Current Date

Search
Close this search box.
Search
Close this search box.

ഒരു ദിവസത്തെ സൈനിക ചിലവ് പട്ടിണിക്കെതിരെ പോരാടാന്‍ നല്‍കാമോ ?

വാഷിങ്ടണ്‍: ഒരു ദിവസം സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചിലവ് ലോകത്തെ പട്ടിണി മാറ്റാന്‍ നല്‍കുമോ എന്ന് ലോകരാഷ്ട്രങ്ങളോട് ചോദിക്കുകയാണ് സന്നദ്ധ-ജീവകാരുണ്യ സംഘടനകള്‍.

250ഓളം സംഘടനകളാണ് ലോകത്തെ വന്‍കിട രാഷ്ട്രങ്ങളോടടക്കം ഈ അവശ്യം മുന്നോട്ടുവെക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള പട്ടിണിക്കാരെ സഹായിക്കാന്‍ ഒരു ദിവസത്തെ ഏറ്റവും ചുരുങ്ങിയ ചിലവായ 5.5 ദശലക്ഷം ഡോളര്‍ എങ്കിലും മാറ്റിവെക്കാനാണ് ആവശ്യപ്പെടുന്നത്. ആഗോള സൈനിക ചിലവിന്റെ ഒരു വിഹിതം ഇവരെ പട്ടിണിയില്‍ നിന്നും രക്ഷിക്കുമെന്നും ഇത് തങ്ങളുടെ അവസാന അപേക്ഷയാണെന്നും എന്‍.ജി.ഒ പുറത്തുവിട്ട തുറന്ന കത്തില്‍ പറയുന്നു.

ഓരോ ദിവസവും, വിശപ്പ്, പട്ടിണി, മനുഷ്യത്വപരമായ ആവശ്യങ്ങള്‍ എന്നിവ വര്‍ദ്ധിക്കുന്നതിന്റെ കഥകളും തെളിവുകളും ഞങ്ങള്‍ പുറത്തുവിടുന്നു. എന്നിട്ടും ഇതിന് അടിയന്തിര നടപടികളോ മതിയായ ധനസഹായമോ ആരും നല്‍കുന്നില്ല- അവര്‍ പറഞ്ഞു.

34 ദശലക്ഷത്തിലധികം ആളുകള്‍ നിലവില്‍ പട്ടിണിയുടെ വക്കിലാണെന്നും 270 ദശലക്ഷം പേര്‍ ഭക്ഷ്യ സുരക്ഷിതരല്ലെന്നും എന്‍.ജി.ഒയായ ഇസ്ലാമിക് റിലീഫ് ട്വീറ്റ് ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ക്ഷാമത്തിനും പട്ടിണിക്കും ഇടമില്ലെന്നും രാഷ്ട്ര നേതാക്കളോട് അവര്‍ പറഞ്ഞു.

Related Articles