Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നിലപാട് വ്യക്തമാണ്: ഇംറാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: ഇസ്രായേലുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നിലപാട് നേരത്തെ തന്നെ വളരെ വ്യക്തമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ഫലസ്തീനികള്‍ക്ക് ഫലസ്തീന്‍ രാഷ്ട്രം എന്നത് അംഗീകരിക്കുന്നത് വരെ പാകിസ്താന്‍ ഇസ്രായേലിനെ അംഗീകരിക്കില്ലെന്നും പ്രാദേശിക മാധ്യമമായ ദുന്‍യാ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇംറാന്‍ ഖാന്‍ പറഞ്ഞു. ഇസ്രായേലിനെ ഒരു രാജ്യമായി തങ്ങള്‍ അംഗീകരിക്കുന്നില്ല. പ്രത്യേകിച്ചും അമേരിക്കയുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച യു.എ.ഇ ഇസ്രായേലുമായുണ്ടാക്കിയ പുതിയ നയതന്ത്ര കരാറിന്റെ പശ്ചാതലത്തില്‍.

പാകിസ്ഥാന്‍ സ്ഥാപകന്‍ ഖാഇദെ അസാം മുഹമ്മദ് അലി ജിന്ന ഈ വിഷയത്തിലുള്ള പാകിസ്താന്റെ നിലപാട് 1948ല്‍ തന്നെ വ്യ്കതമാക്കിയതാണെന്നും ഇംറാന്‍ ഖാന്‍ ട്വിറ്ററിലൂടെ ആവര്‍ത്തിച്ചു. ‘ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. അത് നേരത്തെ തന്നെ ഖാഇദെ അസാം മുഹമ്മദ് അലി ജിന്ന വ്യക്തമാക്കിയതാണ്.

ഫലസ്തീനികള്‍ക്ക് നീതിപൂര്‍വമായി ഒത്തുതീര്‍പ്പിനുള്ള അവകാശം നല്‍കാത്തിടത്തോളം കാലം പാകിസ്താന്‍ ഇസ്രായേലിനെ അംഗീകരിക്കില്ല’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആഗസ്റ്റ് 13നാണ് യു.എ.ഇ ഇസ്രായേലുമായി നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. അമേരിക്കയാണ് ആദ്യമായി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

Related Articles