ചറില്‍ അദ്ദേഹം ചരിത്ര പ്രസിദ്ധമായ പ്രസംഗം നടത്തുകയുണ്ടായി) ഗാന്ധിജിയെ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ സ്വപ്‌നം കണ്ട് നടന്നിരുന്നവരുടെ – ഇന്നും അതിന് വേണ്ടിയുള്ള ഗൂഡാലോചന നടക്കുന്നുണ്ട് – മുഖ്യശുത്രുവാക്കി മാറ്റിയത്.

ഗാന്ധി വധത്തിന് ശേഷം രണ്ടു ദിവസത്തിനുള്ളില്‍ തന്നെ 1948 ഫെബ്രുവരി 2-ലെ പ്രമേയത്തിലൂടെ ഇന്ത്യന്‍ ഗവണ്‍മെന്റ് രാഷ്ട്രീയ സ്വയം സേവക് സംഘിനെ നിരോധിച്ചു. ഗാന്ധിവധവുമായി ബന്ധപ്പെട്ട ആഖ്യാനത്തിലെ ഒരു സുപ്രധാന ഭാഗമാണിത്. 68 വര്‍ഷത്തിന് ശേഷമുള്ള വിസ്താരത്തില്‍ ഈ വസ്തുത കാണാന്‍ കഴിയില്ല. Beyond Doubt- പുനഃപ്രസിദ്ധീകരിച്ചിട്ടുള്ള പ്രസ്തുത പ്രമേയം ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നിശ്ചയദാര്‍ഢ്യം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്.

‘നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം അപകടപ്പെടുത്തുന്ന, അതിന്റെ പേരിന് കളങ്കമേല്‍പ്പിക്കുന്ന, വിദ്വേഷവും ആക്രമവും പരത്തുന്ന സാമൂഹ്യവിരുദ്ധ ശക്തികളെ പിഴുതെറിയാന്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. അന്വേഷണത്തിന്റെ ഭാഗമായി ചീഫ് കമ്മീഷണറുടെ പ്രവിശ്യകളില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനിച്ചു കഴിഞ്ഞു. ഗവര്‍ണറുടെ പ്രവിശ്യകളിലും ഇതേ നടപടി തന്നെ കൈകൊള്ളുന്നതാണ്.’

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അഞ്ച് മാസത്തിനകവും, മഹാത്മാ ഗാന്ധി വധിക്കപ്പെട്ട് രണ്ട് ദിവസത്തിനുള്ളിലുമുണ്ടായ ആര്‍.എസ്.എസ്സിന്റെ നിരോധനം, സംഘിന്റെ അംഗങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള അനഭിലഷണീയവും അത്യന്തം അപകടകരവുമായ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടു. തീവെപ്പ്, കൊള്ള, കൊല, നിയമവിരുദ്ധമായ ആയുധശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണ് സംഘ് പ്രവര്‍ത്തകര്‍. ‘ജനങ്ങളെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും, ആയുധങ്ങള്‍ ശേഖരിക്കാനും, സര്‍ക്കാറിനെതിരെ വെറുപ്പ് ഉല്‍പ്പാദിക്കാനും പ്രേരിപ്പിക്കുന്ന ലഘുലേഖകള്‍ സംഘ് വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സംഘിന്റെ വിദ്വംസക പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുകയും, സംഘിനാല്‍ പ്രചോദിതമായി, സംഘിന്റെ മേല്‍ നോട്ടത്തില്‍ നടത്തപ്പെട്ട അക്രമങ്ങളില്‍ ഒരുപാടാളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. ഗാന്ധിജിയാണ് ഏറ്റവും ഒടുവിലത്തെ ഇര.’ communalism combact- ന്റെ 2004 ആഗസ്റ്റ് ലക്കത്തിലെ, ‘ഹേ റാം’ എന്ന തലക്കെട്ടിട്ട കവര്‍‌സ്റ്റേറിയിലാണ് സര്‍ക്കാര്‍ പ്രമേയം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്.

