Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനില്‍ സമാധാനം സ്ഥാപിക്കാതെ ഇസ്രായേലുമായി ഒരു കരാറുമില്ല: സൗദി

റിയാദ്: യു.എ.ഇ-ഇസ്രായേല്‍ നയതന്ത്ര ഉടമ്പടിയില്‍ നിലപാട് വ്യക്തമാക്കി സൗദി അറേബ്യ. ഫലസ്തീനില്‍ സമാധാനം പുന:സ്ഥാപിക്കാതെ ഇസ്രായേലുമായി യാതൊരു കരാറിനുമില്ലെന്നാണ് സൗദി വിദേശകാര്യ മന്ത്രി പ്രസ്താവിച്ചത്. ഫലസ്തീനികള്‍ക്ക് സ്വീകാര്യമായ ദ്വിരാഷ്ട്ര ഫോര്‍മുല എന്ന പരിഹാരമില്ലാതെ ഇസ്രായേലുമായി ഒരു കരാറിനുമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഫലസ്തീനികളുമായി അന്താരാഷ്ട്ര അംഗീകാരമുള്ള സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കുന്നതുവരെ സൗദി യു.എ.ഇയുടെ പാത പിന്തുടരുകയില്ലെന്നും സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. ബുധനാഴ്ച ബെര്‍ലിന്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പ്രഖ്യാപിച്ചത്.

മുന്‍ വ്യവസ്ഥ പ്രകാരമുള്ള അന്താരാഷ്ട്ര കരാറുകളുടെ അടിസ്ഥാനത്തില്‍ പലസ്തീനികള്‍ക്കും സമാധാനം കൈവരിക്കണം. ഒരിക്കല്‍ അത് നേടിക്കാഴിഞ്ഞാല്‍ എല്ലാം സാധ്യമാണ്- പ്രിന്‍സ് ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

യു.എ.ഇ-ഇസ്രായേലുമായുണ്ടാക്കിയ നയതന്ത്ര കരാറിനെക്കുറിച്ചുള്ള സൗദിയുടെ നിശബ്ദതക്കും സമാനമായ കരാര്‍ സൗദിയും പ്രഖ്യാപിക്കണമെന്നുമുള്ള യു.എസിന്റെ സമ്മര്‍ദ്ദത്തിനും പിന്നാലെയാണ് വിഷയത്തില്‍ സൗദി നിലപാട് വ്യക്തമാക്കിയത്. ആഗസ്റ്റ് 13നാണ് അമേരിക്കയുടെ മധ്യസ്ഥതയില്‍ യു.എ.ഇ ഇസ്രായേലുമായി നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. ഇതിനു പിന്നാലെ സൗദി അറേബ്യയുള്‍പ്പെടെ മറ്റ് അറബ് രാജ്യങ്ങളുമായി സമാനമായ ഇടപാടുകള്‍ക്ക് സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലും അമേരിക്കയും രംഗത്തു വന്നിരുന്നു.

Related Articles