Current Date

Search
Close this search box.
Search
Close this search box.

ദേശീയ പതാകയുമായി സ്റ്റേഡിയങ്ങളില്‍ നിറഞ്ഞാടി ഫലസ്തീനികളും

ദോഹ: തങ്ങളുടെ രാഷ്ട്രം കളിക്കളത്തില്‍ ഇല്ലെങ്കില്‍ എല്ലാ മത്സരങ്ങളിലും സ്വന്തം രാജ്യത്തിന്റെ പതാകയും ചേര്‍ത്തുപിടിത്താണ് ഫലസ്തീനികള്‍ ഖത്തറില്‍ കളി കാണാനെത്തുന്നത്. ഖത്തറില്‍ താമസിക്കുന്ന ഫലസ്തീനികളും കളി കാണാനായി ഖത്തറിലെത്തിയവരുമാണ് വിവ ഫലസ്തീന്‍ വിളികളും ദേശീയ പതാകയും തോരണങ്ങളുമേന്തി സ്‌റ്റേഡിയങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ഫലസ്തീനികളുടെ പരമ്പരാഗതമായ വേഷമായ കഫിയ്യയും തലയില്‍ ചുറ്റി സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘവും സജീവമാണ്. ഇസ്രായേലിന്റെ അടിച്ചമര്‍ത്തലിനെതിരെ ഫലസ്തീന് പിന്തുണയുമായി മറ്റ് ഫുട്‌ബോള്‍ ആരാധകരും ഫലസ്തീനികളുടെ കൂടെ ഐക്യദാര്‍ഢ്യവുമായി ഒപ്പം കൂടുന്ന കാഴ്ചകളും കാണുന്നുണ്ടെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

‘ഞങ്ങളുടെ ശബ്ദം കേള്‍ക്കാനുള്ള ഒരു വേദിയാണ് ഞങ്ങള്‍ക്ക് ലോകകപ്പ്. മിക്ക ഫലസ്തീനികളും തങ്ങളുടെ സാന്നിദ്ധ്യം പ്രകടിപ്പിക്കാന്‍ ഇവിടെയെത്തിയിട്ടുണ്ട്. പതാകകള്‍ കൊണ്ട് മാത്രമല്ല, വസ്ത്രധാരണത്തിലും അത് കാണാമെന്നും ഫലസ്തീനിയായ ബാദിര്‍ അല്‍ജസീറയോട് പറഞ്ഞു. ഫലസ്തീന്റെ ഭൂപടവും അതില്‍ ‘ഫ്രീ ഫലസ്തീന്‍’ എന്ന് ആലേഖനം ചെയ്തിട്ടുള്ള ഒരു ടി-ഷര്‍ട്ടും ധരിച്ച ബാദിര്‍ കഴുത്തില്‍ ഒരു ഫലസ്തീനിയന്‍ കെഫിയയും (സ്‌കാര്‍ഫും) പതാകയും ചുറ്റിയാണ് സ്റ്റേഡിയത്തിലെത്തിയത്.

‘നമ്മുടെ മാതൃരാജ്യത്തിലെ സാഹചര്യങ്ങള്‍ അവരെ പരിചയപ്പെടുത്താനും നമ്മുടെ സംസ്‌കാരം അവരെ കാണിക്കാനും നമ്മുടെ ചരിത്രം വിവരിക്കാനും ഇത് ഞങ്ങള്‍ക്ക് അവസരം നല്‍കുന്നു. അവര്‍ക്ക് ഇസ്രായേലിനെക്കുറിച്ച് അറിയാം, പക്ഷേ ഫലസ്തീനിനെക്കുറിച്ച് അറിയില്ല. ഫലസ്തീന്‍ പിടിച്ചടക്കുന്നതുവരെ ഇസ്രായേല്‍ ഉണ്ടായിരുന്നില്ല.’ അവര്‍ പറഞ്ഞു.

ഇതുപറയുമ്പോള്‍ സമീപത്ത്, ഒരു കൂട്ടം പുരുഷന്മാരും സ്ത്രീകളും ഒരു വൃത്താകൃതിയില്‍ ഒത്തുകൂടി, ഒരു സ്പീക്കറില്‍ നിന്ന് സംഗീതം പ്ലേ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉച്ചത്തിലുള്ള ആഹ്ലാദം ഉയര്‍ന്നു. വരികള്‍ മുഴങ്ങുമ്പോള്‍, അവര്‍ ദമ്മി ഫലസ്തീനി (എന്റെ രക്തം ഫലസ്തീനിയന്‍) എന്ന പ്രശസ്തമായ ഫലസ്തീനിയന്‍ ഗാനത്തിനൊപ്പം പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. ഫലസ്തീന്റെ കഥയാണ് ഗാനം പറയുന്നതെന്ന് ബദര്‍ വിശദീകരിച്ചു.

അവര്‍ ഫലസ്തീനികളല്ല, പക്ഷേ ഈ പാട്ട് കേള്‍ക്കുമ്പോഴും നമ്മുടെ പതാക കാണുമ്പോഴും മൊറോക്ക, തുനീഷ്യ, ഈജിപ്ത്, ഖത്തരി ആരാധകര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടകയും മുസ്ലീങ്ങള്‍ എന്ന നിലയില്‍ അവര്‍ നമ്മുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയും നമ്മുടെ വേദന അനുഭവിക്കുകയും ചെയ്യുന്നുവെന്നും ബിദര്‍ പറഞ്ഞു.

Related Articles