കഥ ഇവിടെ അവസാനിക്കുന്നില്ല. ഇന്ത്യാ ഗവണ്‍മെന്റിന് വേണ്ടി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും, ആഭ്യന്തരമന്ത്രി വല്ലഭായ് പട്ടേലും കൂടി ആര്‍.എസ്.എസ്സുമായി നടത്തിയ സംഭാഷണങ്ങളും സംഘ് നടത്തിയ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്. ചരിത്രത്തിലെ ഈ ഭാഗം വളച്ചൊടിക്കാന്‍ സംഘ് ശ്രമിക്കുകയുണ്ടായി.

1948 സെപ്റ്റംബര്‍ 11-ന് വല്ലഭായ് പട്ടേല്‍ ആര്‍.എസ്.എസ് ചീഫ് എം.എസ് ഗോള്‍വാള്‍ക്കറിന് എഴുതിയ പ്രശസ്തമായ കത്ത്, ഗാന്ധി വധത്തിന് മുമ്പും, ശേഷവുമുള്ള സംഘിന്റെ വ്യവസ്ഥാപിതമായ വിദ്വേഷ തന്ത്രങ്ങളെ ശക്തമായി അപലപിക്കുന്നുണ്ട്. ഈ കത്തിന്റെ പൂര്‍ണ്ണരൂപം ദേശ്‌രാജ് ഗോയലിന്റെ Rahstriya Swayamsevak Sangh (First published in 1979, Revised edition in 2000, Radhakrishna Prakashan Pvt Ltd, New Delhi) എന്ന പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.

സുപ്രധാനമായ മറ്റൊരു കാര്യം, ഇതും, ഭാരതീയ ജനസംഘിന്റെ സ്ഥാപകന്‍ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിക്ക് 1948 ജൂലൈ 18-ന് പട്ടേല്‍ എഴുതിയ മറ്റൊരു കത്തും, ആര്‍.എസ്.എസ്സിനും ഹിന്ദു മഹാസഭക്കും ഇടയിലുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്.

1948 സെപ്റ്റംബര്‍ 11-ലെ കത്ത് പ്രത്യേക പ്രാധാന്യമുള്ളതാണ്, കാരണം എന്തൊക്കെ തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലാണ് ആര്‍.എസ്.എസ് ഉള്‍പ്പെട്ടിട്ടുള്ളത് എന്ന് അത് കൃത്യമായി വരച്ചിടുന്നുണ്ട്.

‘പകവീട്ടാനുള്ള ത്വര ഉള്ളില്‍ നുരഞ്ഞ് പൊങ്ങുകയും, മുസ്‌ലിംകള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടാന്‍ തുടങ്ങുകയും ചെയ്തതോടെ മറ്റൊരു ഘട്ടം ആരംഭിച്ചു. ഹിന്ദുക്കളെ സംഘടിപ്പിക്കുകയും, അവരെ സഹായിക്കുകയും ചെയ്യുക എന്നത് നല്ലകാര്യം തന്നെയാണ്, പക്ഷെ പകരംവീട്ടലിന്റെ പേര് പറഞ്ഞ് നിരപരാധികളായ നിസ്സഹായരായ പുരുഷന്‍മാര്‍ക്കും, സ്ത്രീകള്‍ക്കും, കുട്ടികള്‍ നേരെ ആക്രമണമഴിച്ചു വിടുന്നത് തികച്ചും മറ്റൊന്നാണ്.. അവരുടെ എല്ലാ പ്രസംഗങ്ങളും പ്രഭാഷണങ്ങളും വര്‍ഗീയ വിഷം നിറഞ്ഞതായിരുന്നു. വര്‍ഗീയ വിഷം പരത്തിയതിന്റെ ഫലമായി രാജ്യത്തിന് ഗാന്ധിജിയുടെ ജീവന്‍ തന്നെ ബലിനല്‍കേണ്ടി വന്നു. സര്‍ക്കാറും ജനങ്ങളും ആര്‍.എസ്.എസ്സിനെതിരെ തിരിഞ്ഞു. എതിര്‍പ്പ് കൂടി വന്നു. ഗാന്ധിജിയുടെ മരണത്തില്‍ ആര്‍.എസ്.എസ് അണികള്‍ സന്തോഷനൃത്തം ചവിട്ടുകയും, മധുരം വിതരണം ചെയ്യുകയും ചെയ്തതോടെ എതിര്‍പ്പിന്റെ കാഠിന്യം പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഈ സാഹചര്യത്തില്‍ ആര്‍.എസ്.എസ്സിനെതിരെ നടപടിയെടുക്കേണ്ടത് സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയായി മാറി.’

