Current Date

Search
Close this search box.
Search
Close this search box.

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിന് മികച്ച വിജയം

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം നടന്ന കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് മികച്ച വിജയം. പാര്‍ലമെന്റിലെ പകുതിയോളം സീറ്റിലാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ആകെയുള്ള 50 സീറ്റില്‍ 24 സീറ്റാണ് പ്രതിപക്ഷം അല്ലെങ്കില്‍ സര്‍ക്കാര്‍ വിരുദ്ധ മുന്നണിയിലുള്ളവര്‍ വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 16 സീറ്റ് ഉണ്ടായിരുന്നതില്‍ നിന്ന് 24 സീറ്റിലേക്കുയര്‍ന്നു എന്നതും മത്സരിച്ച 29 സ്ത്രീകളില്‍ ആരും തന്നെ വിജയിച്ചില്ല എന്നതും ശ്രദ്ധേയമാണ്. വിജയിച്ചവരില്‍ 30 പേരും 45 വയസ്സില്‍ താഴെയുള്ളവരാണ്. ഇത് രാജ്യത്ത് മാറ്റവും പരിഷ്‌കരണവും ഉണ്ടാകുമെന്ന പ്രത്യാശയാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്.

കോവിഡ് അടക്കം വിവിധ പ്രതിസന്ധികള്‍ തുടരുന്നതിനിടെയാണ് ശനിയാഴ്ച കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. കോവിഡിനെത്തുടര്‍ന്ന് എണ്ണ വില ഇടിഞ്ഞത് ഒപെകിലെ പ്രധാന അംഗമായ കുവൈത്തിലെ സമ്പദ് വ്യവസ്ഥയെ തളര്‍ത്തിയിരുന്നു. രാജ്യത്തെ ബജറ്റ് കമ്മി പരിഹരിക്കുന്നതിന് സമ്പദ് വ്യവസ്ഥക്ക് ഉത്തേജനം നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പൊതു തെരഞ്ഞെടുപ്പ് കടന്നുവന്നത്.

1960ല്‍ രൂപീകൃതമായ കുവൈത്തിലെ ഏകീകൃത ദേശീയ അസംബ്ലിയെ ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും ശക്തമായ പാര്‍ലമെന്റ് ആയാണ് കണക്കാക്കപ്പെടുന്നത്. നാലു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 50 പാര്‍ലമെന്റ് അംഗങ്ങളെ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്തമായി നിയുക്ത അംഗങ്ങളേക്കാള്‍ കൂടുതല്‍ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളാണ് പാര്‍ലമെന്റില്‍ ഉണ്ടാവുക. മാത്രവുമല്ല, രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നിരോധിക്കപ്പെട്ടതിനാല്‍ എല്ലാവരും സ്വതന്ത്രരായാണ് മത്സരിക്കുന്നത്. അഴിമതി, കടത്തിന്റെ പ്രതിസന്ധി, വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം എന്നിവയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച വിഷയങ്ങള്‍.

Related Articles