Current Date

Search
Close this search box.
Search
Close this search box.

പ്രതികളെ മോചിപ്പിക്കുന്നത് ശരിയാണോ എന്ന് തീരുമാനിക്കേണ്ടത് കോടതികളാണ്: ശിക്ഷ വിധിച്ച ജഡ്ജി

അഹ്‌മദാബാദ്: ബില്‍ക്കീസ് ബാനു ബലാല്‍സംഘ കേസിലെ പ്രതികളെ കുറ്റമുക്തരാക്കിയ നടപടിയില്‍ പ്രതികരിച്ച് ഈ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച ജഡ്ജി. കുറ്റവാളികളെ വെറുതെവിടുന്നത് ശരിയാണോ എന്ന് തീരുമാനിക്കേണ്ടത് കോടതികളാണെന്നാണ് വിരമിച്ച ജഡ്ജിയായ ജസ്റ്റിസ് യു.ഡി സാല്‍വി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 2008ല്‍ സാല്‍വിയാണ് ഈ കേസിലെ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നത്.

കുറ്റവാളികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയില്‍ തീരുമാനമെടുക്കേണ്ടത് കോടതികളാണെന്ന് വ്യാഴാഴ്ച പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലെ പ്രത്യേക ജഡ്ജിയായിരുന്നു അദ്ദേഹം.

കഷ്ടപ്പെടുന്നവര്‍ക്ക് അത് നന്നായി അറിയാം. ‘വിധി വളരെക്കാലം മുമ്പാണ് വിധിച്ചത്. ഇപ്പോള്‍ അത് സര്‍ക്കാരിന്റെ കൈയിലാണ്. അത് ശരിയാണോ അല്ലയോ എന്നത് ബന്ധപ്പെട്ട കോടതിക്കോ സുപ്പീരിയര്‍ കോടതിക്കോ നിരീക്ഷിക്കാന്‍ കഴിയും. ജയില്‍മോചനം അനുവദിക്കുന്നതിന്റെ ഉപാധികള്‍ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ടെന്ന് മാത്രമേ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ, അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം തന്നെ നിരത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധികളും ഉണ്ട്. കേസിലെ വിധിക്ക് തന്നെ പല വിശദീകരണങ്ങളും നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കീസ് ബാനുവും കുടുംബവും കൂട്ടബലാത്സംഗത്തിന് ഇരയായത്. 19 വയസ്സായിരുന്ന അവര്‍ അപ്പോള്‍ ഗര്‍ഭിണിയായിരുന്നു. അഹമ്മദാബാദിനടുത്ത് വെച്ച് നടന്ന കലാപത്തിനിടെ മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ അവളുടെ കുടുംബത്തിലെ 14 പേരെ കലാപകാരികള്‍ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ഒരു കലാപകാരി തന്റെ മൂന്ന് വയസ്സുള്ള മകളെ കൈയില്‍ നിന്ന് തട്ടിപ്പറിച്ചെടുക്കുകയും അവളുടെ തല ഒരു പാറയില്‍ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ബാനുവിന്റെ കണ്‍മുന്നില്‍ വെച്ചാണ് ഈ ക്രൂരതകളെല്ലാം നടന്നത്.

ശിക്ഷാ ഇളവ് നയം അനുസരിച്ച് ശിക്ഷ കുറയ്ക്കാനുള്ള പ്രതികളുടെ അപേക്ഷ ഓഗസ്റ്റ് 15ന് ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് കുറ്റവാളികളെ തിങ്കളാഴ്ച ഗോധ്ര ജയിലില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു.

Related Articles