1948 നവംബര്‍ 14-ന് ഇന്ത്യന്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍, ‘ആര്‍.എസ്.എസ്സിന്റെ ദേശവിരുദ്ധവും, നശീകരണാത്മകവും, ആക്രമാസക്തവുമായ പ്രവര്‍ത്തനങ്ങള്‍’ കാരണം ആര്‍.എസ്.എസ്സിന് മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം എടുത്ത് കളയണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗോള്‍വാള്‍ക്കര്‍ സമര്‍പ്പിച്ച നിവേദനം ആഭ്യന്തര മന്ത്രാലയം തള്ളികളഞ്ഞതിനെ കുറിച്ച് പറയുന്നുണ്ട്.

ഈ പത്രക്കുറിപ്പും ഇന്ത്യാ ഗവണ്‍മെന്റിന്റെ ആര്‍ക്കൈവ്‌സില്‍ നിന്നാണ് ലഭിച്ചത്. communalism combact-ന്റെ 2004 ആഗസ്റ്റ് ലക്കത്തിലാണ് ‘ഹേയ് റാം’ എന്ന തലക്കെട്ടോടു കൂടിയ കവര്‍ സ്‌റ്റോറിയുടെ ഭാഗമായി ഇത് ആദ്യമായി അച്ചടിച്ച് വന്നത്.

ആര്‍.എസ്.എസ്സിനെ നിരോധിക്കാനുള്ള തീരുമാനത്തില്‍ എത്തുന്നതിന് മുമ്പ് പ്രവിശ്യാ സര്‍ക്കാറുകളുടെ പരിഗണനീയ അഭിപ്രായങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് കണക്കിലെടുത്തിരുന്നു. ഗോഡ്‌സെക്ക് ഗാന്ധിജിയെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് നല്‍കിയ നാഗ്പൂരില്‍ നിന്നുള്ള ഒരു ആര്‍.എസ്.എസ് നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടതായി 1948 ഫെബ്രുവരി 7-ലെ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നാഗ്പൂര്‍ സിറ്റി കോളേജിലെ പ്രൊഫസര്‍ വരാഹപാണ്ഡെയും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.

‘ഗാന്ധിജി വധിക്കപ്പെടും’ എന്ന് ഒരു ദിവസം മുമ്പ് തന്നെ നാഗ്പൂരില്‍ നിന്നുള്ള മറ്റൊരു പ്രൊഫസര്‍ തന്റെ വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നതായി ഈ പത്രറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗൂഢാലോചനയില്‍ പങ്കെടുത്തവരില്‍ ഒരാളായ ദേവേന്ദ്ര കുമാര്‍ മിര്‍സാപൂര്‍ ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പാകെ കീഴടങ്ങിയതായും, സുരക്ഷാ അകമ്പടിയോടെ ലക്‌നൗവിലേക്ക് മാറ്റിയതായും അതേ പത്രം തന്നെ റിപ്പോര്‍ട്ട് ചെയ്തു.

സാന്ദര്‍ഭികമായി പറയട്ടെ, ഗാന്ധി വധക്കേസിന്റെ വിചാരണയുടെ അവസാനത്തില്‍, ഗാന്ധിജി വധിക്കപ്പെടുന്നതിന് കേവലം പത്ത് ദിവസം മുമ്പ് അദ്ദേഹത്തിനെതിരെ ഉണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട് പോലിസിന്റെ ഭാഗത്ത് നിന്നുമുണ്ടായ സമീപനത്തെ കുറിച്ച് സ്‌പെഷ്യല്‍ ജഡ്ജ് ആത്മാചരണ്‍ പറഞ്ഞത് ഇതാണ് : ‘1948, ജനുവരി 20-നും 30-നും ഇടക്കുള്ള കാലയളവില്‍ നടന്ന കേസിനാസ്പദമായ സംഭവത്തിന്റെ അന്വേഷണത്തില്‍ പോലിസ് കാണിച്ച കൃത്യവിലോപം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ആ ഘട്ടത്തില്‍ തന്നെ അന്വേഷണത്തില്‍ ഒരല്‍പ്പം സൂക്ഷ്മത പുലര്‍ത്തിയിരുന്നെങ്കില്‍, ഈ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നു.’

