Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: പ്രസിഡന്റിനെ വിമര്‍ശിച്ച ടി.വി ചാനലും റേഡിയോയും പൂട്ടിച്ചു

തൂനിസ്: തുനീഷ്യയില്‍ പ്രസിഡന്റ് ഖഈസ് സഈദിനെ വിമര്‍ശിച്ച ടെലിവിഷന്‍ ചാനലും റേഡിയോയും അധികൃതര്‍ പൂട്ടിച്ചതായി റിപ്പോര്‍ട്ട്. ‘ഹാര്‍ട് ഓഫ് തുനീഷ്യ’ പാര്‍ട്ടി നേതാവ് നബീല്‍ കരോയിയുടെ ഉടമസ്ഥതയിലുള്ള ‘നസ്മ ടി.വി’യും മതപരമായ കാര്യങ്ങള്‍ക്കുള്ള റേഡിയോ സ്‌റ്റേഷനായ ഖുര്‍ആന്‍ കരീമുമാണ് പൂട്ടിച്ചത്. അതേസമയം, ഇരു സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഇല്ലാത്തതിനാലാണ് സ്ഥാപനം റദ്ദാക്കിയതെന്നാണ് തുനീഷ്യ മീഡിയ റെഗുലേറ്റര്‍ അറിയിച്ചത്.

ഈ മാസമാദ്യം സെയ്തൂന എന്ന ചാനലും അടച്ചിരുന്നെന്നും ഇത് ലൈസന്‍സില്ലാത്തതും സെയ്ദിനെ വിമര്‍ശിക്കുന്നതുമാണെന്നും മീഡിയ റെഗുലേറ്റര്‍ പറഞ്ഞു. നസ്മ ടെലിവിഷന്‍ സ്റ്റേഷനും ഖുര്‍ആന്‍ കരീം മത റേഡിയോ സ്റ്റേഷനും ലൈസന്‍സില്ലാതെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറയുന്നു. മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ ഭാഗിക ഉടമസ്ഥതയിലുള്ള നസ്മയുടെ പ്രക്ഷേപണ ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും അധികൃതര്‍ പറഞ്ഞു.

ജൂലൈയില്‍ എക്‌സിക്യൂട്ടീവ് അധികാരം പിടിച്ചെടുത്ത പ്രസിഡന്റ് ഖഈസ് സെയ്ദിനെ ഇരു മാധ്യമങ്ങളും വിമര്‍ശിച്ചിരുന്നു. 2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചാനല്‍ ഉടമ കൂടിയായ നബീല്‍ കരോയിയെയും സഹോദരനെയും ‘അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു’ എന്നാരോപിച്ച് ഓഗസ്റ്റ് അവസാനം മുതല്‍ അള്‍ജീരിയയില്‍ തടഞ്ഞുവച്ചിരുന്നു.

Related Articles