Current Date

Search
Close this search box.
Search
Close this search box.

കിക്കോഫ് വിസിലിനായി കാത്തിരിക്കുന്ന ഖത്തര്‍, എങ്ങും ഫുട്‌ബോള്‍ ജ്വരം- ചിത്രങ്ങള്‍ കാണാം….

രണ്ടു ദിവസം പിന്നിട്ട് മൂന്നാം നാള്‍ പുതിയ ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങുന്ന ഖത്തറിലെങ്ങും ഇപ്പോള്‍ ആഘോഷത്തിന്റെ ഉത്സവച്ചായയാണ്. ഖത്തറെന്ന കൊച്ചുരാഷ്ട്രത്തിന്റെ മുക്കുമൂലകളിലെല്ലാം ഇപ്പോള്‍ ഫുട്‌ബോള്‍ വസന്തം എന്ന ഒരു വികാരം മാത്രമേ ഉള്ളൂ. അതിനെതിരായ പ്രചാരണങ്ങളും കൊണ്ടുപിടിച്ച ശ്രമങ്ങളുമെല്ലാം ആഘോഷമയത്താല്‍ മുങ്ങിയിരിക്കുകയാണ് ഖത്തറില്‍. ശനിയാഴ്ച ഖത്തര്‍ പ്രാദേശിക സമയം വൈകീട്ട് ഏഴു മണിക്ക് മുഴങ്ങുന്ന കിക്കോഫ് വിസിലിനായി അക്ഷമരായി കാത്തിരിക്കുകയാണ് ഖത്തറിലെ മുഴുവന്‍ ഫുട്‌ബോള്‍ ആരാധകരും.

കിക്കോഫിന് മുന്നോടിയായി അല്‍ ബിദ പാര്‍ക്കില്‍ ഒരുക്കിയ ഫാന്‍ ഫെസ്റ്റിവലില്‍ ബുധനാഴ്ച ടെസ്റ്റ് റണ്‍ നടത്തി. പൊതുജനങ്ങള്‍ക്കായി കൂറ്റന്‍ സ്‌ക്രീനില്‍ എല്ലാ മത്സരങ്ങളുടെയും തത്സമയ സ്‌ക്രീനിങ്ങ് നടത്തുന്ന ഏറ്റവും വലിയ ഒത്തുചേരല്‍ കേന്ദ്രമാണ് ഫാന്‍ സോണ്‍. നാല്‍പതിനായിരം പേര്‍ക്ക് ഒരേസമയം ഇവിടെ ഒരുമിച്ചുകൂടാനുള്ള സൗകര്യമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 20,000 പേരാണ് ടെസ്റ്റ് റണ്ണില്‍ പങ്കെടുത്തതെന്ന് സംഘാടകര്‍ പറഞ്ഞു.

ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്‌ക്രീനിങ്ങിനായി ഒരു കൂറ്റന്‍ സ്‌ക്രീന്‍ ആണ് പ്രധാന വേദി. ആധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതിക വിദ്യ ഒത്തിണക്കിയാണ് ഇവിടം സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലായി ദോഹയുടെ സ്‌കൈലൈനിന്റെ വിശാലമായ കാഴ്ചയും കാണാനാകും. ഇതിനു പുറമെ ഫാന്‍ സോണില്‍ ഫുഡ് കോര്‍ട്ടുകള്‍, സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍, ഫിഫ മ്യൂസിയം എന്നിവയും സന്ദര്‍ശിക്കുന്ന ആരാധകര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ട്രയലില്‍ പങ്കെടുത്തവരെല്ലാം ഫിഫയുടെയും ഖത്തറിനെയും സംഘാടന മികവിനെ വാനോളം പുകഴ്്ത്തി. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇത്രയും വലിയ ഫാന്‍സോണ്‍ ഒരുക്കിയിട്ടില്ലെന്നാണ് വിവിധ രാജ്യത്തുനിന്നെത്തിയ ഫുട്‌ബോള്‍ പ്രേമികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്.

അല്‍ജസീറയുടെ സോറിന്‍ ഫുര്‍കോയിയും ഉസൈദ് സിദ്ദീഖിയും പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം….

അല്‍ബിദ പാര്‍ക്കില്‍ ഒരുക്കിയ ഫാന്‍ ഫെസ്റ്റിവലിലെ കൂറ്റന്‍ സ്‌ക്രീന്‍.
ഫാന്‍ ഫെസ്റ്റിവലിലേക്ക് പ്രവേശിക്കാനായി ക്യൂവില്‍ നില്‍ക്കുന്ന ഫുട്‌ബോള്‍ ആരാധകര്‍.
ലോകകപ്പ് ചരിത്രം വിവരിക്കുന്ന ഫിഫ മ്യൂസിയം
ഫിഫ മ്യൂസിയത്തില്‍ ഒരുക്കിയ ഫിഫ ലോകകപ്പ് ട്രോഫി.
ഫാന്‍ സോണില്‍ വഴികാട്ടിയായും സംശയനിവാരണത്തിനും മറ്റും സജ്ജമാക്കിയ റോബോട്ട് നായകള്‍.
ഫിഫ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുവെച്ച മുന്‍കാല ലോകകപ്പില്‍ ഉപയോഗിച്ച സാമഗ്രികള്‍.
ഫാന്‍സോണില്‍ സ്ഥാപിച്ച ഖത്തര്‍ ലോകകപ്പ് ഫുടബോളായ അഡിഡാസിന്റെ അല്‍ രിഹ്ല പന്തിന്റെ കൂറ്റന്‍ മാതൃക.
പരിപാടികള്‍ അവതരിപ്പിക്കാനുള്ള കൂറ്റന്‍ വേദിയും പിറകിലായി ഒരുക്കിയ കൂറ്റന്‍ എല്‍.ഇ.ഡി വാളും.
ആരാധകര്‍ക്ക് ഭക്ഷണം കഴിക്കാനായി ടെന്റ് മാതൃകയില്‍ ഒരുക്കിയ ഇരിപ്പിടങ്ങള്‍.

Related Articles