ഗാന്ധി വധത്തില്‍ ആര്‍.എസ്.എസ്സിന് പങ്കുണ്ടോ ഇല്ലേ എന്ന അന്വേഷണം കാപ്പുര്‍ കമ്മീഷന്റെ അധികാരപരിധിയില്‍ വരുന്നതായിരുന്നില്ലെന്ന് കമ്മീഷന്റെ സ്ഥാപകലക്ഷ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ആര്‍.എസ്.എസ്സിന് മേലുള്ള നിരോധനം നീക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ ഒരിക്കല്‍ കൂടി ഉദ്ധരിക്കുന്നതിന് ഇവിടെ പ്രസക്തിയുണ്ട്.

‘ഭരണഘടനയോട് കൂറു പുലര്‍ത്തുമെന്നും, ദേശീയപതാകയെ ബഹുമാനിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആര്‍.എസ്.എസ് ഭരണഘടനയില്‍ കൂടുതല്‍ വ്യക്തമാക്കുമെന്നും, അക്രമങ്ങളിലും, രഹസ്യനീക്കങ്ങളിലും വിശ്വസിക്കുകയും ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് സംഘ് പരിവാരില്‍ സ്ഥാനമുണ്ടാവില്ലെന്നും ആര്‍.എസ്.എസ് നേതാവ് വാക്ക് നല്‍കി..’

ആര്‍.എസ്.എസ് ഒരു സാംസ്‌കാരിക സംഘടനയുടെ രൂപത്തില്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക എന്നത് ഉപാധികളില്‍ ഒന്നായിരുന്നു.

ഗാന്ധിജിയെ വധിക്കാനുണ്ടായ പ്രേരകങ്ങളെ മതാധിഷ്ഠിത ദേശീയവാദം എന്ന അടിസ്ഥാനപ്രശ്‌നത്തില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ കഴിയില്ല. ഇന്ത്യന്‍ ഭരണഘടനയോടുള്ള പരമപുച്ഛം നിറഞ്ഞ എഴുത്തുകള്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്ന ഗ്രന്ഥത്തില്‍ വേണ്ടുവോളം കാണാന്‍ കഴിയും (ഉദാഹരണത്തിന് പേജ് 119 നോക്കുക). ആര്‍.എസ്.എസ്സിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഇന്നുമത് ലഭ്യമാണ്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് കഴിഞ്ഞ് 52 വര്‍ഷം വരേക്കും ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടിയോട് സംഘിന് അയ്യിത്തമായിരുന്നു. 2002 ജനുവരി 26-നാണ് ആദ്യമായി തങ്ങളുടെ മുഖ്യകാര്യാലയത്തില്‍ ആര്‍.എസ്.എസ് മൂവര്‍ണ്ണക്കൊടി ഉയര്‍ത്തിയത്. അതുവരേക്കും, ഹിന്ദു രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്ന കാവിക്കൊടിയാണ് (ഭഗവത് ദ്വജ്) ആര്‍.എസ്.എസ് കാര്യാലയത്തില്‍ പാറികളിച്ചിരുന്നത്.

