Current Date

Search
Close this search box.
Search
Close this search box.

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി തയാറാണ്: ഉര്‍ദുഗാന്‍

അങ്കാറ: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി മുന്‍കൈയെടുക്കുമെന്ന് പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍. നയതന്ത്രത്തിലൂടെ ഇരുവിഭാഗവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ തുര്‍ക്ക് സന്നദ്ധമാണ്. രണ്ട് രാഷ്ട്ര നേതാക്കളെയും കൂടിക്കാഴ്ചക്കായി തുര്‍ക്കിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

‘നയതന്ത്രത്തിലൂടെയും ചര്‍ച്ചകളിലൂടെയും യുദ്ധത്തിനുള്ള പരിഹാരത്തിന് ഞങ്ങള്‍ തുടര്‍ന്നും സംഭാവനകള്‍ നല്‍കും. എന്റെ സോച്ചി സന്ദര്‍ശന വേളയില്‍ ഞാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനോട് പറഞ്ഞതുപോലെ, അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കാമെന്ന് ഞാന്‍ യുക്രേനിയന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ ഓര്‍മ്മിപ്പിച്ചിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. വ്യാഴാഴ്ച യുക്രൈയ്ന്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉര്‍ദുഗാന്‍, സെലന്‍സ്‌കി, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് എന്നിവര്‍ യുക്രേനിയന്‍ നഗരമായ ലിവിവില്‍ ഒത്തുകൂടിയിരുന്നു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ യുക്രേനിയന്‍ ധാന്യം ലോക വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് അടുത്തിടെ സ്ഥാപിച്ച സംവിധാനം നിലനിര്‍ത്തുന്നത് സംബന്ധിച്ച് മൂന്ന് നേതാക്കളും ചര്‍ച്ച ചെയ്തു.

യുക്രേനിയന്‍ ധാന്യ കയറ്റുമതിക്കായി സ്വീകരിക്കാവുന്ന നടപടികള്‍ തുര്‍ക്കിയും യുക്രെയ്‌നും യു.എന്നും ചര്‍ച്ച ചെയ്തതായും നയതന്ത്ര പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടതായും ഉര്‍ദുഗാന്‍ പറഞ്ഞു.

യുദ്ധം ആരംഭിച്ചതു മുതല്‍ സെലന്‍സ്‌കിയുമായും പുടിനുമായും വെവ്വേറെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സെപ്റ്റംബറില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ തുര്‍ക്കി ഈ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Articles