Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി ജനങ്ങള്‍- ചിത്രങ്ങള്‍ കാണാം

ബാഗ്ദാദ്: നൂറുകണക്കിന് പ്രതിഷേധക്കാരാണ് കഴിഞ്ഞ ദിവസം ഇറാഖ് പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് ഇരച്ചുകയറിയത്. അതീവ സുരക്ഷ മേഖലയായിരുന്നിട്ടും പൊലിസിന്റെ പ്രതിരോധം മറികടന്നാണ് ജനങ്ങള്‍ പാര്‍ലമെന്റില്‍ കയറിക്കൂടിയത്. അവരില്‍ ഭൂരിഭാഗവും പ്രമുഖ ഇറാഖി മതനേതാവ് മുഖ്തദ അല്‍-സദറിന്റെ അനുയായികളായിരുന്നു.

പാര്‍ലമെന്റിനകത്ത് കയറിയവര്‍ ആഹ്ലാദ നൃത്തം ചവിട്ടുകയും ആടുകയും പാട്ടുപാടുകയും ചെയ്തു. തലസ്ഥാനമായ ബഗ്ദാദിലെ ഹൈ-സെക്യൂരിറ്റി ഗ്രീന്‍ സോണില്‍ ഇരച്ചുകയറിയ ശേഷം തങ്ങളുടെ എതിരാളി സംഘടനയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു.

ഗ്രീന്‍ സോണിന്റെ ഗേറ്റുകള്‍ കടക്കുന്നത് തടയാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചുവെങ്കിലും ജനക്കൂട്ടം അതൊന്നും വകവെക്കാതെ മുന്നോട്ടു നീങ്ങി പാര്‍ലമെന്റില്‍ പ്രവേശിച്ചു. ആഗോള എണ്ണ വില കുതിച്ചുയരുമ്പോഴും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക പ്രതിസന്ധികളില്‍ കുടുങ്ങിക്കിടക്കുന്ന ഇറാഖിന് ഏറ്റവും പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ഈ പ്രതിഷേധം.

ദേശീയ പതാകകള്‍ വീശിയും, ഫോട്ടോയെടുത്തും, ആര്‍പ്പുവിളിച്ചും, ആനന്ദ നൃത്തം ചവിട്ടിയും ജനക്കൂട്ടം പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റും തിമിര്‍ത്തു. ഇതിന്റെ ചിത്രങ്ങള്‍ അല്‍ജസീറ പുറത്തുവിട്ടിട്ടുണ്ട്.

പ്രധാനമന്ത്രി മുസ്തഫ അല്‍-കാദിമി പ്രതിഷേധക്കാരോട് ‘ഉടന്‍ പിന്‍വാങ്ങാണമെന്ന്’ ആഹ്വാനം ചെയ്തു, സുരക്ഷാ സേന ‘സംസ്ഥാന സ്ഥാപനങ്ങളുടെയും വിദേശ ദൗത്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുമെന്നും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും എന്തെങ്കിലും ദോഷം വരുത്തുന്നത് തടയുമെന്നും മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം ഷിയ നേതാവ് അല്‍-സദര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ സ്വീകരിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവുകയായിരുന്നു. മുന്‍ മന്ത്രിയും മുന്‍ പ്രവിശ്യാ ഗവര്‍ണറുമായ മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തും അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കത്തെ എതിര്‍ത്തുമാണ് ഒരു വിഭാഗം ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ചിത്രങ്ങള്‍ കാണാം…

 

Related Articles