Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിയുടെ 113 ദിവസത്തെ നിരാഹാര സമരം വിജയം കണ്ടു

വെസ്റ്റ്ബാങ്ക്: 113 ദിവസമായി തുടര്‍ന്ന നിരാഹാര സമരം വിജയം കണ്ടതിന്റെ ആത്മനിര്‍വൃതിയിലാണ് ഫലസ്തീന്‍ തടവുകാരനായ മിഖ്താദ് അല്‍ ഖാസിമി. ഇസ്രായേലിലെ ജയിലിലായിരുന്ന ഖാസിമിയെ അടുത്ത ഫെബ്രുവരിയില്‍ വിട്ടയക്കാമെന്ന ഇസ്രായേല്‍ ജയില്‍ അധികൃതരുടെ ഉറപ്പിന്മേലാണ് അദ്ദേഹം കഴിഞ്ഞ ദിവസം നിരാഹാര സമരം അവസാനിപ്പിച്ചത്. വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണില്‍ നിന്നുള്ള 24കാരനായ മിഖ്ദാദ് മൂന്ന് മാസം മുന്‍പാണ് നിരാഹാര സമരം ആരംഭിച്ചത്. ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ച അദ്ദേഹത്തെ വിചാരണയോ കുറ്റമോ ചുമത്താതെ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു.

നിരാഹാര സമരം അവസാനിപ്പിക്കാനും 2022 ഫെബ്രുവരിയില്‍ മോചിപ്പിക്കാനും ഇസ്രായേല്‍ ജയില്‍ അധികൃതരുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഒക്ടോബറില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഖാസിമിയെ റെഹോവോട്ടിലെ കപ്ലാന്‍ മെഡിക്കല്‍ സെന്ററിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

അദ്ദേഹം മരണാസന്നനാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നും ആ സമയത്ത് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഖാസിമിനെ 2015 മുതല്‍ പലതവണ ഇസ്രായേല്‍ അറസ്റ്റ് ചെയ്യുകയും നാല് വര്‍ഷം വരെ ഇസ്രായേല്‍ ജയിലുകളില്‍ അടക്കുകയും ചെയ്തിട്ടുണ്ട്. ജനുവരിയില്‍ ഹെബ്രോണില്‍ വച്ചാണ് ഇദ്ദേഹത്തെ അവസാനമായി അറസ്റ്റ് ചെയ്തത്.

Related Articles