Current Date

Search
Close this search box.
Search
Close this search box.

താജ് മഹലിലേക്ക് കൃഷ്ണ വിഗ്രഹവുമായി കയറാനുള്ള ശ്രമം തടഞ്ഞു; പ്രതിഷേധവുമായി സംഘ്പരിവാര്‍

ആഗ്ര: താജ് മഹലിനകത്തേക്ക് കൃഷ്ണ വിഗ്രഹവുമായി കയറാന്‍ ശ്രമിച്ച ടൂറിസ്റ്റിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ജയ്പൂര്‍ സ്വദേശിയായ ഗൗതം എന്നയാളാണ് കൃഷ്ണന്റെ വിഗ്രഹവുമായി താജ് മഹലിലേക്ക് കയറാന്‍ ശ്രമിച്ചത്. വിഗ്രഹവുമായി പ്രവേശിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞതിന് ഉദ്യോഗസ്ഥര്‍ സുരക്ഷാ കാരണങ്ങളാണ് പറഞ്ഞതെന്ന് ടൂറിസ്റ്റ് ഗൗതം താജ്മഹലില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സി.ഐ.എസ്.എഫിനാണ് ഇവിടെ സുരക്ഷ ചുമതല.

അതേസമയം, സംഭവം വിവാദമാക്കി പ്രതിഷേധവുമായി സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
വിനോദസഞ്ചാരിയെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അധികാരികള്‍ക്കെതിരെ പ്രതിഷേധിക്കുമെന്ന് പ്രാദേശിക ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ പറഞ്ഞു. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ മനപൂര്‍വം വിവാദമുണ്ടാക്കി പ്രശ്‌നം സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ സംഭവമെന്നും ആരോപണമുണ്ട്.

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരോട് ഇക്കാര്യം അന്വേഷിക്കുമെന്ന് ആഗ്ര സര്‍ക്കിളിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഉദ്യോഗസ്ഥന്‍ പറഞ്ഞു. തങ്ങളുടെ ദൈവത്തെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ ഞങ്ങള്‍ പ്രതിഷേധിക്കുമെന്നും രാഷ്ട്രീയ ഹിന്ദു പരിഷത്ത് ഭാരത് ദേശീയ അധ്യക്ഷന്‍ ഗോവിന്ദ് പരാശര്‍ പറഞ്ഞു.’

എനിക്കും ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ലഭിച്ചു. എന്നാല്‍ സംഭവം തിങ്കളാഴ്ചയാണോ അതോ മറ്റെന്തെങ്കിലും ദിവസമാണോ നടന്നത് എന്നത് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ഞാന്‍ സി.ഐ.എസ്.എഫിനോട് അന്വേഷിക്കുമെന്നും പരിപാലന അസിസ്റ്റന്റ് രാജ്കുമാരന്‍ വാജ്പേയി പറഞ്ഞു.

Related Articles