Current Date

Search
Close this search box.
Search
Close this search box.

ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; യുവതിയും ഇരട്ടക്കുഞ്ഞുങ്ങള്‍ക്കും ദാരുണ മരണം

ബംഗളൂരു: കര്‍ണാടകയിലെ തുമകുരു ജില്ലയില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളും അമ്മയ്ക്കും ദാരുണ മരണം. ആശുപത്രിയിലേക്ക് പോയപ്പോള്‍ ആധാര്‍ കാര്‍ഡ് കൈവശം വെക്കാത്തതോടെ ആശുപത്രി അധികൃതര്‍ ചികിത് നിഷേധിക്കുകയായിരുന്നുവെന്ന് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ഒരു ഡോക്ടറെയും മൂന്ന് നഴ്‌സുമാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഗര്‍ഭിണികളുടെ സൗജന്യ ചികിത്സയ്ക്കായി കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ആധാര്‍ കാര്‍ഡും പ്രസവ കാര്‍ഡും കൈവശം വയ്ക്കാത്തതിനാല്‍ ബുധനാഴ്ച രാത്രിയാണ് കസ്തൂരി എന്ന യുവതിക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചത്. പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ ഡോക്ടറും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പോകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ആംബുലന്‍സ് വാടകയ്ക്ക് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ യുവതി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ യുവതി പ്രസവിക്കുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം അമിത രക്തസ്രാവം ഉണ്ടാവുകയും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് മരിക്കുകയും ചെയ്തു.

സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിക്കും ഉത്തരവിട്ടതായി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ വെള്ളിയാഴ്ച അറിയിച്ചു. ഇത് ജീവനക്കാരുടെ അവഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. ”അവര്‍ മനുഷ്യത്വരഹിതമായാണ് പെരുമാറിയത്. ഈ സംഭവത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. നാല് പേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ ഡോക്ടര്‍മാരോടും ആശുപത്രി ജീവനക്കാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles