Current Date

Search
Close this search box.
Search
Close this search box.

അല്‍ജസീറ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല: ഖത്തര്‍

ദോഹ: ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് അടച്ചുപൂട്ടുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം സൗദിയില്‍ ചേര്‍ന്ന ജി.സി.സി ഉച്ചകോടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ഖത്തര്‍ അറിയിച്ചു. 2017ല്‍ ഉപരോധം ഏര്‍പ്പെടുത്തിയ സമയത്ത് നാല് അയല്‍രാജ്യങ്ങളും മുന്നോട്ടുവെച്ച ഉപാധികളില്‍ ഒന്നായിരുന്നു ഖത്തറിലെ അല്‍ജസീറ മീഡിയ അടച്ചു പൂട്ടണം എന്നത്.

ജി.സി.സി ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചക്കിടെ അല്‍ജസീറ അടച്ചുപൂട്ടല്‍ വിഷയം ആരും ഉന്നയിച്ചിട്ടില്ലെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി അല്‍ജസീറയോട് പറഞ്ഞു. അല്‍ ജസീറയുടെ പ്രശ്‌നം ആരും ഉന്നയിച്ചില്ല. ഞങ്ങള്‍ അഭിമാനിക്കുന്ന ഒരു സ്ഥാപനമാണിത്, അതിന്റെ മാധ്യമ പ്രൊഫഷണലുകളിലും ഖത്തറിലെ അവരുടെ സാന്നിധ്യത്തിലും അഭിമാനമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ജസീറയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു, ഈ പ്രശ്‌നം ക്രിയാത്മകമായും നിര്‍മാണാത്മകമായും കൈകാര്യം ചെയ്യണം. പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ഖത്തര്‍ മറ്റു കക്ഷികളില്‍ നിന്നും ആത്മസംയമനം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തും അമേരിക്കയും സൗദിയുമടക്കം മധ്യസ്ഥം വഹിച്ച നിരവധി ചര്‍ച്ചകളെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് ഉച്ചകോടിക്ക് മുന്നോടിയായി ഉപരോധം പിന്‍വലിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചത്. ഖത്തറുമായുള്ള കര അതിര്‍ത്തി തുറന്നുനല്‍കുന്നതായി സൗദിയും പ്രഖ്യാപിച്ചു. ജനുവരി ആറിന് അല്‍ ഉലയില്‍ വെച്ച് നടന്ന 41ാമത് ജി.സി.സി ഉച്ചകോടിയില്‍ സൗദി, ബഹ്‌റൈന്‍, യു.എ.ഇ രാജ്യങ്ങള്‍ ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിച്ചുകൊണ്ടുള്ള കരാറില്‍ ഒപ്പുവെക്കുകയായിരുന്നു.

Related Articles