ആര്‍.എസ്.എസ്സിന്റെ ഇംഗ്ലീഷ് പത്രമായ ഓര്‍ഗനൈസര്‍ ‘ഭഗവത് ദ്വജിന് പിന്നിലെ നിഗൂഢത’ എന്ന തലക്കെട്ടില്‍ ഒരു ഫീച്ചര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി (1947 ആഗസ്റ്റ് 14). ഡല്‍ഹിയിലെ ചെങ്കോട്ടയുടെ കോട്ടവാതിലിന് മുകളില്‍ കാവിക്കൊടി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട പ്രസ്തുത ഫീച്ചര്‍, താഴെ കൊടുക്കുന്ന വാക്കുകളിലൂടെയാണ് ത്രിവര്‍ണ്ണ കൊടിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയത്: ‘ഭാഗ്യത്തിന്റെ അകമ്പടിയോടെ അധികാരത്തിലേറിയ ആളുകള്‍ നമ്മുടെ കൈകളില്‍ ചിലപ്പോള്‍ ത്രിവര്‍ണ്ണപതാക തന്നേക്കാം, പക്ഷെ അത് ഹിന്ദുവിന്റേതല്ല, ഹിന്ദു അതിനെ ബഹുമാനിക്കുകയുമില്ല. മൂന്ന് എന്ന വാക്ക് തന്നെ സ്വയമൊരു നാശഹേതുവാണ്, മൂന്ന് നിറമുള്ള പതാക തീര്‍ച്ചയായും ചീത്തഫലങ്ങളാണ് ഉണ്ടാക്കുക. അത് ഒരു രാഷ്ട്രത്തിന് ഹാനികരം തന്നെയാണ്.’

അടല്‍ ബിഹാരി വാജ്‌പെയിയുടെ കീഴില്‍ ആദ്യമായി ആര്‍.എസ്.എസ് നയിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. സൂര്യ ഭാരതി പരക്ഷണ്‍ പ്രസിദ്ധീകരിച്ച, നാഥുറാം ഗോഡ്‌സെയുടെ സഹോദരനും, ഗാന്ധി വധത്തില്‍ കുറ്റാരോപിതനുമായിരുന്ന ഗോപാല്‍ ഗോഡ്‌സെ എഴുതിയ ‘Gandhi Ji’s Murder and After’ എന്ന കൃതിയുടെയും, നാഥുറാം ഗോഡ്‌സെയുടെ ‘May It Please Your Honour’ എന്ന കൃതിയുടെയും പരസ്യങ്ങള്‍ വളരെ അഭിമാനത്തോടെയാണ് ആര്‍.എസ്.എസ്സിന്റെ മുഖപത്രം ഓര്‍ഗനൈസര്‍ കൊടുത്തത്.

ഗാന്ധിജിയുടെ ഘാതകനെ ഗ്ലാമര്‍വല്‍ക്കരിച്ചതിലൂടെ ആര്‍.എസ്.എസ്സും ഹിന്ദു മഹാസഭയുടെ ഒരുപാട് പണം സമ്പാദിച്ചു. കൊലപാതകത്തില്‍ അവര്‍ക്ക് അതിരറ്റ അഭിമാനം മാത്രമേയുള്ളു.

ഇന്ന് ഇന്ത്യയില്‍ ആര്‍ക്കൊക്കെയാണ് തുല്ല്യ അവകാശങ്ങള്‍ക്കും, പൗരത്വത്തിനുമുള്ള അവകാശം ഉള്ളത് അല്ലെങ്കില്‍ ഇല്ലാത്തത് എന്നതിനെ സംബന്ധിച്ചാണ് ആര്‍.എസ്.എസ്സും, അവരുടെ സുപ്രിമസിസ്റ്റ് പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നവരും തമ്മിലുള്ള പ്രശ്‌നത്തിന്റെ കാതല്‍. ഈ വിഷയത്തില്‍ ഗാന്ധിജിയും, ആര്‍.എസ്.എസ്സും തീവ്രതയുടെ രണ്ടറ്റങ്ങളിലായാണ് നിലകൊണ്ടത്. ആര്‍ക്കുമിത് നിഷേധിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, ഈ നിര്‍ണായക വിഷയമാണ് മഹാത്മയുടെ കൊലപാതകത്തിന് ആരാണ് ഉത്തരവാദി എന്ന ചര്‍ച്ചയുടെ കേന്ദ്രബിന്ദു.

(No discussion on who killed Mahatma Gandhi is complete without addressing idea of a Hindu Rashtra എന്ന പേരില്‍ Scroll.in-ല്‍ എഴുതിയ ലേഖനത്തിന്റെ ആശയവിവര്‍ത്തനം)

വിവ: Irshad shariathi
അവ: Scroll.in

Related Articles