Current Date

Search
Close this search box.
Search
Close this search box.

ബ്രദര്‍ഹുഡിനെ ഈജിപ്ത് തീവ്രവാദ മുദ്ര കുത്തുന്നതിനെ എതിര്‍ത്ത് തുര്‍ക്കി

അങ്കാറ: മുസ്‌ലിം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ഈജിപ്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ച് തുര്‍ക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം ഈജിപ്തുമായുള്ള ഉന്നത തല ബന്ധം തുര്‍ക്കി മെച്ചപ്പെടുത്താന്‍ പോകുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവുസോഗ്ലു ഇക്കാര്യം പ്രതികരിച്ചത്.

ഈജിപ്തിലെ അട്ടിമറിക്ക് ഞങ്ങള്‍ എതിരായിരുന്നു. അത് മുസ്ലീം ബ്രദര്‍ഹുഡ് ആയതുകൊണ്ടല്ല. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീ സി അന്ന് അധികാരത്തിലേറി. എന്നാല്‍ മറ്റാരെങ്കിലും അട്ടിമറി നടത്തിയിരുന്നുവെങ്കിലും ഞങ്ങള്‍ അതേ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമായിരുന്നു- പ്രാദേശിക ടെലിവിഷന്‍ ചാനലായ ഹാബിര്‍ തുര്‍കിന് നല്‍കിയ അഭിമുഖത്തില്‍ കാവുസോഗ്ലു പറഞ്ഞു.

ഞങ്ങളുടെ ബന്ധം ഒരു വ്യക്തിയുമായോ പാര്‍ട്ടിയുമായോ ബന്ധപ്പെട്ടു കിടക്കുന്നതല്ല. എന്നാല്‍ മുസ്ലിം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആദ്യമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ അട്ടിമറിയെ തുടര്‍ന്ന് അധികാരത്തിലേറിയ സീസിയെ രാജ്യത്തിന്റെ നിയമാനുസൃത നേതാവായി അംഗീകരിക്കാന്‍ തുര്‍ക്കി വിസമ്മതിച്ച് എട്ട് വര്‍ഷത്തിന് ശേഷം അടുത്ത മാസങ്ങളില്‍ തുര്‍ക്കിയും ഈജിപ്തും തമ്മില്‍ ബന്ധം നന്നാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

അട്ടിമറിക്ക് ശേഷമുള്ള ആക്രമണത്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് നേതാക്കള്‍ക്കും മുര്‍സി ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ക്കുമെതിരായ സീസിയുടെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.

Related Articles