Current Date

Search
Close this search box.
Search
Close this search box.

ഉഭയകക്ഷി ബന്ധം: ഉര്‍ദുഗാനും സൗദി രാജാവും തമ്മില്‍ വീണ്ടും ചര്‍ച്ച

റിയാദ്: ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും തമ്മില്‍ ചര്‍ച്ച നടത്തി. ടെലിഫോണ്‍ വഴിയാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ വിഷയത്തില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്. ചൊവ്വാഴ്ച തുര്‍ക്കി കമ്യൂണിക്കേഷന്‍സ് ഡയറക്ടറാണ് വാര്‍ത്തകുറിപ്പിലൂടെ ഇക്കാര്യമറിയിച്ചത്.

ഇരു രാജ്യങ്ങളെയും ബാധിക്കുന്ന പൊതുവായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തിയെന്നും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്‌തെന്നും വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമം നടത്തുന്നത്.

2018ല്‍ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ച് കൊല്ലപ്പെട്ടതുമായുണ്ടായ സംഭവവികാസങ്ങള്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീഴ്ത്തിയിരുന്നു.

ഉര്‍ദുഗാനും സല്‍മാന്‍ രാജാവും ഏപ്രിലില്‍ ടെലിഫോണ്‍ില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ ഉടന്‍ തന്നെ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചിട്ടുണ്ടെന്നും
ഉര്‍ദോഗന്റെ വക്താവ് ഇബ്രാഹിം കലിന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

തുര്‍ക്കിയും ഈജിപ്തും തമ്മില്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാഷ്ട്ര പ്രതിനിധികള്‍ കഴിഞ്ഞ ദിവസം കൈറോവില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എസുമായി സഖ്യമുള്ള രണ്ട് അറബ് രാഷ്ട്രങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് തുര്‍ക്കി.

Related Articles