Current Date

Search
Close this search box.
Search
Close this search box.

ഖര്‍ഗോന്‍: മുസ്‌ലിംകളുടെ കടകള്‍ ബഹിഷ്‌കരിക്കണമെന്ന് സംഘ്പരിവാര്‍

ഖര്‍ഗോന്‍: മധ്യപ്രദേശിലെ ഖര്‍ഗോനില്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന വര്‍ഗ്ഗീയ കലാപത്തിനു പിന്നാലെ വീണ്ടും വംശീയ വിദ്വേഷവുമായി സംഘ്പരിവാര്‍ ക്യാംപുകള്‍. നഗരത്തിലെ മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള കടകള്‍ ബഹിഷ്‌കരിക്കണമെന്നാണ് ഇപ്പോള്‍ പ്രചാരണം നടത്തുന്നത്. ലൗഡ് സ്പീക്കര്‍ കെട്ടിയ ട്രക്കില്‍ നിന്നും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് നടത്തുന്നതിന്റെ വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച പി.ടി.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘ സ്ത്രീകള്‍ മുസ്ലിംകളുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്’ എന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ട് വീഡിയോവില്‍. അക്രമത്തിനെതിരായ പ്രതിഷേധത്തിന്റെ അടയാളമായി ‘നാളെ കടകള്‍ അടച്ചിടണമെന്ന്’ ഹിന്ദുക്കളോട് പറയുന്നതും വീഡിയോവില്‍ ഉണ്ട്. അനൗണ്‍സ് നടത്തുന്ന ആളെ വ്യക്തമായി കാണുന്നില്ല. രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്ക് തക്കതായ മറുപടി നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.

ഏപ്രില്‍ 19ന് ഖാര്‍ഗോണിലെ കതര്‍ഗാവ് ഗ്രാമത്തിലാണ് അനൗണ്‍സ്‌മെന്റ് നടന്നതെന്ന് കരാഹി പൊലീസ് സ്റ്റേഷന്റെ സ്റ്റേഷന്‍ ഇന്‍ചാര്‍ജ് പര്‍മാനന്ദ് ഗോയല്‍ പി.ടി.ഐയോട് പറഞ്ഞു. ഖാര്‍ഗോന്‍ പട്ടണത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം.

ഏപ്രില്‍ 10ന് ഖാര്‍ഗോനില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ ചിലര്‍ കല്ലെറിഞ്ഞുവെന്നാരോപിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വര്‍ഗീയ കലാപം അഴിച്ചുവിട്ടിരുന്നു. റാലി ഖാര്‍ഗോനിലെ തലാബ് ചൗക്ക് ഏരിയയില്‍ എത്തിയപ്പോള്‍ ജീപ്പില്‍ നിന്നും ഉച്ചത്തിലുള്ളതും പ്രകോപനപരവുമായ സംഗീതം മുഴക്കുകയും തുടര്‍ന്ന്, ഗൗശാല മാര്‍ഗ്, തബാദി ചൗക്ക്, സഞ്ജയ് നഗര്‍, മോത്തിപുര മേഖലകളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു.

അക്രമത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തില്‍ പത്ത് വീടുകള്‍ കത്തിച്ചു. തുടര്‍ന്ന് ഏപ്രില്‍ 11ന് മധ്യപ്രദേശ് സര്‍ക്കാര്‍ ഖാര്‍ഗോനില്‍ മുസ്ലീംകളുടെ വീടുകളും കടകളും തകര്‍ത്തു. ഘോഷയാത്രയ്ക്കിടെ കല്ലെറിഞ്ഞവരുടെ വീടുകളാണ് തകര്‍ത്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടിരുന്നു.

Related Articles