Current Date

Search
Close this search box.
Search
Close this search box.

‘കശ്മീര്‍ ഫയല്‍സ്’; സത്യത്തില്‍ നിന്ന് വളരെ അകലെ: ഉമര്‍ അബ്ദുല്ല

ശ്രീനഗര്‍: ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമ സത്യത്തില്‍ നിന്ന് വളരെ അകലെയാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യന്ത്രി ഉമര്‍ അബ്ദുല്ല. തീവ്രവാദം അനുഭവിച്ച മുസ്ലീങ്ങളുടെയും സിഖുകാരുടെയും ത്യാഗങ്ങള്‍ സിനിമാ നിര്‍മ്മാതാക്കള്‍ അവഗണിച്ചു. കശ്മീരി പണ്ഡിറ്റ് കുടിയേറ്റത്തിന്റെ ദൗര്‍ഭാഗ്യകരമായ സംഭവം നടക്കുമ്പോള്‍ ഫാറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായിരുന്നില്ല.

ജഗ്മോഹന്‍ ആയിരുന്നു ഗവര്‍ണര്‍. കേന്ദ്രത്തില്‍ പുറത്തുനിന്ന് ബി.ജെ.പി പിന്തുണ നല്‍കിയ വി പി സിങ്ങിന്റെ സര്‍ക്കാരറായിരുന്നു- നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് കൂടിയായ അബ്ദുള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പി ടി ഐ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സത്യം വളച്ചൊടിക്കരുത്. അത് ശരിയായ കാര്യമല്ല. കശ്മീരി പണ്ഡിറ്റുകള്‍ തീവ്രവാദത്തിന് ഇരയായിട്ടുണ്ടെങ്കില്‍ അതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. എന്നാല്‍ അതേ തോക്കിന് ഇരയായ മുസ്ലീങ്ങളുടെയും സിഖുകാരുടെയും ത്യാഗങ്ങള്‍ നമ്മള്‍ മറക്കരുത്.

വീടുവിട്ടുപോയ എല്ലാവരെയും തിരികെ കൊണ്ടുവരാനും വര്‍ഗീയ വിഭജനം സൃഷ്ടിക്കാതിരിക്കാനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. പക്ഷേ, ഈ സിനിമ ചെയ്തവര്‍ കാശ്മീരി പണ്ഡിറ്റുകള്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. പണ്ഡിറ്റുകള്‍ എപ്പോഴും പുറത്ത് തന്നെ തുടരണമെന്നാണ് ഈ ചിത്രത്തിലൂടെ അവര്‍ ആഗ്രഹിക്കുന്നത്. ലോകമെമ്പാടുമുള്ള കശ്മീരി മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അബ്ദുള്ള നേരത്തെ തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Related Articles